- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളായി എന്നോട് അകൽച്ചയിലാണ് മകൾ ആശ; കഴിഞ്ഞ ദിവസം അടുത്തെത്തി എടുത്ത ചിത്രങ്ങൾ ഉപയോഗിച്ചു ദുഷ്പ്രചാരണ വേലകൾ നടത്തുന്നു; സംഘപരിവാറിനൊപ്പം നിൽക്കുന്ന ആശയുടെ ദുഷ്പ്രചരണങ്ങളെ അവജ്ഞയോടെ തള്ളണം; മകൾ തന്റെ ക്ഷീണാവസ്ഥയേയും മുതലാക്കിയെന്ന് എംഎം ലോറൻസ്
തിരുവനന്തപുരം: മകൾ ആശക്കെതിരെ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. ഓക്സിജൻ ലെവൽ കുറഞ്ഞ് ആശുപത്രിയിൽ കഴിയുന്ന തന്റെ ക്ഷീണാവസ്ഥയെപ്പോലും മകൾ ആശ സിപിഐഎമ്മിനെതിരായ ദുഷ്പ്രചരണത്തിനായി മുതലെടുത്തെന്ന് മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലോറൻസ് മകൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
താൻ ആശുപത്രിയിൽ കിടക്കുന്ന ചിത്രം അനുവാദമില്ലാതെ എടുത്തതാണെന്നും അതുപയോഗിച്ച് ആശ സംഘപരിവാറിനൊപ്പം നിന്ന് സിപിഐഎമ്മിനെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്നും എംഎം ലോറൻസ് പറഞ്ഞു. തന്റെ മകൾ എന്ന ലേബൽ ഉപയോഗിച്ച് സിഎൻ മോഹനൻ, അജയ് തറയിൽ എന്നിവരെ ആക്ഷേപിക്കാൻ ആശ ശ്രമിക്കുന്നുണ്ടെന്നും രോഗാവസ്ഥയിൽ തനിക്കൊപ്പം നിൽക്കുന്നവരെക്കുറിച്ച് മകൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ദുഷ്പ്രചരണം നടത്തുകയാണെന്നും ലോറൻസ് കൂട്ടിച്ചേർത്തു.
അച്ഛൻ ആശുപത്രിയിൽ അസുഖബാധിതനായി കിടക്കുന്ന നേരത്ത് നോക്കാൻ പാർട്ടിയോ അദ്ദേഹത്തിന്റെ ആൺമക്കളോ തയ്യാറായില്ലെന്ന് എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ് കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് എംഎം ലോറൻസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആശയുടെ മകൻ ശബരിമല പ്രക്ഷോഭങ്ങളുടെ കാലത്ത് സംഘപരിവാർ വേദിയിലെത്തിയത് ഏറെ ചർച്ചയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്നും ലോറൻസ് അഭ്യർത്ഥിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എംഎം ലോറസൻസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.
4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.
എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.
എം.എം.ലോറൻസിനെ വാർദ്ധക്യ കാലത്ത് പരിചരിക്കാൻ സിപിഎം നേതാക്കൾ അനുവദിക്കുന്നില്ലെന്ന് മകൾ ആശ ലോറൻസ് നേരത്തെ പരാതിയുമായി രംഗത്തുവന്നിരുന്നു. സുഖമില്ലാതെ എറണാകുളം ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ആശുപത്രിയിൽ കഴിയുന്ന ലോറൻസിനെ ഇതുവരെ നോക്കിയിരുന്ന ബന്ധു ഉപേക്ഷിച്ചുവെന്നാണ് ആശ ലോറൻസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുകയുണ്ടായി. പാർട്ടി ജില്ല സെക്രട്ടറിയായ സിഎൻ മോഹനൻ തന്നെയും മകനെയും ഭീഷണിപ്പെടുത്തി. 'അപ്പനെ ഞങ്ങൾ നോക്കികോളാം എന്ന് പറഞ്ഞപ്പോൾ എന്നോട് ദേഷ്യത്തോടെ 'ലോറൻസിന്റെ ആൺമക്കൾ ഉണ്ട് ഇല്ലെങ്കിൽ പാർട്ടി ഉണ്ട് നോക്കാൻ' എന്ന് ആണ് സിഎൻ മോഹനൻ പറഞ്ഞതെന്നും ആശ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ആൺമക്കളുടെ നോട്ടം പറ്റാതെ ആണല്ലോ ബന്ധുവീട്ടിൽ പോകേണ്ടി വന്നത് എന്ന് പറഞ്ഞപ്പോൾ മറുപടി ഇല്ല. അപ്പന്റെയും ഡോക്ടർമാരുടെയും സാന്നിധ്യത്തിൽ ഞാൻ പറഞ്ഞു പാർട്ടി നോക്കിക്കോ പക്ഷേ വല്ലവന്റെയും വീട്ടിൽ അപ്പൻ പോയി നിൽക്കാനും ഒഴിവാക്കപ്പെടാനും സാഹചര്യം ഇനി ഉണ്ടാവരുതെന്ന്.'. ഭരണം വീണ്ടും കിട്ടിയപ്പോൾ സഖാക്കളുടെ തനിനിറം ധാർഷ്ട്യം ഭീഷണിപ്പെടുത്തൽ തുടങ്ങി കഴിഞ്ഞുവെന്നും ആശ ലോറൻസ് കുറിച്ചു
പാർട്ടി സെക്രട്ടറി വീണ്ടും തന്നെ ഭീഷണി പെടുത്താൻ ശ്രമിച്ചപ്പോൾ ' ഭീഷണി ഒന്നും വേണ്ട അതൊക്കെ പാർട്ടിയിലും സ്വന്തം കുടുംബത്തിലും മതി' എന്ന് താൻ മറുപടി പറഞ്ഞതായും ആശ ലോറൻസ് കുറിക്കുന്നു. വേറൊരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങളാണ് എന്നൊക്കെ പറഞ്ഞു തങ്ങളെ അപമാനിച്ച് വേദനിപ്പിച്ചുവെന്നും അവർ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എ.വിജയരാഘവനും നിയുക്ത മന്ത്രി കെ രാധക്യഷ്ണനും കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജനും എം.എം.ലോറൻസിന്റെ വിവരങ്ങൾ നേരിട്ട് അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യണമെന്നാണ് ആശ ലോറൻസ് കുറിപ്പിൽ ആവശ്യപ്പെടുന്നത്. എംഎം ലോറൻസിന്റെ എല്ലാ കാര്യങ്ങളും സിപിഎം പാർട്ടി ഏറ്റെടുത്ത് നോക്കുക അല്ലെങ്കിൽ അപ്പച്ചൻ എംഎം ലോറൻസിന്റെ ന്റെ കാര്യം ആൺമക്കൾ നോക്കുക ഒരു കുറവും വരുത്താതെ- ആശ ലോറൻസ് കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ.
എം.എം ലോറൻസ് ഇനിയൊരു കമ്മ്യൂണിസ്റ്റുകാരനാവേണ്ടെന്നും പാർട്ടി അദ്ദേഹത്തെ അത്രത്തോളം പീഡിപ്പിച്ചിട്ടുണ്ടെന്നും ആശ ലോറൻസ് നേരത്തെ ആരോപിച്ചിരുന്നു. തന്റെ മകൻ മിലൻ ആർഎസ്എസ് പ്രവർത്തകനായതുമായി ബന്ധപ്പെട്ട വിവാദസമയത്താണ് അവർ ഇങ്ങനെ പറഞ്ഞത്. പാർട്ടിയുമായി നിരന്തരം കലഹത്തിലാണ് ആശ ലോറൻസ്.
മറുനാടന് ഡെസ്ക്