തിരുവനന്തപുരം: സംസ്ഥാനത്തെ മുപ്പത് ബ്ലോക്ക് പഞ്ചായത്തുകളെ ആസ്പിറേഷണൽ ജില്ലകളുടെ മാതൃകയിൽ പരിഗണിച്ച് വികസന പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ തലങ്ങളിലുള്ള സാമൂഹിക നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള മാർഗനിർദേശങ്ങൾ ആസ്പിറേഷണൽ ബ്ലോക്ക് പഞ്ചായത്തുകളിൽ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

കാസർഗോഡ് - പരപ്പ, കാറഡുക്ക, കണ്ണൂർ - ഇരിട്ടി, വയനാട് - കൽപ്പറ്റ, പനമരം, സുൽത്താൻബത്തേരി, മാനന്തവാടി, കോഴിക്കോട് - പേരാമ്പ്ര, മലപ്പുറം - നിലമ്പൂർ, അരീക്കോട്, കാളികാവ്, വണ്ടൂർ, പാലക്കാട് - തൃത്താല, കൊല്ലങ്കോട്, നെന്മാറ, അട്ടപ്പാടി, ചിറ്റൂർ, ഇടുക്കി - ദേവീകുളം, ഇടുക്കി, അഴുത, അടിമാലി, നെടുങ്കണ്ടം, കോട്ടയം - വൈക്കം, ആലപ്പുഴ - തൈക്കാട്ടുശ്ശേരി, ചമ്പക്കുളം, വെളിയനാട്, പത്തനംതിട്ട - കോന്നി, കൊല്ലം - അഞ്ചൽ, തിരുവനന്തപുരം - കിളിമാനൂർ, വാമനപുരം എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയാണ് ആസ്പിറേഷണൽ ബ്ലോക്കുകളായി പരിഗണിച്ച് ഇടപെടുകയെന്ന് മന്ത്രി വ്യക്തമാക്കി.

സാമൂഹിക സാമ്പത്തിക സർവ്വെ പ്രകാരം നിരാലംബരായ കുടുംബങ്ങളെയും ഭൂരഹിതരേയും കൂലിവേല ചെയ്യുന്ന തൊഴിലാളികളുടെ സാന്ദ്രത, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുള്ളവർ, വിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞുപോവുന്ന വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങളും പരിഗണിച്ചാണ് ആസ്പിറേഷൻ ബ്ലോക്കുകളെ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

നീതി ആയോഗ് ഗവേണിങ് കൗൺസിലിന്റെ നിർദേശ പ്രകാരം നേരത്തെ ആസ്പിറേഷണൽ ജില്ലകളെ കണ്ടെത്തി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. അതേ രീതിയിലാണ് ആസ്പിറേഷണൽ ബ്ലോക്കുകളുടെ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.