- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി; മുല്ലപ്പെരിയാറിന് ബലമുണ്ടെന്ന് ആരുപറഞ്ഞാലും വിഡ്ഢിത്തെന്ന് പറഞ്ഞത് തുറന്നടിച്ചു എം എം മണിയും; അണക്കെട്ട് ഇനിയും നിലനിർത്തുന്നത് ഭാഗ്യപരീക്ഷണമെന്ന് മുൻ മന്ത്രി; അണക്കെട്ടിനെ ചൊല്ലി സിപിഎമ്മിലും ഭിന്നസ്വരം
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന് ബലമുണ്ടെന്ന് ആരു പറഞ്ഞാലും വിഡ്ഢിത്തമെന്ന് മുൻ മന്ത്രി എം എം മണി. നിയമസഭയിൽ തന്നെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ ഒരു കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ തന്നെയാണ് മുൻ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആ അണക്കെട്ട് ഇനിയും നിലനിർത്തുന്നത് ഭാഗ്യപരീക്ഷണമാണെന്നും എംഎ മണി തുറന്നടിച്ചു
മുല്ലപ്പെരിയാറിന് ആപത്തുണ്ടായാൽ കേരളത്തിലുള്ളവർ വെള്ളംകുടിച്ചും തമിഴ്നാട്ടുകാർ വെള്ളംകുടിക്കാതെയും ചാകും. 50 വർഷമാണ് അണക്കെട്ടിന് ഗാരന്റി. ഇപ്പോൾ 139 വർഷം കഴിഞ്ഞു. ഇനിയും ഇത് നോക്കിയിരിക്കുന്നതിനുപകരം കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ക്രിയാത്മക നിലപാടെടുത്ത് പ്രശ്നം പരിഹരിക്കണം. തമിഴ്നാടിന് വെള്ളംവേണം. നമുക്ക് പുതിയ അണക്കെട്ടും. ഇപ്പോൾ മരംമുറിക്കാൻ ഉത്തരവിട്ടതിനെക്കുറിച്ചാണ് പുതിയ വിവാദം. അതിന് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇതൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. പുതിയ കാര്യങ്ങളല്ല. പുതിയകാര്യം പുതിയ അണക്കെട്ട് ഉണ്ടാക്കുകയെന്നതാണ്. ഈ സമീപനത്തോടെയാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതെന്നും മണി പറഞ്ഞു.
നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇത്തരത്തിൽ ഭീതി പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ തമിഴ്നാടുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ചർച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.ആ വേളയിലാണ് മുഖ്യമന്ത്രി അണക്കെട്ടിന് കുഴപ്പമില്ലെന്ന് ആവർത്തിച്ചത്.
അതേസമയം 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന ഭീഷണി മറികടക്കാൻ ശാശ്വതപരിഹാരം പുതിയ അണക്കെട്ട് നിർമ്മിക്കലാണെന്ന് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ലക്ഷക്കണക്കിനാളുകളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട് അനിവാര്യമാണ്. കേരള, തമിഴ്നാട് എൻജിനിയർമാർ അംഗങ്ങളായ വിദഗ്ധസമിതി പുതിയ അണക്കെട്ടിന്റെ ആവശ്യകത 1979ൽ തന്നെ ചൂണ്ടിക്കാട്ടി.
കേന്ദ്ര ജലവിഭവമന്ത്രിയും കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗങ്ങളിൽ പുതിയ അണക്കെട്ടിന്റെ കാര്യം കേരളം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, തമിഴ്നാട് അംഗീകരിച്ചില്ല. പുതിയ അണക്കെട്ടെന്ന ആശയം ഉന്നതാധികാരസമിതിയും സുപ്രീംകോടതിയും ശരിവച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താൻ പരിസ്ഥിതി മന്ത്രാലയം 2018 നവംബറിൽ അനുമതി നൽകി. പഠനം പുരോഗമിക്കുന്നു.
അണക്കെട്ട് അറ്റകുറ്റപ്പണികളിലൂടെ എക്കാലവും നിലനിർത്താനാകില്ല. വിവിധ രാജ്യങ്ങൾ പഴയ അണക്കെട്ടുകൾ ഡീകമീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമ്മിക്കുന്നു. ഓസ്ട്രേലിയയിൽ 1891ൽ നിർമ്മിച്ച ഓൾഡ് വിക്ടോറിയാ അണക്കെട്ട് 1989ൽ ഉപേക്ഷിച്ച് പുതിയത് നിർമ്മിച്ചു. 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിലും ഇതേ നടപടി വേണമെന്നും സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഡിസംബറിൽ മുഖ്യമന്ത്രിതല ചർച്ച
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതുൾപ്പെടെയുള്ള വിഷയത്തിൽ ഡിസംബറിൽ തമിഴ്നാടുമായി മുഖ്യമന്ത്രിതല ചർച്ച നടത്തും. പുതിയ അണക്കെട്ട് വിഷയം വിവിധ തലങ്ങളിൽ പരിഗണിച്ചെങ്കിലും സമവായത്തിലെത്തിയില്ല. ഇതിനാലാണ് ചർച്ച. പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണ്. പഠനത്തിന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി ഡിസംബർ 20 വരെയാണ്. ഇതിനായി കരാർ എടുത്തിട്ടുള്ളവർ അടിസ്ഥാന വിവരശേഖരണം പൂർത്തിയാക്കി. റിപ്പോർട്ടിന്റെ കരട് ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന തമിഴ്നാടിന്റെ റൂൾകർവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇടുക്കി, ഇടമലയാർ, കക്കി അണക്കെട്ടുകളിൽ പരമാവധി ജലനിരപ്പിൽ ജലം സംഭരിക്കുന്നത് വർഷത്തിൽ ഒരുതവണ മാത്രം. എന്നാൽ, മുല്ലപ്പെരിയാറിൽ സെപ്റ്റംബർ 20നും നവംബർ 30നും രണ്ട് തവണ ജലനിരപ്പ് 142 അടിയാക്കാവുന്ന റൂൾകർവാണ് തമിഴ്നാട് തയ്യാറാക്കിയത്. കേരളത്തിൽ കനത്ത മഴയുള്ള അവസരങ്ങളിൽ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയിലും മഴലഭ്യതയിലും കാര്യമായ മാറ്റമുണ്ട്. 2017 നവംബർ 30ന് ഒറ്റ ദിവസത്തിൽ ജലനിരപ്പ് 6.2 അടി വർധിച്ചു. 2018ൽ 21 മണിക്കൂറിൽ 3.9 അടിയും 2019ൽ ഒറ്റദിവസം 7.2 അടിയും വർധിച്ചു. ഇത് വലിയ വെല്ലുവിളിയാണ്. ഇടുക്കി അണക്കെട്ടിലും അത് കടുത്ത പ്രതിസന്ധി ഉണ്ടാക്കും. വടക്കുകിഴക്കൻ കാലവർഷം ഡിസംബർവരെ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ റൂൾകർവിൽ പറയുന്നതുപോലെ നവംബർ 30ന് അപ്പർറൂൾലെവൽ 140 അടിയായി തീരുമാനിക്കണം. കേന്ദ്രജലകമീഷൻ മാർഗനിർദേശപ്രകാരം പുതിയ ഇൻസ്ട്രുമെന്റേഷൻ പദ്ധതി നടപ്പാക്കാൻ തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ