തിരുവനന്തപുരം: കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിന്ന വിഷയമാണ് സിപിഐ(എം) സംസ്ഥാന സമ്മേളനം. പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനെതിരെ യുവതലമുറയിലെ നേതാക്കൾ മോശമായ പദപ്രയോഗങ്ങൾ നടത്തി എന്ന നിലയിൽ മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

സിപിഐ(എം) സംസ്ഥാന സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം സ്വരാജാണ് മാദ്ധ്യമങ്ങളുടെ ആക്രമണം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന യുവ നേതാവ്. വി എസ് അച്യുതാനന്ദനും സിപിഐ(എം) സംസ്ഥാന സമ്മേളനവും മാദ്ധ്യമങ്ങൾക്ക് നിറയെ വാർത്തകൾ നൽകിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട ഈ യുവനേതാവ് ആരോപണങ്ങൾക്കെല്ലാം മറുപടി പറയുകയാണ്.

ഹീനമായ നുണകളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലാണ് സ്വരാജ് മറുപടി നൽകിയിരിക്കുന്നത്. ആധുനിക സമൂഹത്തിലും ഇത്തരം ആക്രമണരീതികൾ തന്നെ അവലംബിക്കുന്നവരുടെ മാനസികാവസ്ഥ വിചിത്രമെന്നാണ് സ്വരാജ് പറയുന്നത്. അതിർവരമ്പുകളെല്ലാം ലംഘിച്ചുള്ള നുണ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.

പറയുകയോ ചിന്തിക്കുകപോലുമോ ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ആദ്യകാലങ്ങളിലുണ്ടായ മാനസിക പ്രയാസമൊന്നും ഇപ്പോഴില്ല. ഈ ഗണത്തിൽപ്പെടുന്ന നിരവധി അനുഭവങ്ങളെ ഒട്ടൊക്കെ നിസംഗതയോടെ മാത്രമാണ് ഇപ്പോൾ ഓർക്കാൻ കഴിയുന്നത്. തുടർച്ചയായി ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഇങ്ങനെയുള്ള പ്രചരണങ്ങളെയൊക്കെ നിസ്സാരമായി അവഗണിച്ചുതള്ളാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരുമെന്നും സ്വരാജ് പറയുന്നു.

സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.