- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് കേസിൽ പ്രതി, ജയിൽ വാസം; ഒന്നരവർഷത്തെ സസ്‌പെൻഷന് ശേഷം സർവീസിൽ; ശിവശങ്കറിന് കായികം, യുവജനക്ഷേമ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി പുനർ നിയമനം; സർവ്വീസ് കാലാവധി 2023 ജനുവരിവരെ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഒന്നരവർഷത്തിന് ശേഷം തിരികെ സർവീസിൽ പ്രവേശിച്ചു. സസ്പെൻഷൻ കഴിഞ്ഞ് സർവീസിൽ പ്രവേശിച്ച എം ശിവശങ്കരനെ സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമിച്ചത്. 2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സർവ്വീസ് കാലാവധി.
ഒന്നരവർഷത്തെ സസ്‌പെൻഷന് ശേഷം ഇന്നാണ് ശിവശങ്കർ സർവ്വീസിൽ തിരികെ പ്രവേശിച്ചത്. സെക്രട്ടറിയേറ്റിലെത്തി ചീഫ് സെക്രട്ടറിയെ കണ്ട ശിവശങ്കറിന് ഉച്ചയോടെയാണ് പുതിയ നിയമനം നൽകി ഉത്തരവിറങ്ങിയത്. ശിവശങ്കറിന്റെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസം സർക്കാർ പിൻവലിച്ച സാഹചര്യത്തിലാണ് സർവ്വീസിലേക്കുള്ള മടക്കം. സർക്കാരിൽ വി.അബ്ദുറഹ്‌മാനാണ് കായികം,യുവജനക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് സർവ്വീസിൽ പ്രവേശിച്ചത്. ചൊവ്വാഴ്‌ച്ചയാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. സസ്‌പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. ഒരുവർഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്പെൻഷൻ പിൻവലിച്ചത്.
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടർന്ന് 2019 ജൂലൈയിലാണ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. വൈകാതെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ശിവശങ്കർ 98 ദിവസം ജയിലിലും കിടന്നു.
സ്വർണക്കടത്ത് കേസിന് പുറമെ ലൈഫ് മിഷൻ അഴിമതി കേസിലും ശിവശങ്കർ അറസ്റ്റിലായിരുന്നു. 2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കറിന് എല്ലാ കേസിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനാകാൻ സാധിച്ചത്. സസ്‌പെൻഷൻ കാലാവധി ഒരു വർഷം പിന്നിട്ടതോടെയാണ് ശിക്ഷാ നടപടി പിൻവലിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സംബന്ധിച്ച റിവ്യൂ സമിതി സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകുകയായിരുന്നു.ഈ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. പുതിയ കേസുകൾ ഇല്ലാത്തതും സർവ്വീസിൽ തിരിച്ചെത്തുന്നത് നിലവിലെ കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് സമിതി ശുപാർശ ചെയ്തത്.
സ്വർണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് സമിതി ശുപാർശ നൽകിയത്. ശിവശങ്കറിനെതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത് കസ്റ്റംസായിരുന്നു. ഡോളർ കടത്തുമായി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങൾ ഡിസംബർ 30നകം നൽകണമെന്ന് സമിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാൽ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. ഈ സാഹചര്യവും സമിതി വിലയിരുത്തി. പിന്നാലെയാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം സമിതി ഉന്നയിച്ചത്.
ശിവശങ്കറിന്റെ ആദ്യ സസ്‌പെൻഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. ഇതിനു മുൻപായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെൻഷൻ 6 മാസത്തേക്കു നീട്ടുകയായിരുന്നു.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കു സസ്‌പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെൻഡ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ