- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തടയാൻ മുന്നിൽ എം എം മണിയുടെ മരുമകൻ; കെഎസ്ഇബി അനധികൃതമായി പാട്ടത്തിന് നൽകിയ ഭൂമി പരിശോധിക്കാൻ എത്തിയ സർവേ സംഘത്തെ പറപ്പിച്ചു; രാജാക്കാട് പൊന്മുടിയിലെ പ്രശ്നം വീണ്ടും ഉയർന്നത് കെഎസ്ഇബി ചെയർമാന്റെ വെളിപ്പെടുത്തലോടെ
രാജാക്കാട്: പൊന്മുടിയിൽ കെഎസ്ഇബി അനധികൃതമായി പാട്ടത്തിന് നൽകിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനയ്‌ക്കെത്തിയ സർവെ സംഘത്തെ മുൻ മന്ത്രി എം.എം. മണിയുടെ മരുമകന്റെ നേതൃത്വത്തിൽ തടഞ്ഞു.
രാജാക്കാട് സർവീസ് സഹ. ബാങ്ക് പ്രസിഡന്റും മകളുടെ ഭർത്താവുമായ പി കെ. കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് സർവെ സംഘത്തെ തടഞ്ഞത്.എം എം മണിയുടെ മകളും രാജക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ എം എസ് സതിയുടെ ഭർത്താവാണ് കുഞ്ഞുമോൻ.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബാങ്ക് അധികൃതർ ഉദ്യോഗസ്ഥരെ തടഞ്ഞ് മടക്കിയയച്ചത്. പൊന്മുടി ഡാമിനോട് ചേർന്നുള്ള 76 ഏക്കറിൽ 21 ഏക്കർ ഭൂമിയാണ് ഹൈഡൽ ടൂറിസത്തിനായി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് മുൻ മന്ത്രി എം.എം. മണിയുടെ കാലത്ത് പാട്ടത്തിന് നൽകിയത്.
ഹെഡ് സർവയർ പി.എസ്. ജയചന്ദ്രൻ നായർ, സർവയർമാരായ സുരേഷ്, അജിത്ത്, രാജാക്കാട് രാജാക്കാട് വില്ലേജ് ഓഫീസർ കെ.ബി. സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധനക്കെത്തിയത്. ഈ സ്ഥലം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്നും മറ്റ് ഭൂമിയില്ലെന്നും കാട്ടി ഉടുമ്പൻചോല തഹസിൽദാർ 2019ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ തുടർപരിശോധന നടത്തണമെന്ന് കാട്ടി അന്നത്തെ ജില്ലാ കളക്ടർ എച്ച്. ദിനേശൻ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും ഇത് പൂഴ്‌ത്തുകയായിരുന്നു.
പിന്നീട് കെഎസ്ഇബി ചെയർമാന്റെ വെളിപ്പെടുത്തലോടെ വിഷയം വീണ്ടും സജീവമാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കളക്ടർ സർവെ ടീമിനെ ചുമതലപ്പെടുത്തുകയായിരുന്നു.ഇവരാണ് പ്രാഥമിക പരിശോധനക്കായി എത്തിയത്. സ്ഥലത്ത് വലിയ തോതിൽ ഏലം കൃഷിയും നടത്തിയിട്ടുണ്ട്. അതേ സമയം ഈ ഭൂമി തങ്ങളുടെ കൈവശമാണെന്ന് തെളിയിക്കാൻ കെഎസ്ഇബിയുടെ പക്കൽ രേഖകളില്ല. ഇതിന്റെ യഥാർത്ഥ സ്‌കെച്ചും പ്ലാനും ഇതുവരെ കണ്ടെത്താനുമായിട്ടില്ല. എങ്കിലും പ്രദേശത്ത് ഇതര ഭൂമിയില്ലാത്തതിനാൽ ഇത് അളന്ന് തിരിച്ചാൽ കെഎസ്ഇബിക്ക് കരാറടക്കം റദ്ദാക്കേണ്ടി വരും.
നിയമ പ്രകാരം മുന്നോട്ട്
കെഎസ്ഇബി ഡാം സേഫ്റ്റി അധികൃതരെ നിയമ പ്രകാരം വിവരം അറിയിച്ച ശേഷം പരിശോധനയുമായി മുന്നോട്ട് പോകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ അറിയിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈമാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി പ്രത്യേകം സംഘത്തിന് ചുമതല കൈമാറിയിട്ടുണ്ട്. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായവും തേടും.
മറുനാടന് മലയാളി ലേഖകന്.