2002 ലാണ്. സൂര്യ ടി വിയിൽ തിരുവനന്തപുരം ബ്യൂറോയിൽ ജോലി നോക്കുന്നു. അക്കാലത്താണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ ആദിവാസി ഭൂമി പ്രശ്‌നം ഉടലെടുക്കുന്നത്. നെല്ലിയാമ്പതിയിൽ എസ്റ്റേറ്റുകളും റിസോർട്ടുകളും വന്നതോടെ കിടപ്പാടം നഷ്ടമായ 186 ആദിവാസി കുടുംബങ്ങൾ സർക്കാർ വക ഓറഞ്ചു ഫാമിന്റെ ഭൂമി കയ്യേറി കുടിൽ കെട്ടി സമരം തുടങ്ങുകയായിരുന്നു. സർക്കാർ ഇവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു. പൊലീസ് നടപടി ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടായിരുന്നു. പൊലീസ് വന്നാൽ ചെറുക്കുമെന്ന് ആദിവാസി കുടുംബങ്ങൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്ഥലത്ത് വൻസംഘർഷാവസ്ഥ. സംഭവം റിപ്പോർട്ട് ചെയ്യാൻ ക്യാമറായൂണിറ്റുമായി പാലക്കാടേക്ക് പോകാൻ ചീഫ് ന്യൂസ് എഡിറ്റർ സുകുമാരൻ സാർ എന്നോട് ആവശ്യപ്പെട്ടു.

വൈകാതെ ഞാൻ യൂണിറ്റുമായി പാലക്കാടേക്ക് തിരിച്ചു. രാത്രി പാലക്കാടെത്തി പിറ്റേന്ന് പുലർച്ചെയോടെ നെല്ലിയാമ്പതിയിലെക്ക് തിരിച്ചു. കേരളകൗമുദി പാലക്കാട് ബ്യൂറോ ചീഫായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ ജഗദീഷ് ബാബു ചേട്ടനും ഞങ്ങളോടോപ്പമുണ്ട്. ബാബുചേട്ടനെ നേരത്തേ വിളിച്ചുവിവരം പറഞ്ഞിരുന്നതിനാൽ ഞങ്ങളെ സഹായിക്കാൻ ഒപ്പം പോന്നതാണ്. ഒരു ഒൻപതു മണി ആയപ്പോൾ നെല്ലിയാമ്പതിയിൽ എത്തി. വഴിനീളെ പൊലീസ്. ഞങ്ങൾ ആദിവാസികൾ കുടിൽ കെട്ടിയ സ്ഥലത്തേക്ക് നടന്നു. അൽപ്പം നടന്നപ്പോൾ സ്ഥലം കണ്ടു. വഴിയിൽ കുറുകെ വലിയ മരത്തടി പിടിച്ചുവെച്ച് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു.

അമ്പും വില്ലും, വെട്ടുകത്തി,കുറുവടി തുടങ്ങിയ ആയുധങ്ങളുമായി അൻപതോളം ആദിവാസികൾ മരത്തടിക്ക് പിന്നിൽ കാവൽ നിൽക്കുന്നു. ഞാൻ അവിടെയെത്തി...എന്നെയും എന്റെ കയ്യിലിരിക്കുന്ന മൈക്കും കണ്ട് അവർ പ്രകോപിതരായി...ഞാൻ ശാന്തനായി പറഞ്ഞു...' ഞങ്ങളെ അകത്തേക്ക് കയറ്റിവിടണം .നിങ്ങളുടെ സമരം വാർത്തയാക്കാൻ വന്നതാണ്. ഉപദ്രവിക്കാൻ വന്നതല്ല. ' അവിടെ കുറുവടി പിടിച്ചുനിന്ന ഒരു ആദിവാസി യുവാവ് പെട്ടെന്ന് പൊട്ടിത്തെറിച്ചു....' വാർത്തയൊക്കെ മതി സാറേ. അരി വാങ്ങാൻ പോലും പൈസയില്ല.ഞങ്ങളുടെ കുട്ടികൾ പട്ടിണിയിലാ. അതിനിടയ്ക്ക് നിങ്ങൾക്ക് തരാനും കൂടി ഞങ്ങളുടെ കയ്യിൽ പൈസയില്ല. സാറ് വന്ന വഴി പോ..'. ഞാനൊന്ന് ഞെട്ടി...എന്നിട്ട് പറഞ്ഞു...' വാർത്ത ചെയ്യാൻ പൈസ ഒന്നും വേണ്ട. ഇത് ഞങ്ങളുടെ ജോലിയാ. '.എന്നിട്ടും ആദിവാസികളുടെ കോപം ശമിച്ചില്ല.

അപ്പോഴേക്കും ജഗദീഷ് ബാബുച്ചേട്ടൻ ആദിവാസി മൂപ്പനേയും കൂട്ടി അവിടെയെത്തി. മൂപ്പൻ ആദിവാസി യുവാവിനെ അടക്കി നിർത്തി. മൂപ്പൻ പറഞ്ഞു...' അവർ ദേഷ്യപ്പെടുന്നതിന് കാരണമുണ്ട്. ഇന്നലെ ഒന്ന് രണ്ട് ടിവിക്കാരും കുറച്ച് പത്രക്കാരും ഒരു കാറിൽ ഇവിടെയെത്തി. അവർ വാർത്ത ഒക്കെ എടുത്തു. എല്ലാം കഴിഞ്ഞ് ഞങ്ങളോട് രണ്ടായിരം രൂപ ചോദിച്ചു. കാറ് കൂലിയാണ്..നിങ്ങളുടെ പ്രശ്‌നങ്ങൾ ജനങ്ങൾ അറിയണ്ടേ..അതിന് കുറച്ച് പൈസ നിങ്ങളും ചെലവാക്കണം എന്ന് പറഞ്ഞു. ഞങ്ങടെ കയ്യിൽ എവിടുന്നാ സാറേ അത്രയും പൈസ. ഇവിടെ കൊടും പട്ടിണിയാ. അക്കാര്യം പറഞ്ഞപ്പോൾ അവർ ചൂടായി.

ഒടുവിൽ ഞങ്ങൾ നുള്ളിപ്പെറുക്കി ആയിരം രൂപ കൊടുത്തു. അതോർത്താ ഇവർ ചൂടാവുന്നെ. സാർ ക്ഷമിക്കണം. ' ഞാൻ സ്തംഭിച്ചുപോയി. പരമദരിദ്രരായ, കൊടുംപട്ടിണിയിൽ കഴിയുന്ന ഇവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ എന്റെ സഹപ്രവർത്തകരെ ഓർത്ത് ഞാൻ മുഖം കുനിച്ചു. മൂപ്പൻ ഞങ്ങളെ അകത്തേക്ക് കയറ്റിവിട്ടു. കൊടും വേനലിൽ കരിഞ്ഞു നിൽക്കുന്ന കാട്. നീണ്ട വഴിയിലൂടെ കുറേ നടന്നപ്പോൾ കുടിലുകൾ കാണായി. പ്ലാസ്റ്റിക്കും പുല്ലും മേഞ്ഞ ഒറ്റമുറി കുടിലുകളാണ് എല്ലാം. ആദ്യം കണ്ട കുടിലിലേക്ക് കയറി. ഒരോരം ചേർന്ന് ഒരാൾ കിടക്കുന്നു. മുഖം തോർത്തുകൊണ്ട് പാതിമറച്ചിരിക്കുന്നു. എല്ലും തോലുമായ ഒരു സ്ത്രീ അടുത്ത് അടുപ്പിൽ എന്തോ തിളപ്പിക്കുന്നുണ്ട്. അവരോട് സംസാരിച്ചു. ഭർത്താവാണ് കിടക്കുന്നത്. കാൻസറാണ് .

ചികിത്സിക്കാൻ പണമില്ല. വേദന സഹിച്ച് കഴിയുന്നു. രാവിലെ അൽപ്പം അരി കിട്ടി. അത് തിളപ്പിക്കുകയാണ്. മിക്ക ദിവസവും പട്ടിണി. ഭൂമി കിട്ടുമെന്ന് വിചാരിച്ച് സമരം ചെയ്യാൻ വന്നതാണ്. സ്വന്തമായി ഭൂമിയോ മറ്റ് സർക്കാർ രേഖകളോ ഒന്നുമില്ല. അവിടെനിന്നും ഇറങ്ങി മുന്നോട്ട് നടന്നു. കയറ്റവും ഇറക്കവും താണ്ടി പൊരിവെയിലിൽ നടന്നപ്പോൾ വഴിയരികിൽ രണ്ട് പെൺകുട്ടികൾ. വെള്ളം ശേഖരിക്കാൻ ഇറങ്ങിയതാണ്. അകലെ ഒരു കുഴിയുണ്ട്. അതിലാണ് വെള്ളം. അവരോടൊപ്പം ഞങ്ങളും ചേർന്നു. കുറേ നടന്നപ്പോൾ മരങ്ങൾക്കിടയിൽ ഒരു ചെറിയ കുഴി. ഊറ്റുവെള്ളം ഒഴുകിയിറങ്ങുന്നു. വെള്ളം കലങ്ങി ചെളിനിറം.

ഇതാണോ നിങ്ങൾ കുടിക്കുന്നത് എന്ന ചോദ്യത്തിന് അതേയെന്ന തലയാട്ടലിൽ കുട്ടി മറുപടി നൽകി. സ്‌കൂളിൽ പോകുന്നില്ലേ. ഞാൻ ചോദിച്ചു. ഇല്ല എന്ന് മറുപടി. പഠിക്കാൻ ആഗ്രഹമില്ലേ..കുട്ടി...' നാലാം ക്ലാസ് വരെ പഠിച്ചു. പിന്നെപ്പോയില്ല.പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്.' അവർ പാത്രത്തിൽ വെള്ളം നിറച്ച് നടന്നു നീങ്ങി. ഞങ്ങൾ ഓരോ കുടിലിലും കയറിയിറങ്ങി. തനിയാവർത്തനക്കാഴ്ചകൾ. പട്ടിണിയും ദുരിതവും രോഗങ്ങളും. പേക്കോലങ്ങളായ കുട്ടികൾ. കൊടുംചൂടിൽ ഉരുകിക്കഴിയുന്ന മനുഷ്യർ. ഭൂമിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല. എന്നിട്ടും അവരെ പിന്നെയും കൊള്ളയടിക്കുന്നു.

കൊള്ളക്കാരെന്ന് ആക്രോശിച്ചു തല്ലിക്കൊല്ലുന്നു. നെല്ലിയാമ്പതിയിലെ ആദിവാസികളുടെ സമരം ഇന്നും തുടരുകയാണ്. പതിനാറുവർഷമായിട്ടും ഭൂമിക്കും നിലനിൽപ്പിനും വേണ്ടിയുള്ള അവരുടെ സമരം അവസാനിച്ചിട്ടില്ല. വിശപ്പിന് അൽപ്പം ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് കാടിന്റെ മകനെ തല്ലിക്കൊല്ലുന്ന നാട്ടിൽ പ്രിയരേ...നിങ്ങൾക്ക് നീതിയില്ലെന്നു തിരിച്ചറിയുക.