- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലം വായനയെ വളർത്തി; കോവിഡ് ബാധിച്ചത് വല്ലാത്ത അനുഭവമാണെന്നും എം മുകുന്ദൻ
കണ്ണൂർ: കഴിഞ്ഞ കോവിഡ് അടച്ചുപൂട്ടൽ കാലം വായനയെ വളർത്തിയെന്ന് നോവലിസ്റ്റ് എം മുകുന്ദൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ആളുകൾ ഒരുപാട് നല്ല പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് അതിനെ കുറിച്ചു സംസാരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് അതു എനിക്കും വന്നില്ലെങ്കിൽ ജീവിതം അപൂർണ്ണമാണെന്ന് തോന്നിയിട്ടുണ്ട്. അതു ഒരു ഇരുണ്ട ദർശനമാണെന്ന് വേണമെങ്കിൽ വിമർശിക്കാം എഴുത്തുകാർ പൊതുവെ ഏകാകികളാണെങ്കിലും വായനക്കാരോട് നേരിട്ടു സംവദിക്കാതെ അവർക്ക് നിലനിൽക്കാനാവില്ല.
കോവിഡ് കാലത്ത് നടന്ന സാഹിത്യ സംവാദങ്ങളിലും പരിപാടികളിലും ഞാനും പോകുമായിരുന്നു അങ്ങനെയാണ് എനിക്കും കൊ വിഡ് കിട്ടിയത് വല്ലാത്ത ഒരു അനുഭവമായിരുന്നു അതു നൽകിയത്.വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് ആംബുലൻസിൽ കയറി പോകുമ്പോൾ ഇനിയൊരു തിരിച്ചുവരവില്ലെന്ന് തോന്നി' എന്റെ പ്രായം, ചില അസുഖങ്ങൾ ഇതൊക്കെ അങ്ങനെ ചിന്തിക്കാൻ കാരണമായിരുന്നു.
കോവിഡ് ബാധിച്ചപ്പോൾ എല്ലാത്തിനും ഒരേ രുചിയായിരുന്നു. ആശുപത്രിയിൽ നിന്നും കഴിച്ച ഏത്തപ്പഴത്തിനും മത്സ്യത്തിനുമെല്ലാം ഒരേ രുചിയായിരുന്നു. അപ്പോഴാണ് രുചി എത്രമാത്രം പ്രാധാന്യമുള്ളതാണ് നമ്മുടെ ജീവിതത്തിലെന്ന് തിരിച്ചറിഞ്ഞത്. സ്പാനിഷ് ഫ്ളൂ പടർന്നു പിടിച്ച കാലത്താണ് അതു ബാധിച്ച ടി.എസ് എലിയറ്റ് വെയ്സ്റ്റ് ലാൻഡെഴുതിയത് അദ്ദേഹത്തെ ബാധിച്ച അസുഖം സർഗാത്മകതയെ ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. വലുതിന് മാത്രമല്ല ചെറുതിനും ഈ ലോകത്ത് ശക്തിയുണ്ടെന്ന് തെളിയിക്കുകയാണ് കോവിഡ് ചെയ്തത്.
കണ്ണിൽ കാണാത്ത വൈറസിനു മുൻപിൽ വൻ ശക്തിയായ അമേരിക്ക പോലും വിറച്ചു. യുദ്ധകപ്പലുകളും സന്നാഹങ്ങളുമുണ്ടായിരുന്ന അമേരിക്കയടക്കമുള്ള വൻശക്തികൾ തോറ്റു പോയത് ചെറിയ വൈറസിനു മുൻപിലാണ്. വലുതിനെ ആരാധിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ ഗംഗാനദിയുടെയും ഹിമാലയത്തിന്റെയുമൊക്കെ വലുപ്പത്തിനെയാണ് നമ്മൾ ആരാധിക്കുന്നത്. എന്നാൽ അങ്ങനെയല്ല ചെറു തിനും ശക്തിയുണ്ടെന്നും അതിനെയും ആരാധിക്കുകയും ഇഷ്ടപ്പെടുകയും വേണമെന്നാണ് കോവിഡ് കാലം നമ്മെ പഠിപ്പിച്ചത്.ചെറിയ നമ്മുടെ കേരളത്തിന് വേണമെങ്കിൽ അമേരിക്ക പോലുള്ള സാമ്രാജ്യത്യശക്തികളെ അടക്കി നിർത്താൻ കഴിയുമെന്നാണ് ഇതിലൂടെ തെളിയുന്നത്.
കൊ വിഡ് സാധാരണക്കാർക്കുണ്ടാക്കിയ പ്രതിസന്ധിയെ മറന്നു കൊണ്ടല്ല ഇതു പറയുന്നത്.ഗൾഫിലടക്കം മലയാളികൾ നടത്തുന്ന ചെറിയ കടകൾ പൂട്ടിപ്പോയി. പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് വായനയില്ലാതാകുമെന്നാണ് പലരും പറയുന്നത്.ടെലിവിഷൻ പ്രചരിച്ച കാലത്തും ഇതു തന്നെയാണ് പറഞ്ഞത് എന്നാൽ ഗൗരവതരമായി വായിക്കുന്നവർ വായനയിൽ നിന്നും അകന്നിട്ടില്ല. വിട്ടു പോയവർ അലസ വായനക്കാരാണ്. ഓൺലൈനിനാലായാലും നേരിട്ടായാലും ആളുകൾ കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും വായിക്കുന്നുമുണ്ട്. വായന ഉത്സവം പോലെ ആഘോഷിക്കുന്നവരാണ് നമ്മൾ മലയാളികൾ 'നമ്മുടെ ഉത്സവം തന്നെയാണ് ജില്ലാ ലൈബ്രറി കൗൺസിൽ നടത്തുന്ന പോലെയുള്ള പുസ്തകോത്സവങ്ങളെന്നും എം.മുകുന്ദൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഡോ.വി.ശിവദാസൻ എം പി അധ്യക്ഷനായി. കെ.വി.സുമേഷ് എംഎൽ' എജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, 'കണ്ണൂർ ഡി.ഡി.ഇ മനോജ് മാണിയൂർ, കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ പി.കെ അൻവർ, ഡോ.പി മോഹൻദാസ്, എം കെ മനോഹരൻ, എക്സെസ് പ്രിവന്റീവ് ഓഫിസർ വി.വി ഷാജി, യു.കെ ശിവകുമാരി, മുകുന്ദൻ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ