കണ്ണൂർ: ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനും തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കൊലപാതകപരമ്പരകൾ നടത്തി സമാധാനജനജീവിതം തകർക്കാൻ ശ്രമിക്കുന്ന വിധ്വംസകശക്തികൾക്കെതിരെ ജനാധിപത്യവിശ്വാസികൾ രംഗത്തിറങ്ങണം. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിലാണ് ഇന്ന് ഒരു വിദ്യാർത്ഥിയുടെ ജീവനെടുത്തത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അക്രമികൾ കുത്തിക്കെടുത്തിയത്. കൊടും ക്രിമിനലായ ഒരു നേതാവ് കെപിസിസി പ്രസിഡന്റായതോടെ അണികൾ അക്രമപരമ്പരക്ക് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

അക്രമങ്ങൾ നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത നേതാവുതന്നെയാണ് ഈ കൊലപാതകത്തിനും ഉത്തരവാദി. ഗാന്ധിമാർഗമല്ല, അക്രമമാർഗമാണ് കോൺഗ്രസ് സ്വീകരിക്കേണ്ടതെന്നാണ് ഈ നേതാവ് അണികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആറുവർഷത്തിനിടയിൽ കോൺഗ്രസ്സും ആർഎസ്എസ്സും ലീഗും ചേർന്ന് സിപിഐ എമ്മിന്റെ ഒമ്പത് പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെയായിരുന്നു കൊലപാതകങ്ങളെല്ലാം. കോൺഗ്രസ്സാണ് ഏറ്റവും കൂടുതൽ പേരെ കൊലപ്പെടുത്തിയത്.

തുടർച്ചയായി ഇത്തരം അക്രമങ്ങളുമായി മുന്നോട്ടുപോവുന്നവർ ജനകീയ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവരും. കൊല നടത്തുകയും മാർസിസ്റ്റ് ആക്രമണമെന്ന മുറവിളികൂട്ടിയും ജനങ്ങളെ പറ്റിക്കാൻ ഇനി ആവില്ല. ഇടുക്കി എൻജിനീയറിങ്ങ് കോളേജിന്റെ ക്യാമ്പസിന് വെളിയിൽ നിന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ക്രിമിനൽ സംഘം കൊലപാതകം നടത്തിയത്.

ഇതിന് നേതൃത്വത്തിന്റെ അറിവുണ്ട്. കേരളത്തിലെ ക്യാമ്പസുകളിലെമ്പാടും വിദ്യാർത്ഥികൾ എസ്എഫ്‌ഐയോടൊപ്പം ചേർന്നുനിൽക്കുന്നതിൽ വിറളിപൂണ്ടവർ ആക്രമണം നടത്തി വിദ്യാർത്ഥി മുന്നേറ്റത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്. കൊലപാതകരാഷ്ട്രീയത്തിലൂടെ എസ്എഫ്‌ഐയെ തകർക്കാനാവില്ലെന്നതിന് ചരിത്രം തന്നെ ഉജ്ജ്വലമായ മറുപടി നൽകിയിട്ടുണ്ട്. ധീരരക്തസാക്ഷി ധീരജിന്റെ വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് ജയരാജൻ പ്രസ്താവിച്ചു.