തിരുവനന്തപുരം:ഹാരിസൺ മലയാളം കേസിൽ കമ്പനിക്ക് അനുകൂലമായ ഉത്തരവ്് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചതിന് പിന്നാലെ ആരോപണ-പ്രത്യാരോപണങ്ങളും തുടങ്ങി. ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി ഹൈക്കോടതി റദ്ദു ചെയ്തിരിക്കുകയാണ്. സിംഗിൾ ബെഞ്ച് വിധി റദ്ദു ചെയ്തു കൊണ്ടാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 38,000 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. ഇതോടെ സർക്കാരും തോട്ടം ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിധി ജനങ്ങൾക്കെതിരാണെന്ന വാദവുമായി എം.സ്വരാജ് എംഎ‍ൽഎ രംഗത്തെത്തി. ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യമെന്നും സ്വരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ്:

വിധി പ്രഹരമേൽപിച്ചത് കേരളത്തെ ...

കോടതികളുടെ നിലനിൽപ് കോടതി വിധികളോടുള്ള സാധാരണ ജനങ്ങളുടെ ബഹുമാനത്തെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞത് ന്യൂ ജഴ്‌സിയിലെ പഴയ ചീഫ് ജസ്റ്റീസായിരുന്ന ആർതർ ടി വാണ്ടർ ബിൽറ്റായിരുന്നു.

ഹാരിസൺ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങൾക്കെതിരാണ്. പാവപ്പെട്ടവന്റെ താൽപര്യങ്ങൾക്കെതിരാണ് .

ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങൾ ജീവിക്കുന്ന നാട്ടിൽ ,
തലചായ്ക്കാൻ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നിൽ ,
38,000 ഏക്ര ഭൂമി കൈവശം വെയ്ക്കുന്നവർ കുറ്റവാളികളാണ്.

ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോൾ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേൽ നടപടി സ്വീകരിക്കേണ്ടവർ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യമാണ്. ?

സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കൺമുന്നിൽ അനീതിയും നിയമ ലംഘനവും നടക്കുമ്പോൾ അധികാരം അനീതിക്കൊപ്പമാവുന്നത് ദുഃഖകരമാണ്. അപമാനകരമാണ്.

പാട്ടക്കാലാവധി കഴിഞ്ഞ , അന്യായമായി കൈവശം വെയ്ക്കുന്ന പതിനായിരക്കണക്കിന് എക്ര ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഈ നാട്ടിലെ ഭൂരഹിതരായ ദരിദ്രരാണ്. തങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ മറ്റാരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ടതില്ലെന്ന് ദരിദ്രരായ ജനങ്ങൾ തിരിച്ചറിയും. ചിലതരം വിധികൾ നിയമവാഴ്ചയെത്തന്നെ ദുർബലപ്പെടുത്തിയേക്കും.