- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കറിലെ ഒരു കോടിയിലെ മറുപടി നിർണ്ണായകം; കാക്കനാട് ജില്ലാ ജയിലെ ചോദ്യം ചെയ്യലിൽ കസ്റ്റംസ് പ്രതീക്ഷിക്കുന്നത് സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതി ചേർക്കാനുള്ള തെളിവ് കിട്ടുമെന്ന്; രാമമൂർത്തിയുടെ കൈയിൽ നിന്ന് അസുഖം പറഞ്ഞ് ചാടിയ ശിവശങ്കറിനെ പൂട്ടാൻ വിവേക് വാസുദേവൻ നായർ
കൊച്ചി: സ്വർണ്ണ കടത്ത് കേസിലും എം ശിവശങ്കർ പ്രതിയാകും. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കാക്കനാട്ടെ ജില്ലാ ജയിലിൽ ശിവശങ്കറിനെ ചോദ്യം ചെയ്യും. ശിവശങ്കർ നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതിയാണെന്നു സംശയിക്കുന്നതായി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കസ്റ്റംസ് ബോധിപ്പിച്ചിട്ടുണ്ട്. എന്നാൽ കുറ്റകൃത്യത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം കൃത്യമായി നിർണയിക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് അറിയിച്ചു.
ശിവശങ്കറിനെ ആദ്യം കസ്റ്റഡിയിൽ എടുക്കാൻ പദ്ധതിയിട്ടത് കസ്റ്റംസായിരുന്നു. ശിവശങ്കറിന്റെ വീട്ടിലെത്തി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തി നോട്ടീസ് നൽകി. തുടർന്ന് കസ്റ്റംസ് വാഹനത്തിൽ കയറ്റി. എന്നാൽ അസുഖം അഭിനയിച്ച് ചോദ്യം ചെയ്യൽ ഒഴിവാക്കി. പിന്നീട് മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ ഇഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അങ്ങനെ കസ്റ്റംസിൽ നിന്ന് വഴുതി പോയ ശിവശങ്കറെയാണ് കാക്കനാട്ടെ ജയിലിൽ ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ലോക്കറിൽ നിന്നു ലഭിച്ച ഒരു കോടി രൂപ ആരുടേത് എന്ന ചർച്ചകൾക്കിടെയാണ് ചോദ്യം ചെയ്യൽ. ഇന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് കസ്റ്റംസ് തേടുന്നത് ഇതിന്റെ ഉത്തരമാകും. മറുപടി ശിവശങ്കറിനു മാത്രമല്ല, കസ്റ്റംസിനും നിർണായകമാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ശിവശങ്കർ ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്. തിങ്കളാഴ്ച രാവിലെ 10 മുതൽ 5 വരെ ചോദ്യം ചെയ്യാം. 2 മണിക്കൂർ കൂടുമ്പോൾ അരമണിക്കൂർ വിശ്രമം നൽകണം. ആവശ്യപ്പെട്ടാൽ അഭിഭാഷകനെ ബന്ധപ്പെടാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്ത ഒരുകോടി രൂപ സ്വർണക്കടത്തിൽ സ്വപ്നയ്ക്കു ലഭിച്ച പ്രതിഫലമാണെന്നാണു കസ്റ്റംസും എൻഐഎയും കണ്ടെത്തിയത്. ലോക്കറിലെ പണം, ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ വാദം. സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം ശിവശങ്കറാണെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ലോക്കറിലെ പണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ നിർണ്ണായകമാകും.
സ്വപ്നയുടെ ലോക്കറിലെ പണം ലൈഫ് മിഷൻ കോഴയാണെന്ന ഇഡിയുടെ വാദം അംഗീകരിച്ചാൽ, സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കാനുള്ള കസ്റ്റംസിന്റെ നീക്കത്തിനു തിരിച്ചടിയാകും. സംസ്ഥാന പദ്ധതിയിലെ കോഴപ്പണം സ്വർണക്കടത്തുമായി ബന്ധിപ്പിക്കാനാകില്ല. സ്വർണക്കടത്ത് ശിവശങ്കർ അറിഞ്ഞുകൊണ്ടാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ശിവശങ്കർ ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള ഇഡിയുടെ വാദങ്ങളും നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തിൽ ശിവശങ്കറിന് ഒഴിഞ്ഞു മാറാകില്ലെന്ന വിലയിരുത്തലുമുണ്ട്.
അതിനിടെ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്തു ക്രിമിനൽ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു തടയാൻ കഴിയില്ലെന്നു കസ്റ്റംസ് നിലപാട് എടുത്തിട്ടുണ്ട്. കോടതിയിൽ മുദ്രവച്ചു സമർപ്പിച്ച കവറിലെ മൊഴികൾ ചോർന്നതായി ആരോപിച്ചു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിലാണു കസ്റ്റംസ് നിലപാടു വ്യക്തമാക്കിയത്. മൊഴികൾ ചോർത്തിയവർക്കും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കും എതിരെ കോടതിയലക്ഷ്യക്കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. ഹർജി നിലനിൽക്കുന്നതല്ലെന്നു കസ്റ്റംസ് ചൂണ്ടിക്കാട്ടി. വിവരം ചോർത്തിയത് ആരാണെന്നു ഹർജിയിൽ പറയുന്നില്ല. അവ്യക്തമായ ആരോപണത്തിന്റെ പേരിൽ മാധ്യമങ്ങൾക്കു മുന്നിൽ കോടതിയുടെ വാതിൽ അടച്ചിടാൻ കഴിയില്ലെന്നും കസ്റ്റംസ് എതിർസത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ലൈഫ്മിഷൻ ക്രമക്കേടിൽ ചോദ്യംചെയ്യാൻ വിജിലൻസും
ലൈഫ്മിഷൻ ക്രമക്കേടിൽ എം.ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു പിന്നാലെ വിജിലൻസും. ഈ ആവശ്യവുമായി വിജിലൻസ് ചൊവ്വാഴ്ച എറണാകുളം സെഷൻസ് കോടതിയെ സമീപിക്കും. വിജിലൻസ് കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്‌ളാറ്റ് ക്രമക്കേടിൽ കേന്ദ്രസ്ഥാനത്തു ശിവശങ്കർ ആണെന്നാണു വിജിലൻസിന്റെ നിഗമനം. അതുകൊണ്ടുതന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാതെ മുന്നോട്ടുപോകാനാകില്ലെന്നാണു നിലപാട്.
ലോക്കറിൽ നിന്നു കണ്ടെടുത്ത 1.05 കോടി രൂപ കൈക്കൂലിയായിരുന്നെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിക്കു 3.25 കോടി കമ്മിഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്ന വിജിലൻസിനോടു സമ്മതിച്ചിട്ടുണ്ട്. കമ്മിഷൻ നൽകിയശേഷം സന്തോഷ് ഈപ്പൻ ശിവശങ്കറെ ഓഫിസിലെത്തി കണ്ടെന്നു വിജിലൻസിനോടു സമ്മതിച്ചിരുന്നു. താൻ ലൈഫ്മിഷൻ സിഇഒ ആയിരുന്നെങ്കിലും എല്ലാം നിയന്ത്രിച്ചതു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കറായിരുന്നെന്നാണു യു.വി. ജോസ് 2 തവണയും മൊഴി നൽകിയത്. ഇതിനുശേഷമാണു ശിവശങ്കറിനെ 5 ാം പ്രതിയാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയത്. കമ്മിഷൻ തുകയിലൊരു പങ്ക് ശിവശങ്കറിനു കിട്ടിയിട്ടുണ്ടെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണു ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ