മുംബൈ: ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിലെ നായകനായ ഫഹദ് ഫാസിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിയും തമ്മിൽ എന്താണു ബന്ധം. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം ധോണി തന്നെയായിരുന്നോ.

എം എസ് ധോണിയെക്കുറിച്ചുള്ള സിനിമ 'എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി'യെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഈ സംശയം ജനിപ്പിക്കുന്നത്. ക്രിക്കറ്റ് താരം ധോണി ആരോടും പറയാത്ത, ആർക്കുമറിയാത്ത ജീവിതകഥകളുമായാണ് ചിത്രമെത്തുന്നത്.

ബാംഗ്ലൂർ ഡേയ്‌സിൽ ഫഹദ് അവതരിപ്പിക്കുന്ന ബൈക്കോട്ടക്കാരനായ കഥാപാത്രത്തിന്റെ ആദ്യ കാമുകി അപകടത്തിൽ മരിക്കുകയാണ്. തുടർന്ന് ബൈക്ക് റേസിങ് എന്ന കായിക വിനോദത്തിൽ നിന്നു മാറി നിൽക്കുകയാണ് കഥാപാത്രം. സമാനമായ സംഭവം ധോണിയുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. കായികതാരമായ ധോണിയുടെ ജീവിതത്തിലെ നിർണായക വിവരങ്ങളാണ് എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി'യിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

സാക്ഷിയുമായുള്ള വിവാഹത്തിന് മുമ്പ് ധോണിക്ക് ഒരു പ്രണയമുണ്ടായിരുന്നു. പ്രിയങ്ക എന്നായിരുന്നു പെൺകുട്ടിയുടെ പേര്. ജീവിതപങ്കാളിയായി പ്രിയങ്കയെ ഒപ്പം കൂട്ടാൻ തന്നെയായിരുന്നു ധോണിയുടെ തീരുമാനം. എന്നാൽ ധോണിയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ട് പ്രിയങ്ക ഒരു കാറപകടത്തിൽ മരിക്കുകയായിരുന്നു.

ഇതോടെ മാനസികമായി തകർന്ന് പോയ ധോണി, കരിയറിന് വിരാമമിടുമെന്നാണ് അടുത്ത സുഹൃത്തുക്കൾ കരുതിയത്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ധോണി വൻതിരിച്ചുവരവാണു നടത്തിയത്. 2004-05ൽ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-പാക് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ധോണി, ടീം ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങി. അന്ന് 123 പന്തിൽ 148 റൺസെടുത്ത ധോണി, ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡും സ്വന്തമാക്കി.

ആരോടും പങ്കുവയ്ക്കാത്ത ഈ പ്രണയകഥയും അണിയറപ്രവർത്തകർ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ ധോണി എതിർക്കുമോ എന്ന ആശങ്ക അണിയറപ്രവർത്തകർക്കുണ്ടായിരുന്നു. എന്നാൽ ധോണി സമ്മതിക്കുകയായിരുന്നു.

നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. സുഷാന്ത് സിങ് രജ്പുതാണ് ധോണിയായി എത്തുന്നത്. കാമുകിയുടെ വേഷത്തിൽ ദിഷ പട്ടാണിയും എത്തും. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ഇൻസ്പയേഡ് എന്റർടെയ്ന്മെന്റും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഋതി സ്പോർട്സിന്റെ ഉപകമ്പനിയാണ് ഇൻസ്പെയേഡ് എന്റർടെയ്ന്മെന്റ്.