കൊച്ചി: പിണറായി വിജയന്റെ ജെ.സി.ബിയാണ് മന്ത്രി എം.എം മണിയെന്ന് പി.ടി തോമസ് എംഎൽഎ. പിണറായിയെ പാർട്ടിക്കകത്തും പുറത്തും എതിർക്കുന്നവരെ അസഭ്യവർഷം കൊണ്ട് നിരത്തുന്ന ജെ.സി.ബിയാണ് മണി. വി.എസിനെതിരെ നടത്തിയ അസഭ്യവർഷം മാത്രമായിരുന്നു മണിക്ക് മന്ത്രിയാകാനുള്ള യോഗ്യതയെന്നും പി.ടി. തോമസ് പറഞ്ഞു.

സുരേഷ് കുറുപ്പ്, ശർമ, രാജു എബ്രഹാം തുടങ്ങി അർഹതയുള്ള നിരവധി പേർ എംഎൽഎമാരായി ഉള്ളപ്പോൾ എം.എം. മണിയെ മന്ത്രിയാക്കിയത് പിണറായിയെ എതിർക്കുന്നവരെ അസഭ്യവർഷം കൊണ്ട് ചെറുക്കാനാണ്. വൈദ്യുതി വകുപ്പ് തന്നെ മണിക്ക് നൽകിയത്, പിണറായിക്കെതിരെ ലാവലിൻ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പല കാര്യങ്ങളിലെയും പിൻസീറ്റ് ഡ്രൈവിങിന് വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു.

റോയൽ പ്ലാന്റേഷന്റെയും ജോയ്‌സ് ജോർജ് എംപിയുടെയും ഉൾപ്പെടെയുള്ള കൈയേറ്റങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന ഭയത്താലാണ് ഇടുക്കി സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ മാറ്റിയതെന്നും പിടി പറഞ്ഞു. മെയ് 27ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആയിരക്കണക്കിന് ഏക്കർ വരുന്ന നീലക്കുറിഞ്ഞി സാങ്ച്വറി അതിർത്തി പുനർനിർണയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സബ് കളക്ടറാണ് ഇതിന്റെ സെറ്റിൽമെന്റ് ഓഫീസർ. ഇതാണ് ശ്രീറാം വെങ്കിട്ടരാമനെ ഇടുക്കിയിൽ നിന്ന് മാറ്റാനുള്ള യഥാർത്ഥ കാരണം.

കുറിഞ്ഞി സാങ്ച്വറി അതിർത്തി പുനർനിർണയത്തിലൂടെ കോടികളുടെ കൈയേറ്റത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നും ഇതിന് ചുക്കാൻ പിടിക്കുന്നത് എം.എം. മണിയാണെന്നും പി.ടി. തോമസ് പറഞ്ഞു. കുറിഞ്ഞി സാങ്ച്വറി പുനർനിർണയം വലിയ പാരിസ്ഥിതിക പ്രത്യാഘാതത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പിടി തോമസ് എംഎൽഎയെ ആക്ഷേപിച്ച് എംഎം മണി രംഗത്തെത്തിയിരുന്നു.