- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണുങ്ങൾ ഇരിക്കേണ്ടടുത്തത് ആണുങ്ങൾ ഇരുന്നില്ലെങ്കിൽ അവിടെ വേറെ വല്ലവരും കയറി ഇരിക്കും; ഉദ്യോഗസ്ഥരെ നിലക്കു നിർത്തിയില്ലെങ്കിൽ ഗുരുതരമായിരിക്കും പ്രശ്‌നങ്ങൾ; മന്ത്രി ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്; വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടിയോട് കലിപ്പു തീരാതെ എം എം മണി; നിയമസഭാ പ്രസംഗത്തിൽ വിമർശനം
തിരുവനനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി അശോകിന്റെ വിമർശനങ്ങളിൽ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി എംഎം മണി. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെയും മണി ഇന്ന് നിയമസഭയിൽ വിമർശനവുമായി രംഗത്തുവന്നത്. ഇടതു സർക്കാറിന്റെ കാലത്ത് വൈദ്യുതി ബോർഡ് ഭൂമി പതിച്ചു നൽകിയ വിഷയത്തിലാണ് വിമർശനവുമായി മണി രംഗത്തുവന്നത്. ഇന്ന് നിയമസഭയിൽ സംസാരിക്കവേ മണി കെ കൃഷ്ണൻകുട്ടിക്കെതിരെ വിമർശനവുമായി രംഗത്തുവരികയായിരുന്നു.
ആണുങ്ങൾ ഇരിക്കേണ്ടടുത്തത് ആണുങ്ങൾ ഇരുന്നില്ലെങ്കിൽ അവിടെ വേറെ വല്ലവരും കയറി ഇരിക്കുമെന്ന് എം എം മണി പറഞ്ഞു. ഉദ്യോഗസ്ഥരെ നിർത്തേണ്ടിടത്ത് നിർത്തണം. അല്ലെങ്കിൽ ഗുരുതരമായിരിക്കും പ്രശ്‌നങ്ങൾ. താൻ നാലര വർഷമാണ് മന്ത്രിയായത്. അക്കാലത്തെ എല്ലാവരെയും യോജിപ്പിച്ചാണ് പ്രവർത്തിച്ചിരിക്കുന്നതെന്നും മണി പറഞ്ഞു. വൈദ്യുതി ബോർഡ് ചെയർമാൻ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് മന്ത്രി പറയുന്നത്. അതു നന്നായി. മന്ത്രി അറിഞ്ഞു കൊണ്ട് ആണെങ്കിൽ പരിതാപകരമായി പോയി എന്നേ പറയാനുള്ളൂ എന്നും തനിക്കെതിരെ ഉയർന്ന ആരോപണണങ്ങൾ നിഷേധിച്ചു കൊണ്ട് മണി പറഞ്ഞത്.
ഇടതു സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിനെ നല്ല നിലയിൽ പ്രവർത്തിപ്പിച്ചു. അതേസമയം യുഡിഎഫ് സർക്കാരിന്റെ കാലത്ത് പലർക്കും ഭൂമി പതിച്ച് നൽകിയെന്നും എം എം മണി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പലർക്കും ഭൂമി പതിച്ച് നൽകിയിട്ടുണ്ടെന്നും ,ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് സഹകരണ സംഘത്തിന് ഭൂമി നൽകിയതെന്നും എം എം മണി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന എല്ലക്കൽ സഹകരണ ബാങ്കിനും ഭൂമി നൽകിയിട്ടുണ്ടെന്നും മണി വെളിപ്പെടുത്തി. മന്ത്രി അറിഞ്ഞ് കൊണ്ട് ആണെങ്കിൽ വലിയ പരിതാപകരം ഇതെല്ലാം എന്ന് എംഎം മണി കുറ്റപ്പെടുത്തി.
സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവാദ നായികയാണെന്നും. മഹാത്മാ ഗാന്ധിയുടെ കൂടെ ദേശീയ പ്രസ്ഥാനത്തിൽ ജയിലിൽ കിടന്ന ആളെ പോലെയാണ് സ്വപ്നയെ പ്രതിപക്ഷം കരുതുന്നതെന്നും എംഎം മണി തുറന്നടിച്ചു. സമ്പൂർണ്ണ വൈദ്യുതീകരണം അടക്കമുള്ള കാര്യങ്ങൾ നടന്നത് തന്റെ കാലത്താണ്. ജീവനക്കാരുടെ വിശ്വാസം ആർജ്ജിച്ചു കൊണ്ടാണ് മുന്നോട്ടു പോയത്. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം ആർജ്ജിക്കാൻ സർക്കാറിന് സാധിച്ചു. കെ എസ്ഇബി ചെയർമാൻ ഫേസ്‌ബുക്കിൽ എഴുതിയത് പിൻവലിച്ചു എന്നാണ് പറയുന്നത്. മോശം പണി കാണിച്ച് അത് പിൻവലിച്ചിട്ട് കാര്യമുണ്ടോയെന്നും മണി ചോദിച്ചു.
എന്റെ മരുമകന്റെ പേരു പററഞ്ഞത് അടക്കം അപവാദം നടത്തുകയാണെന്നും മണ പറഞ്ഞു. മരുമകൻ പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണ ബാങ്കിനു ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോർഡിന്റെ ഭൂമി അനുവദിച്ചത് അന്നു വകുപ്പുമന്ത്രിയായിരുന്ന എം.എം.മണിയുടെ അറിവോടെ ആയിരുന്നു എന്നായിരുന്നു ആരോപണങ്ങൾ. പൊന്മുടി അണക്കെട്ടു പ്രദേശത്തെ 21 ഏക്കർ ടൂറിസം പദ്ധതിക്കായി അനുവദിക്കണമെന്നാണു മണിയുടെ മരുമകൻ വി.എ.കുഞ്ഞുമോൻ പ്രസിഡന്റായ രാജാക്കാട് സർവീസ് സഹകരണ ബാങ്ക്, കേരള ഹൈഡൽ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നൽകിയത്.
മണിയുടെ മരുമകൻ വി.എ.കുഞ്ഞുമോൻ പ്രസിഡന്റായ രാജാക്കാട് സർവീസ് സഹകരണ ബാങ്ക്, കേരള ഹൈഡൽ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നൽകിയത്. മന്ത്രി മണി 2019 ഫെബ്രുവരി 6 നു വിളിച്ചുചേർത്ത ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗം ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചതായി വൈദ്യുതി ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 28നു ബോർഡിന്റെ മുഴുവൻ സമയ ഡയറക്ടർമാർ യോഗം ചേർന്നാണു 15 വർഷത്തേക്കു ഭൂമി അനുവദിച്ചത്. രാജാക്കാട് സഹകരണ ബാങ്കും കെഎച്ച്ടിസിയും വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. 80% ബാങ്കിനും 20% കെഎച്ച്ടിസിക്കും. ഇതിൽ 15% ബോർഡിനു നൽകണം. ഭൂമിയുടെ ഉടമസ്ഥാവകാശം ബോർഡിൽ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ബോർഡിന്റെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ടൂറിസം വികസനത്തിനായി സൊസൈറ്റികൾക്കു സ്ഥലം വിട്ടുനൽകിയെന്ന ചെയർമാൻ ബി.അശോകിന്റെ വാദം തെറ്റാണെന്ന് ഇതു വ്യക്തമാക്കുന്നു. ബോർഡിന്റെ ഭാഗമായ കെഎച്ച്ടിസിക്കു ടൂറിസം പദ്ധതികൾക്കായി അനുമതി നൽകിയതു ബോർഡിന്റെ അനുമതിയോടെയാണ്. ഇതിനായി കർശന നിബന്ധനകൾ വച്ചിരുന്നതായും ഉത്തരവിൽ ഉണ്ട്. കെഎച്ച്ടിസി ആണ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കു നിബന്ധനകൾക്കു വിധേയമായി അനുമതി നൽകിയത്. ഈ ആരോപണങ്ങളെല്ലം നിഷേധിക്കുകയാണ് മണി ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ