- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുത്; പി ജെ ആർമിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധം; പി ജെ ആർമി പ്രചരണങ്ങളിൽ പി ജയരാജന് പങ്കില്ല; സ്ഥാനാർത്ഥിത്വ വിവാദത്തിൽ പ്രതികരിച്ച് എം വി ജയരാജൻ; പി ജയരാജന്റെ സഹോദരി പി സതീദേവിക്ക് കൊയിലാണ്ടി സീറ്റ് നിഷേധിച്ചതും വിവാദത്തിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പി ജയരാജന് സീറ്റു നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പി ജയരാജന്റെ സ്ഥാനാർത്ഥിത്വ വിവാദത്തിൽ പ്രതികരണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തി. . വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു. മരണത്തിന്റെ വക്കോളം എത്തിയ കോവിഡ് കാലത്തിന് ശേഷം ജീവിതത്തിലേക്കുള്ള രണ്ടാം വരവിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, രോഗകാലത്തെ അനുഭവങ്ങളും ഒക്കെ പങ്കുവയ്ക്കുകയാണ് എം വി ജയരാജൻ.
പി ജെ ആർമിയെ ഒരുക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് എം വി ജയരാജൻ പ്രതികരിച്ചു. പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധമാണ്. പി ജെ ആർമി പ്രചരണങ്ങളിൽ പി ജയരാജന് പങ്കില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. പി ജയരാജന് സീറ്റ് നിഷേധിച്ചത് പാർട്ടിക്കകത്ത് വൻ അമർഷത്തിന് ഇടയാക്കിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി വൻ ക്യാമ്പെയിനിംഗാണ് നടന്നത്. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ നിന്ന് അനുഭാവി രാജിവയ്ക്കുകയും ഉണ്ടായി.
അതേസമയം പി.ജയരാജനു നിയമസഭാ സീറ്റ് നിഷേധിച്ചത് കൂടാതെ അദ്ദേഹത്തിന്റെ സഹോദരി പി സതീദേവിക്ക് സീറ്റു നിഷേധിച്ചതും ചർച്ചാവിഷയമാണ്. പി.ജയരാജനെ തഴഞ്ഞതു കണ്ണൂർ ജില്ലാ നേതൃത്വമാണെങ്കിൽ, കോഴിക്കോട് ജില്ലാ നേതൃത്വം നിർദേശിച്ച സതീദേവിയുടെ പേര് വെട്ടിയത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. കൊയിലാണ്ടി സീറ്റിലേക്ക് സിറ്റിങ് എംഎൽഎ കെ.ദാസന്റെ പേരിനൊപ്പം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ സതീദേവിയുടെ പേരും ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു.
തുടർച്ചയായി രണ്ടുവട്ടം എംഎൽഎ ആയവർക്കു സീറ്റ് നൽകേണ്ടെന്ന മാനദണ്ഡത്തിൽ ആർക്കും ഇളവു നൽകേണ്ടെന്നു സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചതോടെ ദാസന്റെ സാധ്യത മങ്ങി. പിന്നീട് പരിഗണനയിലുള്ള പേര് സതീദേവിയുടേത് ആയിരുന്നു. ജില്ലയിൽനിന്നു മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം സിപിഎമ്മിനു വനിതാ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നതിനാൽ കൊയിലാണ്ടിയിൽ വനിത വേണമെന്ന് സംസ്ഥാന സമിതിയുടെ നിർദേശവും സതീദേവിയുടെ സാധ്യതകൾ വർധിപ്പിച്ചു. 2004 09 കാലയളവിൽ വടകരയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു സതീദേവി.
എന്നാൽ സതീദേവിയെ മത്സരിപ്പിക്കേണ്ട എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഒന്നും സതീദേവിയുടെ സ്ഥാനാർത്ഥിത്വത്തിന് തടസ്സമല്ലെന്നു ജില്ലയിൽനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. മറ്റൊരു വനിതയെ കണ്ടെത്താനായിരുന്നു നിർദ്ദേശം. ഒടുവിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയുടെ പേര് നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ നിയമസഭയിൽ പരിഗണിക്കേണ്ട എന്ന സംസ്ഥാന സമിതിയുടെ നിർദ്ദേശം കണക്കിലെടുത്താണു കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് സാധ്യതാപട്ടികയിൽ പി.ജയരാജന്റെ പേര് ഉൾപ്പെടുത്താതിരുന്നത്. എന്നാൽ, രണ്ടു ടേം നിബന്ധന കർശനമാക്കിയ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ മത്സരിപ്പിക്കേണ്ടെന്ന മുൻ തീരുമാനത്തിൽ ഇളവു നൽകാൻ തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വി.എൻ.വാസവൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിക്കാത്തതിനാൽ പി.ജയരാജനെ ഉൾപ്പെടുത്തിയുമില്ല.
മറുനാടന് മലയാളി ബ്യൂറോ