- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുപമയെയും കെ കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് 'എം സ്വരാജ് ഫാൻസ്' പേജ്; ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? വിശദീകരിക്കാൻ ബാധ്യതയുണ്ടെന്ന് വിമർശിച്ച് ഡോ. ആസാദ്; തന്റെ അറിവും സമ്മതവുമില്ല, ഫാൻ സംസ്കാര രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് വിശദീകരിച്ചു സ്വരാജും
തിരുവനന്തപുരം: അനുപമ വിഷയത്തിൽ സിപിഎം സൈബർ സഖാക്കൾക്ക് ഇനിയും കലിപ്പടങ്ങിയിട്ടില്ല. നിരന്തരം ക്രമക്കേടുകൾ കാണിച്ചിട്ടും അധികാരത്തിന്റെ ഹുങ്കിലാണ് പല നേതാക്കളും പിടിച്ചു നിൽക്കുന്നത്. ഈ വിഷയത്തിൽ അനുപമയുടെ പോരാട്ടം വിജയിച്ചതോടെ ഇവർ ഇരട്ടക്കലിപ്പിലാണ്. ഇതിന് വേണ്ടി അനുപമയെയും അവർക്കൊപ്പം നിന്ന കെ കെ രമ എംഎൽഎയെയും തീർത്തും മോശമായി ചിത്രീകരിച്ചു കൊണ്ടും സൈബർ ലോകത്ത് പോ്സ്റ്റിടുകയാണ്.
ഇരുവരെയും അഭിസാരികമാരായി ചിത്രീകരിച്ചു കൊണ്ടും ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും സൈബർ ഇടത്തിലുണ്ട്. എം സ്വരാജ് ഫാൻസ്, ചെങ്കൊടിയേന്തിയ കൈകൾ തുടങ്ങിയ പേജുകളിലൂടെ തീർത്തും അധിക്ഷേപിക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നത്. ഇതിൽ സൈബർ ലോകത്തും പ്രതിഷേധം ഉയർന്നതോടെ സ്വരാജ് തന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നു.
ഡോ. ആസാദ് അടക്കം പ്രതിഷേധം ഉയർത്തിയിരുന്നു. ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? എം സ്വരാജിന്റെ പേര് ദുരുപയോഗം ചെയ്തതാണോ? അതോ സ്വരാജിന്റെ പിന്തുണയുണ്ടോ? സ്വരാജിനും പാർട്ടിക്കും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബാദ്ധ്യതയുണ്ട്. സർക്കാറിന് കേസെടുക്കാനും ബാദ്ധ്യതയുണ്ട്.
നമ്മുടെ സാമൂഹിക മാധ്യമങ്ങളിൽ ഇവ്വിധം ഹീനമായ അഴിഞ്ഞാട്ടം സാദ്ധ്യമാണോ? മുഖ്യമന്ത്രിയെപ്പറ്റി പരാമർശിച്ചാൽ കേസെടുക്കുന്ന നാടാണ്. രണ്ടു സ്ത്രീകൾക്കെതിരെ ( അതിൽ ഒരാൾ എം എൽ എയുമാണ്) നടത്തുന്ന -- പ്രയോഗത്തിന്റെ അർത്ഥമെന്താണ്? അതിൽ കേസെടുക്കാൻ സർക്കാർ കാത്തുനിന്നുകൂടാ. കടുത്ത പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നുവെന്നും ഡോ. ആസാദ് പറയുകയുണ്ടായി.
ഇതിന് പിന്നാലെയാണ് സ്വരാജ് വിശദീകരണ പോസ്റ്റുമായി രംഗത്തുവന്നത്. 'ഫാൻ സംസ്കാരത്തിന്റെ ' രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്ന് സ്വരാജ് വ്യക്തമാക്കി. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ലെന്നു സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
'ഫാൻ സംസ്കാരത്തിന്റെ ' രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല.
ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.
ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല.
എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
- ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ - .
എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്.
ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല.
നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്.
എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.
വല്ലപോഴും M Swaraj എന്ന വെരിഫൈഡ് എആ പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.
പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിക്ക് ഉത്തരവാദിത്തമുണ്ട്.
അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.
എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്.
ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല.
എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.
- എം.സ്വരാജ് .
മറുനാടന് ഡെസ്ക്