തിരുവനന്തപുരം: കോവിഡ് വിഷയത്തിൽ പ്രതിപക്ഷ നിലപാടിനെ പരിഹസിച്ചു എംഎം മണി. ജനങ്ങൾക്ക് സർക്കാർ ഭക്ഷ്യ കിറ്റ് കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് മണി പറഞ്ഞു. ജനങ്ങൾ മരിച്ചാലും പ്രശ്നമില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും എംഎം മണി നിയമസഭയിൽ വ്യക്തമാക്കി.

''കിറ്റ് കൊടുക്കാതെ, റേഷൻ കൊടുക്കാതെ പാവപ്പെട്ടവർ മരിച്ചാലും പ്രശ്നമില്ല എന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്. പ്രാണവായു കിട്ടാതെ ആളുകൾ മരിച്ചുവീണതും ഗംഗയിൽ ഉൾപ്പെടെ ശവം ഒഴുകി നടന്നതും അവർക്കു പ്രശ്നമല്ല. കിറ്റ് കൊടുത്താൽ പരാതി കൃത്യ സമയത്ത് പെൻഷൻ കൊടുത്താലും പരാതി. കിറ്റിന് എതിരെ ഹൈക്കോടതിയിൽ പോലും പരാതി കൊടുത്തു എന്തൊരു നാണക്കേടാണ്. കേരള ജനത ഇത് കണ്ടു കൊണ്ടിരിക്കുകയാണ്, അടുത്ത തവണ ഈ 41 പോലും സ്വാഹ.''-എംഎം മണി പറഞ്ഞു.

പ്രാണവായു കിട്ടാതെ കേരളത്തിൽ ആരും മരിക്കാത്തതിൽ അഭിമാനിക്കാമെന്നും അതുകൊണ്ട് വലിയ വാചകമടി വേണ്ടെന്നും പ്രതിപക്ഷത്തോട് എംഎം മണി പറഞ്ഞു.
കേന്ദ്രസർക്കാർ വാക്സിൻ നൽകാത്തതും പ്രതിപക്ഷത്തിന് പ്രശ്നമല്ലെന്നും എംഎം മണി കുറ്റപ്പെടുത്തി. ഇടതു മുന്നണി എന്ന് അധികാരത്തിൽ വന്നാലും വ്യവസായ മേഖല ലാഭത്തിലാക്കും. എന്നാൽ യുഡിഎഫ്, ലീഗ് എന്ന് അധികാരം ഏറ്റെടുക്കുമോ അപ്പോഴൊക്കെ കട്ടുമുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഊർജ്ജ രംഗത്തും കഴിഞ്ഞ അഞ്ചുവർഷം വലിയ മുന്നേറ്റമാണ് സംഭവിച്ചത്. അത് ശക്തിപ്പെടുത്തി സർക്കാർ മുന്നോട്ടുപോകും. സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണവും നടത്തി. വൈദ്യുതി കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് പറഞ്ഞു അതു നടപ്പാക്കിയെന്നും എംഎം മണി വ്യക്തമാക്കി.