ഡോക്ടർമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.....

ഇന്നത്തെ ദിവസം തന്നെ ഇത് എഴുതേണ്ടി വന്നതിൽ വിഷമമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറുടെ ജന്മദിനമാണിന്ന്. ഡോ.ആനന്ദി ഗോപാൽ ജോഷിയുടെ 153 ആം ജന്മദിനം, ഞാനിതെഴുതുമ്പോൾ ഗൂഗിളിന്റെ ഡൂഡിലായി ഡോ.ജോഷിയുടെ മുഖം കാണാം. ഇനി കാര്യത്തിലേക്ക്.....

മാർച്ച് 21. പ്രമുഖ ഡബ്ബിങ് കലാകാരൻ മനോഹരന്റെ ജീവിതത്തിലെ ഒരു ദുർദിനമായിരുന്നു അത്. രാത്രി ഏഴരയോടടുപ്പിച്ച് മനോഹരന്റെ വീട്ടിൽ ചെറിയൊരു അപകടം നടന്നു. മകളുടെ 3 വയസ്സുകാരൻ മകൻ ഒന്നു വീണു. വീണതിനു ശേഷം കുട്ടി വല്ലാതെ കരച്ചിൽ. വലത്തെ കാൽ നിലത്തു കുത്താൻ വയ്യ. കാലിനു ഭയങ്കര വേദന. ഉടൻ തന്നെ കുട്ടിയെ കൊല്ലം നായേഴ്‌സ് ആശുപത്രിയിൽ എത്തിച്ചു. ാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടർ കുട്ടിയെ പരിശോധിച്ചു. മുട്ടിന് ചെറിയ ചതവുണ്ട്, അല്ലാതെ മറ്റുകുഴപ്പമില്ല എന്ന് ഡോക്ടർ. വേദന സംഹാരി നൽകി കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയ കുട്ടിക്ക് അൽപ്പം കഴിഞ്ഞപ്പോൾ വേദന കലശലായി. രാത്രി പത്ത് മണിയോടെ കുട്ടിയെ വീണ്ടും നായേഴ്‌സ് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചു. വീണ്ടും പരിശോധന. ഇത്തവണ ഓർത്തോ ഡോക്ടർ കൂടി എത്തി. കാൽ മുട്ടിന്റെ എക്‌സ് റെ എടുത്തു. അത് പരിശോധിച്ച ഓർത്തോ വിദഗ്ധൻ പറഞ്ഞു...സാരമില്ല..മുട്ടിന് ചെറിയ ചതവുണ്ട്..പ്ലാസ്റ്റർ ഇടാം.മറ്റു കുഴപ്പമൊന്നുമില്ല. അങ്ങനെ വലത്തേകാൽ തുട വരെ പ്ലാസ്റ്റർ ചെയ്തു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെയെത്തിയപ്പോൾ വീണ്ടും പഴയ അവസ്ഥ. കുട്ടിക്ക് ഭയങ്കര വേദന. കിടക്കാനും ഇരിക്കാനും നിൽക്കാനും വയ്യ. വീട്ടുകാർ നോക്കിയപ്പോൾ തുട ഭാഗത്ത് പ്ലാസ്റ്റർ വല്ലാതെ ഇറുകി ഇരിക്കുന്നതായിക്കണ്ടു. അവിടെ പ്ലാസ്റ്റർ കുറച്ച് മുറിച്ചുവിട്ടു. എന്നിട്ടും വേദന കുറയുന്നില്ല. രാത്രി എങ്ങനെയെങ്കിലും കഴിച്ചുകൂട്ടി.പിറ്റേദിവസം വൈകിട്ട് നാല് മണിക്കാണ് ആശുപത്രിയിൽ സീനിയർ ഓർത്തോ ഡോക്ടർ ഉണ്ടാവുക എന്നറിഞ്ഞു വേദന തിന്നുന്ന കുഞ്ഞുമായി അവർ ആ സമയത്ത് നായേഴ്‌സിൽ എത്തി.ഡോക്ടറെക്കണ്ടു. ഡോക്ടർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. കാലിലെ പ്ലാസ്റ്റർ അഴിച്ചു. പരിശോധിച്ചു. മുട്ടിന്റെ എക്‌സ് റെ നോക്കി.പഴയ പല്ലവി തന്നെ.മുട്ടിനാണ് ചതവ് .അതിന്റെ വേദനയാണ്. കുട്ടിയുടെ അമ്മ അപ്പോൾ ഡോക്ടറോട് പറഞ്ഞു...കുഞ്ഞ് ഏണിന് വേദന ഉണ്ട് എന്ന് പറയുന്നുണ്ട്. അപ്പോൾ ഡോക്ടറുടെ മറുപടി ഇങ്ങനെ...അത് കുട്ടി വെറുതെ പറയുന്നതാ. പ്ലാസ്റ്റർ മുറുകിയിരുന്നു.അതുകൊണ്ടാവാം കുട്ടിക്ക് അങ്ങനെ തോന്നുന്നത്. വീണ്ടും പഴയപടി പ്ലാസ്റ്റർ ചെയ്ത് തിരികെ പറഞ്ഞുവിട്ടു.ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാനും നിർദ്ദേശിച്ചു.കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലെത്തി. എന്ത് ഫലം.

കുട്ടിക്ക് വേദനയോടു വേദന.വീട്ടുകാർ വേദന കുറയും എന്ന് കരുതി കാത്തിരുന്നു.ഒരാഴ്ച ആണല്ലോ ഡോക്ടർ പറഞ്ഞത്. എന്നാൽ ദിവസം കഴിയുന്തോറും വേദന കൂടി വരുന്നതേയുള്ളൂ.കുട്ടി വേദന സഹിച്ച് അവശനായി.കിടക്കാൻ വയ്യ,ഇരിക്കാൻ വയ്യ,നടക്കാൻ വയ്യ.തളർന്നു പോയ കുഞ്ഞ് ഒരു ദിവസം കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു...അമ്മേ, എനിക്കെന്താ പറ്റിയേ.എനിക്കിനി നടക്കാൻ പറ്റില്ലേ.കുഞ്ഞിന്റെ കരച്ചിൽ വീട്ടുകാരെ തളർത്തി. രണ്ടും കൽപ്പിച്ച് അവർ കുട്ടിയെ തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു.അപ്പോഴേക്കും 27 ആം തീയതിയായി. കാഷ്വാലിറ്റിയിൽ ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു.അവർ രണ്ടു കാലിന്റെ നീളം ഒത്തുനോക്കി.ഒരു കാലിന്റെ നീളം കുറഞ്ഞിരിക്കുന്നു.ഉടൻ ഇടുപ്പിന്റെ അടക്കം കാലിന്റെ എക്‌സ് റെ എടുത്തു.അപ്പോഴാണ് അറിഞ്ഞത് ഇടുപ്പെല്ലിന് സ്ഥാനചലനം.( ഡിസ് ലൊക്കെഷൻ). പ്രമുഖ ഓർത്തോ വിദഗ്ധൻ ഡോ.ചെറിയാൻ കുട്ടിയെ നോക്കി. എക്‌സ് റെ കണ്ട അദ്ദേഹം മാതാപിതാക്കളെ വഴക്കുപറഞ്ഞു. നിങ്ങൾ ഇത്രയും ദിവസം എന്തെടുക്കുകയായിരുന്നു. പരിക്ക് പറ്റിയിട്ട് ഇത്രയും ദിവസം ആയിട്ടും ഇപ്പോഴാണോ കൊണ്ടുവരുന്നത്.മാതാപിതാക്കൾ നിസ്സഹായത വെളിപ്പെടുത്തി.

നായേഴ്‌സ് ആശുപത്രിയിലെ ചികിത്സയുടെ കാര്യം പറഞ്ഞു. ഒരു സെക്കന്റ് ഒപ്പിനിയൻ തേടണമായിരുന്നു എന്ന് ഡോക്ടറുടെ മറുപടി.ഡോക്ടർ തുടർന്നു...പരിക്ക് പറ്റിയിട്ട് ഒരാഴ്ച ആയി. എല്ല് പിടിച്ചിടുകയാന് വേണ്ടത്. ഇത്രയും വൈകിയതിനാൽ എത്രത്തോളം വിജയിക്കും എന്ന് പറയാനാവില്ല.അത് പറ്റിയില്ലെങ്കിൽ സർജറി വേണ്ടിവരും.എന്തായാലും കുട്ടിയെ ഓപ്പറെഷൻ തീയറ്ററിൽ കയറ്റി. അനസ്തീഷ്യ കൊടുത്തു.ഡോക്ടർ എല്ല് പിടിച്ചിട്ടു. പുറത്തിറങ്ങി ഡോക്ടർ പറഞ്ഞു...ശരിയാകുമോ എന്ന് ഉറപ്പില്ല.അൽപ്പം കഴിഞ്ഞ് ഒരു എക്‌സ് റെ കൂടി എടുക്കണം. അങ്ങനെ വീണ്ടും എക്‌സ് റെ. എല്ല് വീണ്ടും സ്ലിപ്പ്. ഡോക്ടർ പറഞ്ഞു...ഒന്നു കൂടി നോക്കാം. കുറേകഴിയട്ടെ.ചെറിയ കുട്ടി അല്ലേ. ഒരുപാട് ശ്രമിക്കാൻ പറ്റില്ല.ഒന്നുകൂടി പരാജയപ്പെട്ടാൽ സർജറി ചെയ്യണം.കുട്ടിയെ ഓപ്പറേഷൻ തീയറ്ററിൽ കിടത്തി ഡോക്ടർ മറ്റു ജോലികളിലേക്ക്.വൈകുന്നേരമായി.ഡോക്ടർ വീണ്ടും എത്തി. ഒന്നുകൂടി പരിശ്രമിച്ചു. വീണ്ടും പരിശോധിച്ചു.എല്ലാം ശരിയായി. കാര്യങ്ങൾ ശുഭം. പിന്നെ ഹോസ്പിറ്റൽ ബിൽ അടയ്ക്കൽ.എല്ലാം കൂടി മുപ്പതിനായിരത്തോളം.

ഇനി നായേഴ്‌സിലേക്ക്
.........................................

എന്താണ് നായേഴ്‌സിൽ സംഭവിച്ചത്. കൃത്യമായി ക്രിമിനൽ മെഡിക്കൽ നെഗ്ലിജൻസ്. നാളെ കുട്ടിയുടെ ബന്ധുക്കൾ നായേഴ്‌സ് മാനേജ്‌മെന്റിനെ സമീപിക്കും. കാര്യങ്ങൾ വിശദീകരിക്കും.പരിഹാരമുണ്ടായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും. ആവശ്യമായ പിന്തുണ കുടുംബാംഗങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുട്ടിയുടെ എക്‌സ് റെയും മറ്റു വിവരങ്ങളും എന്റെ സുഹൃത്തുക്കളായ രണ്ട് ഓർത്തോ ഡോക്ടർമാർക്ക് അയച്ചുകൊടുത്തു.അവരുടെ വിലയേറിയ ഉപദേശങ്ങളും കൂടി കേട്ടുകൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കിയത്.അവർ അത്ഭുതപ്പെട്ടിരിക്കുകയാണ്...എന്തുകൊണ്ട് ഇടുപ്പെല്ലിന്റെ ഡിസ് ലൊക്കേഷൻ ആദ്യ ഘട്ടത്തിൽ തന്നെ നായേഴ്‌സിലെ ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാഴ്ച വേദന തീറ്റിക്കാൻ ആ പാവം മൂന്നു വയസ്സുകാരനെ എന്തിനു വിട്ടുകൊടുത്തു? ഡോക്ടർമാരെ....ഉത്തരം വേണ്ടേ?