കോഴിക്കോട്: തന്റെ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് എംപി. വീരേന്ദ്ര കുമാർ, മൂന്ന് ദിവസത്തിനകം താൻ രാജി സമർപ്പിക്കും, ഭാവി നിലപാട് ശരദ് യാദവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും ജെ.ഡി.യു യോഗത്തിന് ശേഷം എംപി വീരേന്ദ്രകുമാർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജി വെക്കുന്നത് യുഡിഎഫിനെ രക്ഷിക്കാൻ വേണ്ടിയാണ്, നീതീഷ് കുമാർ പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും എംപി സ്ഥാനം രാജിവെക്കും. നിതീഷ് കുമാറിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ലെന്നും എസ്.ജെ.ഡി പിരിച്ചുവിട്ടത് തെറ്റായി പോയി എന്ന് തന്നെയാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

പുതിയ പാർട്ടി ഉണ്ടാക്കണോ, അതല്ല ഏതെങ്കിലും പാർട്ടിയുമായി ചേരണോ എന്ന കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. പാർട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. പുതിയ സാഹചര്യങ്ങൾ സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായുമെല്ലാം ചർച്ച ചെയ്തിട്ടുണ്ട്. യോഗത്തിന്റെ തീരുമാനം വരും ദിവസങ്ങളിൽ ശരദ് യാദവിനെ അറിയിക്കുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു.