കൊല്ലം: ബിജെപി ഭരണത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിന്റെ തുരുത്തുകളായി മാറിയെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. മോദി ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു. ഇതിനു ബദലായി മാതൃകാപദ്ധതികൾ യാഥാർഥ്യമാക്കിയാണ് നിതി ആയോഗ് പട്ടികയിൽ ദാരിദ്ര്യം എറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്. സിപിഐ എം കൊല്ലം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യം തീരെക്കുറച്ച് പട്ടിണി ഇല്ലാതാക്കിയ ഒരേയൊരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഭാവിതന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടി നിർണയിക്കുന്നത്. കേരള സമൂഹത്തെയാകെ നവീകരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഒരുപങ്ക് സാധാരണക്കാർക്ക് ലഭിക്കുന്നെന്നും സർക്കാർ ഉറപ്പാക്കും. കേരളത്തിന്റെ വികസനത്തിന് എതിരായാണ് യുഡിഎഫും ബിജെപിയും പ്രവർത്തിക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് ഒരു വികസനവും ഉണ്ടാവരുതെന്നാണ് യുഡിഎഫ് നിലപാട്. കെ റെയിൽ, ആറുവരിപ്പാത തുടങ്ങി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കെതിരായ യുഡിഎഫ്-ബിജെപി രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയും.

ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് യുഡിഎഫും ബിജെപിയും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് ദുർബലപ്പെടുന്നു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാൻ ആർഎസ്എസുമായി ചേർന്ന് ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ഉപയോഗിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.