- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാണി സി കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്, പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചത്; തോറ്റപ്പോഴൊക്കെ സിനിമാക്കാർക്ക് പുറകെ പോയി; കാപ്പൻ പോയതുകൊണ്ട് ഇടതു മുന്നണിക്ക് ഒന്നും സംഭവിക്കില്ല; മാണി സി കാപ്പനെ തള്ളി പാലാ സീറ്റ് ജോസ് കെ മാണിക്ക് ഉറപ്പിച്ചു എം എം മണി
തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം എൻസിപിയുടെ മുന്നണി മാറ്റത്തിലേക്ക് നയിക്കുന്ന ഘട്ടമാണുള്ളത്. ഈ സാഹചര്യത്തിൽ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി രംഗത്തെത്തി. മാണി സി കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവാണെന്ന് മണി കുറ്റപ്പെടുത്തി. സപിഐഎം നേതാക്കൾ കാപ്പനെ കഷ്ടപ്പെട്ടാണ് പാലായിൽ ജയിപ്പിച്ചതെന്നും എംഎം മണി പറഞ്ഞു.
'ജനപിന്തുണ ഇല്ലാത്ത നേതാവാണ് മാണി സി കാപ്പൻ. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയായിരുന്നു. സിപിഐഎം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ പാലായിൽ ജയിപ്പിച്ചത്. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല', എംഎം മണി പറഞ്ഞു. പാലാ സീറ്റ് ജോസ് കെ മാണിക്ക് ഉറപ്പിക്കുന്ന വിധത്തിലാണ് എം എം മണിയുടെ പ്രസ്താവന. നേരത്തെയും കാപ്പനെതിരെ പരോക്ഷ വിമർശനവുമായി എംഎം മണി രംഗത്തെത്തിയിരുന്നു. അറക്കും മുമ്പ് പിടയ്ക്കേണ്ട കാര്യമില്ലെന്നും സീറ്റ് തർക്കത്തിൽ അനാവശ്യ വിമർശനങ്ങളുണ്ടാക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. യുഡിഎഫിൽനിന്ന് ആരെങ്കിലും വിളിച്ചാൽ ഞാൻ എൽഡിഎഫിലാണെന്ന് പറയണം. പാലാ സീറ്റിന്റെ കാര്യത്തിൽ ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും മന്ത്രി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാപ്പനെ ലക്ഷ്യം വെച്ചുള്ള പരാമർശങ്ങൾ.
പിഎസ്സി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഴിവിട്ട് സർക്കാർ ഒന്നും ചെയ്തിട്ടില്ല. പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, എൻസിപി ദേശീയ നേതൃത്വം തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പേ യുഡിഎഫിലേക്ക് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാണി സി കാപ്പൻ. എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്നാണ് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. ദേശീയ നേതൃത്വം കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര പാലായിൽ എത്തുന്നതിന് മുമ്പ് തീരുമാനമുണ്ടാവണമെന്ന് ഞാൻ ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. ഞാൻ യുഡിഎഫിലേക്ക് പോവുകയല്ല. യുഡിഎഫിന്റെ ഘടകകക്ഷിയായി പോകും. ദേശീയ നേതൃത്വം കൂടെ നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ', മാണി സി കാപ്പൻ പറഞ്ഞു.
കാര്യങ്ങൾ തീരുമാനിക്കാൻ ശരദ് പവാർ പ്രഫുൽ പട്ടേലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതിനോടും അദ്ദേഹം പ്രതികരിച്ചു. 'ശശീന്ദ്രനെക്കൂടി വിളിപ്പിക്കണം എന്നൊന്നും ദേശീയ നേതൃത്വം പറഞ്ഞിട്ടില്ല. ജനാധിപത്യപരമായി അദ്ദേഹത്തെക്കൂടി വിളിക്കണ്ടേ എന്ന് ചോദിച്ചു. അത് ഫോണിലാണെങ്കിലും വിളിച്ചാൽ മതി'. എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നാണ് ശശീശന്ദ്രൻ പറഞ്ഞിരിക്കുന്നതെന്ന് മാധ്യമങ്ങൾ ഓർമ്മിപ്പിച്ചപ്പോൾ, 'പുള്ളി ഉറച്ച് നിന്നോട്ടെ, പാറപോലെ ഉറച്ച് നിൽക്കട്ടെ' എന്നായിരുന്നു കാപ്പന്റെ മറുപടി.
എന്നാൽ താൻ എൽഡിഎഫിൽ തന്നെ തുടരുമെന്നും കാപ്പൻ യുഡിഎഫിലേക്ക് പോകരുതെന്നുമാണ് ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടുള്ളത്. വിഷയത്തിൽ ചർച്ചയ്ക്കായി ദേശീയ നേതൃത്വം തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിച്ചിട്ടില്ല. തന്റെ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നുമാണ് ശശീന്ദ്രന്റെ പ്രതികരണം.
മുന്നണി മാറ്റത്തെക്കുറിച്ച് ഇന്ന് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു മാണി സി കാപ്പനും എൻസിപി സംസ്ഥാനാധ്യക്ഷൻ പീതാംബരൻ മാസ്റ്ററും കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ, എകെ ശശീന്ദ്രന്റെ കൂടി നിലപാട് അറിയണമെന്നാണ് നേതൃത്വം അവസാന നിമിഷം അറിയിച്ചത്. പാലാ സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി മാറ്റമെന്ന് കാപ്പനും പാലാ കിട്ടിയില്ലെങ്കിലും എൽഡിഎഫിൽത്തന്നെയെന്ന് ശശീന്ദ്രനും കടുപ്പിച്ചതോടെയാണ് നേതൃത്വം ആശയക്കുഴപ്പത്തിലായത്.
മറുനാടന് മലയാളി ബ്യൂറോ