കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചത്.

എന്നാൽ ഇ.ഡി. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല. ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്റെ നടപടി.

സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പിൽ സെക്ഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഗവൺമെന്റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.

സ്വർണക്കടത്ത് കേസിൽ നവംബർ 24-നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ വിദേശകണ്ണിയായ റബിൻസ് കെ. ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികൾക്കും പ്രതിചേർക്കാതിരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകും.

അതിനുള്ള മറുപടി ലഭിച്ചശേഷമാണ് കുറ്റപത്രം സമർപ്പിക്കുക. മൂന്നുമാസമെങ്കിലും വേണം നടപടിക്രമങ്ങൾ പൂർത്തിയാകാൻ.