തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് ലേഖകനെതിരെ എം സ്വരാജ് എംഎൽഎ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹരി എന്ന യുവാവിന്റെ കഥനകഥ എന്ന പേരിലാണ് സ്വരാജ് പോസ്റ്റിട്ടത്. ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട നിലയിൽ കൊല്ലം സ്വദേശിയായ ഹരി എന്ന യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തയ്‌ക്കെതിരെയാണ് സ്വരാജ് പോസ്റ്റിട്ടത്. 

ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹരി എന്ന 'യുവാവിന്റെ ' കദന കഥ ....
എം.സ്വരാജ്.


ഏതോ ഒരു കൊല്ലം കാരൻ ഹരി എന്ന 'യുവാവിന് ' എന്തോ പറ്റിയത്രെ.
54 വയസുള്ള ആൾ യുവാവാണ്. അതെ അഞ്ചു വയസുകാരനെ അപ്പൂപ്പനെന്നും അമ്പതുകാരനെ യുവാവെന്നും ഒക്കെ വിളിക്കുന്നത് ക്രിമിനൽ കുറ്റമൊന്നുമല്ല. പക്ഷെ അങ്ങനെ വിളിക്കുന്നവരെ ചികിത്സിക്കുന്നതിൽ തെറ്റുമില്ല .

അതിലും ഭീകരമായ പ്രയോഗമാണ് 'കൊല്ലം സ്വദേശിയായ ഹരി' . ഒരു സന്യാസിയെ പൂർവ്വാശ്രമത്തിലെ പേര് വിളിച്ച് ഇങ്ങനെ അപമാനിക്കാമോ ???'

സ്വാമി ഗംഗേശാനന്ദ തീർത്ഥ പാദർ എന്ന് പറഞ്ഞാൽ ചിലർക്കു് നാവു പൊള്ളുമോ ? ഇദ്ദേഹം ഹിന്ദു ഐക്യവേദിയുടെ ജിഹ്വയായി പാറിപ്പറക്കുമ്പോഴും 'കൊല്ലം സ്വദേശിയായ ഹരി' ആയിരുന്നോ നിങ്ങൾക്കയാൾ .???

ഒരു കള്ളസ്വാമിയുടെ പേരും വിലാസവും പറയാൻ മടിക്കുന്നവർ പറയാതെ പറയുന്നുണ്ട് ചിലതൊക്കെ... മുമ്പ് അർദ്ധ ഫാസിസത്തിന്റെ കാലത്തും ഇരിക്കാൻ ആജ്ഞാപിച്ചപ്പോഴേയ്ക്ക് ചിലരൊക്കെ മുട്ടുകാലിലിഴഞ്ഞിട്ടുണ്ട് ....

വില കൊടുത്താൽ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങാൻ കിട്ടുന്നതല്ല നട്ടെല്ല് .
പൂജനീയ സ്വാമിയുടെ പൂർവ്വാശ്രമത്തിലെ പേരും തപ്പിയിറങ്ങിയിരിക്കുന്ന മാന്യന്മാരേ കൊല്ലം സ്വദേശി ഹരി എന്ന 'യുവാവിന്റെ ' വീടിനടുത്ത് ഏതെങ്കിലും സിപിഐ (എം) പ്രവർത്തകന്റെ അകന്ന ബന്ധുവിന്റെ അളിയന്റെ അനിയന്റെ അമ്മൂമ്മേടെ അനന്തിരവനുണ്ടോന്ന് അന്വേഷിക്ക്. നമുക്ക് ഒരു ചർച്ച നടത്തി മുഖ്യമന്ത്രിയെ രാജിവെപ്പിക്കാം.