- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായം? അവർക്ക് മനുഷ്യാവകാശങ്ങൾ ഇല്ലേ? ആറ്റുകാലിലെ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി ഇതും കാണണം; ക്യാമ്പ് ഫോളോവേഴ്‌സ്... പൊലീസിലെ അടിമപ്പണിക്കാർ; ശ്രീലേഖ ഐപിഎസ് അറിയാൻ എംഎസ് സനിൽകുമാറിന്റെ കുറിപ്പ്
ആറ്റുകാൽ കുത്തിയോട്ടത്തെക്കുറിച്ച് ഡി ജി പി ശ്രീലേഖയുടെ പ്രതികരണം കണ്ടപ്പോൾ എഴുതണം എന്ന് കരുതിയതാണ്. ആറ്റുകാലിലെ അവകാശലംഘനങ്ങളെക്കുറിച്ചാണ് ഡിജിപി വാചാലയായത്. ഡിജിപി പൊലീസിന് അകത്തേക്ക് എപ്പോഴെങ്കിലും കണ്ണോടിക്കാറുണ്ടോ? ഇല്ലെങ്കിൽ ഒന്നുനോക്കണം. അവിടെ പൊലീസിന്റെ ഏറ്റവും താഴേതട്ടിലുള്ള ഒരുപറ്റം മനുഷ്യജീവികളെക്കാണാം...ക്യാമ്പ് ഫോളോവേഴ്‌സ്...പൊലീസിലെ അടിമപ്പണിക്കാർ. നിയമമനുസരിച്ച് അടിമപ്പണിയല്ല ജോലി. പക്ഷെ ഐപിഎസ് മേലാളന്മാരുടെ അടിമകളാകാൻ വിധിക്കപ്പെട്ടവരാണ് ഇവർ. ഒരു പഴയ കഥ.... ഇന്ത്യാവിഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്ന കാലം. ഒരു സായാഹ്നത്തിൽ ഒരാൾ കാണാൻ വന്നു. പൊലീസിലെ ക്യാമ്പ് ഫോളോവറാന്. ക്ഷീണിതൻ. പൊലീസ് ക്യാമ്പുകളിലെ വിവിധജോലികൾ ചെയ്യാൻ നിയമിക്കപ്പെട്ടവരാണ് ക്യാമ്പ് ഫോളോവർമാർ. അലക്ക്, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികൾ. പക്ഷെ ക്യാമ്പുകളിലല്ല ഇവരിൽ പലരേയും നിയോഗിച്ചിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിയെടുപ്പിക്കുകയാണ്. പാചകം, അലക്ക്, കക്കൂസ് കഴുകൽ, പാത്രം കഴുകൽ, വീട് വൃത്തിയാക്കൽ, പട്
ആറ്റുകാൽ കുത്തിയോട്ടത്തെക്കുറിച്ച് ഡി ജി പി ശ്രീലേഖയുടെ പ്രതികരണം കണ്ടപ്പോൾ എഴുതണം എന്ന് കരുതിയതാണ്. ആറ്റുകാലിലെ അവകാശലംഘനങ്ങളെക്കുറിച്ചാണ് ഡിജിപി വാചാലയായത്. ഡിജിപി പൊലീസിന് അകത്തേക്ക് എപ്പോഴെങ്കിലും കണ്ണോടിക്കാറുണ്ടോ? ഇല്ലെങ്കിൽ ഒന്നുനോക്കണം. അവിടെ പൊലീസിന്റെ ഏറ്റവും താഴേതട്ടിലുള്ള ഒരുപറ്റം മനുഷ്യജീവികളെക്കാണാം...ക്യാമ്പ് ഫോളോവേഴ്‌സ്...പൊലീസിലെ അടിമപ്പണിക്കാർ. നിയമമനുസരിച്ച് അടിമപ്പണിയല്ല ജോലി. പക്ഷെ ഐപിഎസ് മേലാളന്മാരുടെ അടിമകളാകാൻ വിധിക്കപ്പെട്ടവരാണ് ഇവർ. ഒരു പഴയ കഥ....
ഇന്ത്യാവിഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്ന കാലം. ഒരു സായാഹ്നത്തിൽ ഒരാൾ കാണാൻ വന്നു. പൊലീസിലെ ക്യാമ്പ് ഫോളോവറാന്. ക്ഷീണിതൻ. പൊലീസ് ക്യാമ്പുകളിലെ വിവിധജോലികൾ ചെയ്യാൻ നിയമിക്കപ്പെട്ടവരാണ് ക്യാമ്പ് ഫോളോവർമാർ. അലക്ക്, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികൾ. പക്ഷെ ക്യാമ്പുകളിലല്ല ഇവരിൽ പലരേയും നിയോഗിച്ചിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിയെടുപ്പിക്കുകയാണ്. പാചകം, അലക്ക്, കക്കൂസ് കഴുകൽ, പാത്രം കഴുകൽ, വീട് വൃത്തിയാക്കൽ, പട്ടിയെനോട്ടം അങ്ങനെ പലവിധജോലികൾ. പരാതിപ്പെടാൻ പോലും പറ്റാത്തവിധത്തിൽ നിസ്സഹായരായിപ്പോയ വിഭാഗം. ഡിഐജിമാർ, ഐജിമാർ തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥരുടെയെല്ലാം വീടുകളിൽ ഇവരുണ്ട്. നന്ദാവനം പൊലീസ് ക്യാമ്പിലെ അവസ്ഥയും ഭിന്നമല്ല. തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ മിക്കവരുടെയും വീട്ടിൽ നിന്ന് രാവിലെ ക്യാമ്പിലേക്ക് വാഹനം എത്തും. ഐപിഎസ് കുടുംബാംഗങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങളുമായാണ് ഈ വരവ്. ക്യാമ്പിലെ ക്യാമ്പ് ഫോളോവർമാരുടെ ചുമതലയാണ് അത് കഴുകിവൃത്തിയാക്കുക എന്നത്. മുഷിഞ്ഞുനാറിയ അടിവസ്ത്രങ്ങൾ വരെ കഴുകാൻ കൊടുത്തുവിടും ചിലർ. വാർത്ത ചെയ്യാം എന്ന് ഞാൻ സമ്മതിച്ചു. ദൃശ്യങ്ങൾ വേണം. അതിനായി ക്യാമ്പ് ഫോളോവർമാരെ ജോലിക്ക് നിർത്തിയിട്ടുള്ള ഐപിഎസ് ഉന്നതന്മാരുടെ വീടുകൾ കണ്ടെത്തി.
ഷിബു സി എൽ ( Shibu CL )ആയിരുന്നു ക്യാമറാമാൻ. ആദ്യം നന്ദാവനം ക്യാമ്പിലെ ദൃശ്യങ്ങളാണ് എടുത്തത്. അത് ഒരു മൊബൈൽ ക്യാമറയിൽ പകർത്തി. കഴുകാൻ കൊടുത്തുവിട്ട അടിവസ്ത്രങ്ങളുടെ കൂമ്പാരമായിരുന്നു അവിടെ. പിന്നെ ഒരു ഐജിയുടെ വീട്ടിലേക്ക്. അടച്ചിട്ട കൂറ്റൻഗേറ്റ്. ഉള്ളിലുള്ള ക്യാമ്പ് ഫോളോവറുടെ മൊബൈൽ നമ്പർ നേരത്തെ കിട്ടിയിരുന്നു. അതിൽ വിളിച്ച് അയാളെ പുറത്തേക്ക് വരുത്തി. അദ്ദേഹം മണി മണിയായി കാര്യങ്ങൾ പറഞ്ഞു. വെളുപ്പിനെ തുടങ്ങും ജോലി. പാചകം, അലക്ക്, വീട് കഴുകൽ, പട്ടിയെ കുളിപ്പിക്കൽ, തോട്ടം പരിപാലനം. രാത്രി വൈകുവോളം ജോലി. മിക്കവാറും ദിവസങ്ങളിൽ രാത്രി വൈകും വരെ പാർട്ടി കാണും. അതിഥികൾ ധാരാളം. എല്ലാവർക്കും വേണ്ടി ഭക്ഷണം തയ്യാറാക്കണം . തീറ്റയെല്ലാം കഴിഞ്ഞ് എച്ചിലും പാത്രങ്ങളും കൂമ്പാരമാക്കി എല്ലാവരും പോകും.വീട്ടുകാർ ഉറങ്ങും. എച്ചിൽ കോരി, പാത്രങ്ങളെല്ലാം കഴുകി വെയ്‌ക്കേണ്ട ജോലി ക്യാമ്പ് ഫോളോവർക്ക്. അദ്ദേഹത്തിന്റെ സംസാരം ഷൂട്ട് ചെയ്തു. അതിന് ശേഷം മറ്റൊരു ഐ ജി യുടെ വീട്ടിലേക്ക്. അവിടെ പട്ടികളെ നോക്കാൻ വേണ്ടി മാത്രം രണ്ടു പേരെ നിർത്തിയിരിക്കുന്നു. അങ്ങനെ ഒരഞ്ചാറുവീട്ടിൽ പോയി. എല്ലായിടത്തും കദനകഥകൾ. ജോലി സർക്കാർ ജോലി, ശമ്പളം നൽകുന്നത് സർക്കാർ, ചെയ്യുന്നത് ഐപിഎസ്സുകാരന്റെ വീട്ടിൽ അടിമപ്പണി. ചില ഉത്തരേന്ത്യൻ ഐപിഎസ്സുകാരുടെ വീട്ടിലെ കാര്യങ്ങളും കേട്ടു.
മൃഗീയ പീഡനങ്ങളാണ് അവിടെയൊക്കെ ക്യാമ്പ് ഫോളോവേഴ്‌സ് നേരിട്ടുകൊണ്ടിരുന്നത്. എല്ലാ ദൃശ്യങ്ങളും സംഭാഷണങ്ങളും ക്യാമറയിൽ പകർത്തി. പിറ്റേദിവസം രാവിലെ മുതൽ ഇന്ത്യാവിഷൻ ഹെഡ് ലൈൻ വാർത്തയായി ക്യാമ്പ് ഫോളോവേഴ്‌സിന്റെ ദുരിതങ്ങൾ സംപ്രേഷണം ചെയ്തു. വാർത്ത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ക്യാമ്പ് ഫോളോവേഴ്‌സിനെ ഐപിഎസ്സുകാരുടെ വീട്ടുവേലയ്ക്ക് അയയ്ക്കരുതെന്ന് സർക്കാർ ഉത്തരവിറക്കി. ക്യാമ്പ് ഫോളോവേഴ്‌സ് സംഘടന രൂപീകരിച്ചു. കാര്യങ്ങൾ കുറച്ചുനാൾ മെച്ചപ്പെട്ടു.
..................................................................
ഇനി ഡിജിപി ശ്രീലേഖ അറിയാൻ.
ഇന്ന് ഈ കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ക്യാമ്പ് ഫോളോവേഴ്‌സിൽ ചിലരെ വിളിച്ചു. ഇപ്പോഴും പലയിടങ്ങളിലും സ്ഥിതി പഴയതുതന്നെ. തുണി കഴുകാൻ ഐപിഎസ്സുകാർ ക്യാമ്പുകളിലെത്തിക്കുന്നുണ്ട്. വീട്ടുജോലിക്ക് ക്യാമ്പ് ഫോളോവറിനെ നിർത്തിയിട്ടുണ്ട്. ഒരു പുതിയ വിവരം കൂടി കിട്ടി. ദിവസ വേതന അടിസ്ഥാനത്തിൽ പല ക്യാമ്പുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷവും ഇപ്പോൾ ക്യാമ്പുകളിലല്ല ജോലി ചെയ്യുന്നത്. ഐപിഎസ്സുകാരുടെ വീട്ടിൽ. ഒരു കമ്മീഷണറുടെ വീട്ടിൽ അലക്കുകാരൻ, പാചകക്കാരൻ, ശുചീകരണത്തൊഴിലാളി എന്നിങ്ങനെ മൂന്നുപേരെയാണ് നിയോഗിച്ചത്. ഇപ്പോൾ കമ്മീഷണർ മാറി. പുതിയ കമ്മീഷണർ ഇവരെ മാറ്റി പകരം സ്ത്രീ തൊഴിലാളികളെ മതിയെന്ന് നിർദ്ദേശിച്ചിരിക്കുന്നു.
ദിവസവേതന അടിസ്ഥാനത്തിൽ ക്യാമ്പിൽ ജോലി ചെയ്യുന്നവരെ കമ്മീഷണറുടെ വീട്ടിലെത്തിക്കാനാണ് നീക്കം. അടിമപ്പണിക്കെതിരെ പരാതി പറഞ്ഞവരെയൊക്കെ ഇക്കാലയളവിൽ ഒതുക്കി. സർക്കാരിന്റെ ശമ്പളം വാങ്ങുന്നവരെ, നിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായം? അവർക്ക് മനുഷ്യാവകാശങ്ങൾ ഇല്ലേ? ആറ്റുകാലിലെ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി ഇതും കാണുമെന്ന് കരുതുന്നു.