കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ് വിവാദം മറച്ചു വെക്കാൻ വേണ്ടിയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡണ്ട് എം.എം. ഹസ്സൻ. ഷുഹൈബിന്റെ കൊലയാളികളെ പിടികൂടാനും കൊലപാതകം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി. രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരൻ നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹസ്സൻ. ഭീകര പ്രസ്ഥാനത്തെ പോലെ ബോംബും ആയുധങ്ങളും ശേഖരിച്ച് ചാവേറുകളെ കൊലപ്പെടുത്തുന്ന പാർട്ടിയായി സിപിഐ.(എം). അധ:പതിച്ചിരിക്കയാണ്. ഇത് തടയാൻ മുഖ്യമന്ത്രിക്കോ പൊലീസിനൊ കഴിയുന്നില്ല.

റഷ്യയിലെ സ്റ്റാലിനിസ്റ്റുകളെ പോലെ കുലം കുത്തികളെ കൊലപ്പെടുത്തുന്ന പാരമ്പര്യത്തിന്റെ മഴുവുമായി എതിരാളികളെ കൊന്നൊടുക്കാൻ ഇറങ്ങിതിരിച്ചിരിക്കയാണ് സിപിഐ.(എം). സംഭവത്തെ മുഖ്യമന്ത്രി എത്രമാത്രം അപലപിച്ചാലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആത്മാർത്ഥതയുടെ കണിക പോലുമില്ല. അറസ്റ്റ് ചെയ്തവരിൽ മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവരുണ്ട്. കൊല നടന്നിട്ട് ഏറെ വൈകിയുള്ള മുഖ്യമന്ത്രിയുടെ ദുഃഖം ജനങ്ങളെ കബളിപ്പിക്കലാണ്.

വീണ്ടുമൊരു കൊലപാതകം നടത്താൻ ധൈര്യമുണ്ടാകാത്ത വിധം കൊലക്ക് പ്രേരണ നൽകിയവരെക്കൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുന്നതിനാണ് കോൺഗ്രസ്സ് സമരം നടത്തുന്നത്. അതു വരെ തങ്ങൾക്ക് വിശ്രമമില്ലെന്നും ഹസ്സൻ പറഞ്ഞു. കൊലപാതകത്തിൽ യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഇതിലെ ഗൂഢാലോചന കൂടി അന്വേഷിക്കാൻ തയ്യാറാവണമെന്നും ഹസ്സൻ പറഞ്ഞു.

അതേ സമയം യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ഘാതകരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ.(എം). ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കെ.സുധാകരൻ തുറന്ന കത്തയച്ചു. ഭരണ ഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയപ്പെട്ടിരിക്കയാണെന്ന് സുധാകരൻ കത്തിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയായിട്ടും പാർട്ടി സെക്രട്ടറി എന്ന നിലിയിലാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല.

ലോകമെമ്പാടും നടക്കുന്ന മനുഷ്യ കുരുതിയെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പ്രസംഗിക്കുന്ന സിപിഐ.(എം). നേതൃത്വം കേരളത്തിലെ നരനായാട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ സിപിഐ.(എം). ഏതാനും ക്രിമിനലുകളുടെ കയ്യിലാണ്. ഫാസിസത്തിനെതിരെ പോരാട്ടം ശക്തമാക്കേണ്ട കാലഘട്ടത്തിൽ ന്യൂന പക്ഷ വിഭാഗത്തിൽ പെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്.

കൊല്ലും കൊലയും മാത്രം പ്രവർത്തന ശൈലിയായി സ്വീകരിച്ച കണ്ണൂർ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളേയും പ്രവർത്തകരേയും നിലക്കു നിർത്താൻ ദേശീയ നേതൃത്വം തയ്യാറാകണമെന്നും സുധാകരൻ കത്തിലൂടെ ആവശ്യപ്പെട്ടു. കലക്ട്രേറ്റിനു മുന്നിൽ സുധാകരൻ ഉപവാസമനുഷ്ഠിക്കുന്ന സത്യാഗ്രഹ പന്തലിൽ യു.ഡി.എഫ് നേതാക്കളായ കെ.സി. ജോസഫ് എംഎ‍ൽഎ, കെ.എം. ഷാജി എംഎൽഎ, വി.കെ. അബ്ദുൾ ഖാദർ മൗലവി എന്നിവരും എത്തിയിരുന്നു.