തിരുവനന്തപുരം: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്നും അട്ടിമറി വിജയം നേടിയാണ് ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് നേടിയത്. മന്ത്രി കെ ബാബുവിനെയാണ് ഇവിടെ സ്വരാജ് അട്ടിമറിച്ചത്. പല കോണുകളിൽ നിന്നുള്ള എതിർപ്പുകളെ അതിജീവിച്ചാണ് സ്വരാജ് അട്ടിമറി വിജയം നേടിയത്. തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച സ്വരാജ്. തെരഞ്ഞെടുപ്പ് കാലത്തെ മൊഴിമുത്തുകൾ ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്കെതിരെ വിമർശകർ ഉന്നയിച്ച കാര്യങ്ങളാണ് സ്വരാജ് ഫേസ്‌ബുക്കിൽ എഴുതിയത്. സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് ഈ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സ്‌നേഹത്തോടെ, നന്ദിപൂർവ്വം ......
എം. സ്വരാജ്.
ഇടതുപക്ഷത്തിന് മഹാവിജയം സമ്മാനിച്ച കേരളമെമ്പാടുമുള്ള വോട്ടർമാരോടും , പ്രത്യേകിച്ച് തൃപ്പൂണിത്തുറയിലെ വോട്ടർമാരോടും സ്‌നേഹപൂർവ്വം നന്ദി അറിയിക്കട്ടെ.
തൃപ്പൂണിത്തുറയിലെ ജനങ്ങൾ ഇടതുപക്ഷത്തിൽ അർപ്പിച്ച വിശ്വാസം പോറലേൽക്കാതെ സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകുന്നു.

മത്സര രംഗത്ത് ആദ്യമായി കടന്നു വന്ന എനിക്ക് ഓർമയിൽ തങ്ങി നിൽക്കുന്ന ഒരുപാടു് അനുഭവങ്ങൾ ഈ തിരഞ്ഞെടുപ്പ് നൽകി. സമയം പോലെ ചിലതൊക്കെ പിന്നീട് എഴുതാം . ചില തമാശകൾ മാത്രം ഇവിടെ കുറിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ പോലും മറുപടി പറയാതെ ഞാൻ അവഗണിച്ചു തള്ളിയ ചില തമാശകൾ. അതിൽ ചില തമാശകൾക്ക് കോഴപ്പണത്തിന്റെ പങ്കിന്റെ ഗന്ധമുണ്ടായിരുന്നു എന്ന് സംശയിക്കുന്നവരുണ്ട്. ഏതായാലും ഈയവസരത്തിൽ അത്തരം ചിലത് ഓർക്കുന്നു. പറഞ്ഞവരെ ഓർമിപ്പിക്കുന്നു.

മൊഴിമുത്തുകൾ.....

1. ''സ്വരാജിന് തൃപ്പൂണിത്തുറ യുടെ അക്ഷാംശവും രേഖാംശവും അറിയില്ല, തൃപ്പൂണിത്തുറക്കാർക്ക് സ്വരാജിനെയും അറിയില്ല. രാഷ്ട്രീയ ശവപ്പറമ്പിലേക്ക് സ്വരാജിന് സ്വാഗതം. ടെണ്ടടേ' .... (പ്രത്യേക സ്വരവും, ഭാവവും) - അഡ്വ.എ.ജയശങ്കർ.

2. 'തൃപ്പൂണിത്തുറയിലെ ജനങ്ങൾ സ്വരാജിന് കാപ്പിറ്റൽ പണിഷ്‌മെന്റ് വിധിക്കും'' -അഡ്വ.എ.ജയശങ്കർ.

3. ''സ്വരാജിനെ പപ്പടം പൊടിക്കുന്നതു പോലെ പൊടിക്കും' - ശ്രീ.കെ.ബാബു.

4.' മെയ് 19ന് സ്വരാജിന് വണ്ടി കയറേണ്ടി വരും '- ശ്രീ.കെ.ബാബു.

5.' മത്സരം ഞാനും കെ.ബാബുവും തമ്മിലാണ്. സ്വരാജ് ചിത്രത്തിലേയില്ല' - ശ്രീ. തുറവൂർ വിശ്വംഭരൻ (BJP . സ്ഥാനാർത്ഥി )

6 'എം.സ്വരാജ് എത്തിയതോടെ മണ്ഡലം ഭദ്രമാണെന്ന് ബാബുവിന് തോന്നിത്തുടങ്ങി ' - ഒരു മാദ്ധ്യമ പ്രവർത്തകൻ, ( ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ)

7. 'സ്വരാജാണ് സ്ഥാനാർത്ഥിയെങ്കിൽ ബാബു വീട്ടിലിരുന്ന് ജയിക്കും' - മറ്റൊരു മാദ്ധ്യമ പ്രവർത്തകൻ (സ്വകാര്യ സംഭാഷണം)

8. ' മനുഷ്യരോട് മര്യാദയ്ക്ക് ചിരിക്കാനറിയാത്ത ഇവനാണോ സ്ഥാനാർത്ഥി.....?! ' - വേറൊരു മാദ്ധ്യമ പ്രവർത്തകൻ (സ്വകാര്യ സംഭാഷണം)

ഇനിയുമുണ്ട് ഈ ഗണത്തിൽ പെടുത്താവുന്ന അമൂല്യമായ മൊഴി മുത്തുകൾ. ഈയവസരത്തിലും ഞാനിതിനൊന്നും മറുപടി പറയുന്നില്ല. എന്തുകൊണ്ടെന്നാൽ എന്നെ അക്ഷാംശവും രേഖാംശവും പഠിപ്പിക്കാനിറങ്ങിയ കോഴയുടെ പങ്കു പറ്റി ഉൾപ്പെടെയുള്ള പരമ മാന്യന്മാർക്ക് തൃപ്പൂണിത്തുറയിലെ ജനങ്ങൾ മറുപടി നൽകിക്കഴിഞ്ഞു.