കോഴിക്കോട്: എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ നൽകിയ തീരുമാനം തിരുത്തില്ലെന്ന് ആവർത്തിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. എലത്തൂരിൽ സുൽഫിക്കർ മയൂരി തന്നെ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു. മാണി സി കാപ്പനെ ഘടകകക്ഷിയാക്കിയപ്പോൾ യുഡിഫ് നൽകിയ ഉറപ്പുകളിലൊന്നാണ് എലത്തൂർ സീറ്റ്. ഇത് വിട്ടുനൽകാൻ എൻസികെ തയ്യാറാവാത്ത പശ്ചാത്തലത്തിൽ മാണി സി കാപ്പൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥി തന്നെയാവും യുഡിഎഫിന്റം സ്ഥാനാർത്ഥിയെന്നും ഹസ്സൻ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

'എലത്തൂർ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യം പ്രവർത്തകർ നേതൃത്വത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് മാണി സി കാപ്പനെ ഘടകകക്ഷിയായി തീരുമാനിച്ചപ്പോൾ അവർ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടത്. രണ്ട് സീറ്റുകൾ കൊടുക്കാമെന്ന് സമ്മതിച്ചു. പാലായും എലത്തൂരുമാണ് കാപ്പന് അനുവദിച്ചത്. ആ സാഹചര്യത്തിൽ അവിടുത്തെ കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം നേതൃത്വത്തെ അറിയച്ചതിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് കെവി തോമസ് അവിടെ നേരിട്ടുപോയി ചർച്ച ചെയ്തത്. മാണി സി കാപ്പന്റെ പാർട്ടിക്ക് നൽകിയ അവർ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ അവർക്ക് തന്നെ നൽകണം എന്നാണ് യുഡിഎഫ് തീരുമാനം', എംഎം ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രവർത്തകരുടെ വികാരം മാനിച്ച് ഭാവിയിൽ വരും തെരഞ്ഞെടുപ്പുകളിൽ ഈ ആവശ്യം പരിഗണിക്കും. എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് യുഡിഎഫ് നേതൃത്വത്തിന്റെ ഉറപ്പ് താൻ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിൽ എടുത്ത തീരുമാനം പുനപരിശോധിക്കാൻ യുഡിഎഫിന് കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തകരും നേതാക്കളും സഹകരിക്കണം. നാമനിർദ്ദേശ പത്രിക നൽകിയ മറ്റ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കണമെന്നും എൻസികെയുടെ സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.

എന്നാൽ, വിഷയത്തിൽ എംകെ രാഘവൻ അടക്കമുള്ള കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കൾ ഈ വാർത്ത പ്രസിദ്ധീകരിച്ചതു വരെ പ്രതികരിച്ചിട്ടില്ല. പത്രിക പിൻവലിക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ കെപിസിസി എക്‌സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണി രംഗത്തെത്തി. വരുംവരായ്ക നേതാക്കൾ ആലോചിക്കണമെന്ന് ദിനേശ് മണി മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.കെയോടോ സുൽഫിക്കർ മയൂരിയോടോ എതിർപ്പില്ല. കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്ന് ജനങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് എം.കെ. രാഘവൻ എംപി ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ. രാഘവന് മറ്റ് താൽപര്യമില്ലെന്നും ദിനേശ് മണി വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ രാജീവൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് അംഗീകരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്ന സാഹചര്യം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പാർട്ടിയുടെ വികാരമാണ് പ്രവർത്തകരുടെ പ്രതികരണത്തിലൂടെ വ്യക്തമായതെന്ന് കെപിസിസി നേതൃത്വത്തിന് മനസിലായിട്ടുണ്ടെന്നും രാജീവൻ മാധ്യമങ്ങളോട് പറഞ്ഞു.

മാണി സി കാപ്പനും സുൽഫിക്കർ മയൂരിയും വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതായതോടെയാണ് എലത്തൂരിലെ തർക്കങ്ങൾ കൊടുമ്പിരികൊണ്ടത്. തർക്കം കടുത്തപ്പോൾ എൻസികെയെ പ്രതിരോധിക്കാൻ രണ്ടുപേരാണ് യുഡിഎഫ് ക്യാമ്പിൽനിന്നുതന്നെ നാമനിർദ്ദേശ പത്രിക നൽകിയത്. കോൺഗ്രസ് പ്രാദേശിക നേതാവും കെപിസിസി മുൻ അംഗവുമായ ദിനേശ് മണിയാണ് ഒരു സ്ഥാനാർത്ഥി. പത്രിക പിൻവലിക്കണമെന്ന് എംഎം ഹസ്സൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദിനേശ് മണി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമാവും ദിനേശ് മണി തീരുമാനത്തിലേക്ക് കടക്കുക. എൻജെഡിയുടെ ഷനിൽ റാഷിയാണ് രണ്ടാമത്തെ സ്ഥാനാർത്ഥി. ഷനിലും അന്തിമതീരുമാനം അറിയിച്ചിട്ടില്ല.