തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെതിരെ പാർട്ടി അന്വേഷണം. തെരഞ്ഞെടുപ്പ് ചെലവിന് അനുവദിച്ച തുകയിൽ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ലെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം നടക്കുന്നത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോഴത്തെ കണക്കാണ് ഹാജരാക്കാത്തത്. ബിജെപി കേന്ദ്രനേതൃത്വം 87 ലക്ഷം രൂപയാണ് സ്ഥാനാർത്ഥിക്ക് ചെലവിനായി നൽകിയത്. ഇതിൽ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്കാണ് നൽകാത്തത്.

ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ടി ആർ അജിത്കുമാറിനേയും അന്വേഷണ സമിതി വിളിച്ചുവരുത്തും. കണക്ക് കൊടുക്കാത്തത് അന്വേഷിക്കാൻ തീരുമാനിച്ചതോടെ പണം തിരികെ നൽകാമെന്ന് അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ബിജെപിയും ആർഎസ്എസും സംയുക്തമായാണ് അന്വേഷിക്കുന്നത്. മെഡിക്കൽ കോളജ് അഴിമതി സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ടിൽ എംടി രമേശിന്റെ പേരും ഉൾപ്പെട്ടിരുന്നു. തന്നെ മനഃപൂർവ്വം തേജോവധം ചെയ്യാനുള്ള ശ്രമമാണ് പാർട്ടിയിലെ സഹപ്രവർത്തകർ നടത്തുന്നതെന്ന് ആരോപിച്ച പാർട്ടി കോർകമ്മിറ്റി യോഗത്തിൽ എം ടി രമേശ് പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു പരാതിയിലും പാർട്ടി തന്നെ അന്വേഷണം നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിലെ സ്ഥാനാർത്ഥിയും എം ടി രമേശ് തന്നെയായിരുന്നു.