- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് എം ലിജു; രാജിക്ക് തയ്യാറെന്ന് അറിയിച്ച് ഇബ്രാഹിംകുട്ടി കല്ലാറും സതീശൻ പാച്ചേനിയും; സംഘടനാപരമായ വീഴ്ചകൾ കണ്ടറിഞ്ഞു തിരുത്തണമെന്ന് പി ടി തോമസ്; നേതൃമാറ്റം ആവശ്യമുണ്ടെങ്കിൽ സംഘടന ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും കോൺഗ്രസ് നേതാവ്; തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജു അധ്യക്ഷ സ്ഥാനം രാജിവെച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇടുക്കിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയ്യാറാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പറഞ്ഞു. കോൺഗ്രസിൽ അഴിച്ചു പണി വേണമെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.
അതേസമയം കണ്ണൂരിലെ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി. കണ്ണൂർ തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ചിരുന്നുവെന്നും യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പോലും വിചാരിച്ച ഭൂരിപക്ഷം ഉണ്ടായില്ലെന്നും സതീശൻ പാച്ചേനി വിലയിരുത്തി. കോൺഗ്രസ് അടിത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങളും സതീശൻ പാച്ചേനി മുന്നോട്ട് വെച്ചു. കൂത്തുപറമ്പും അഴീക്കോടും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. പരാജയഭാരം നേതൃത്വത്തിന് ഉണ്ട്. അനിവാര്യമായ മാറ്റം കണ്ണൂരിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. കണ്ണൂരിലെ സ്വാധീനമേഖലകളിൽ വോട്ട് നഷ്ടപ്പെട്ടു. പാർട്ടിക്കുള്ളിൽ നിന്ന് തോൽപ്പിക്കാൻ ശ്രമമുണ്ടായോ എന്ന് പരിശോധിക്കും. സംസ്ഥാന തലം മുതൽ അഴിച്ചുപണി വേണം. ഡിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാർ. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്.' രാജി സന്നദ്ധത അറിയിച്ച് സതീശൻ പാച്ചേനി പറഞ്ഞു. ബിജെപി വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചുവെന്നാരോപിച്ച് പാച്ചേനി ബൂത്ത് തലത്തിൽ പരിശോധന നടത്തി കാര്യങ്ങൾ നടത്തുമെന്നും പറഞ്ഞു.
'ബിജെപിയുടെ ഒരു വിഭാഗം ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് മറിച്ചു. അടിത്തട്ടിലെ പ്രവർത്തനം കേഡർ സംവിധാനത്തിലേക്ക മാറണം. ഇതുകൊണ്ടൊന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിക്കുന്നില്ല.ഠ സതീശൻ പാച്ചേനി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം തവണയും മത്സരിക്കുന്ന പാച്ചേനി ഇത്തവണ വലിയ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാൽ 1660 വോട്ടിനാണ് പാച്ചേനി മണ്ഡലത്തിൽ കടന്നപ്പള്ളിക്കെതിരെ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 1196 വോട്ടിനും.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലീഡ് ചെയ്ത പാച്ചേനി പിന്നെപ്പിന്നെ പിറകോട്ട് പോവുകയായിരുന്നു. മുണ്ടേരി പഞ്ചായത്തിൽ തുടക്കത്തിൽ ലീഡ് നേടിയ അദ്ദേഹം ചേലോറയെത്തുമ്പോൾ കടന്നപ്പള്ളി കയറി. പിന്നെ എടക്കാട്, എളയാവൂർ ഡിവിഷനിലെല്ലാം കടന്നപ്പള്ളിയുടെ ഭൂരിപക്ഷം അയ്യായിരത്തോളമായി. അതേ സമയം, കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നല്ല ഭൂരിപക്ഷം പിടിക്കാമെന്ന ആലോചനയും ഫലം കണ്ടില്ല.
അതേസമയം പിണറായിയുടെ പി ആർ വർക്ക് ഫലംകണ്ടുവെന്ന് പി ടി തോമസ് പ്രതികരിച്ചു. വലിയ തോതിലുള്ള വർഗീയ പ്രീണനം കേരളത്തിൽ നടന്നു. കോൺഗ്രസിന്റെ സംഘടനാ ശക്തി പരമാവധി കാര്യങ്ങൾ ചെയ്തു. യു ഡി എഫ് ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും പിടി തോമസ് പറഞ്ഞു. പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്ച വെച്ചു.സംഘടനാപരമായ വീഴ്ചകൾ കണ്ടറിഞ്ഞു തിരുത്തണം. നേതൃമാറ്റം ആവശ്യമുണ്ടെങ്കിൽ സംഘടന ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും പിടി തോമസ്. ട്വന്റി ട്വന്റി പിണറായിയുടെ ബി ടീമാണെന്നും പി ടി തോമസ് ആരോപിച്ചു.
യു ഡി എഫിനെ അട്ടിമറിക്കാനാണ് കിഴക്കമ്പലം കമ്പനിയെ പിണറായി രംഗത്തിറക്കിയത്. മലിനീകരണത്തിന് കാരണമായ കിഴക്കമ്പലം കമ്പനിയെ പൂട്ടിയില്ലെങ്കിൽ എൻഡോസൾഫാന് സമാന ദുരന്തമുണ്ടാകും. കുന്നത്തുനാട്ടിലെ വോട്ട് സിപിഐ എമ്മിന് ചോർത്തി കൊടുത്തുവെന്നും പിടി തോമസ്.
മറുനാടന് മലയാളി ബ്യൂറോ