- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിബിഐ കൂട്ടിലടച്ച തത്തയല്ല..പട്ടിയാണ്; യജമാനനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവർക്ക് മുന്നിൽ കുരയ്ക്കുകയുമാണ് ചെയ്യുന്നത്; സർക്കാരിന്റെ വികസനപദ്ധതികളെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രമം'; സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന്റെ പ്രസംഗം വിവാദത്തിൽ
കണ്ണൂർ: സിബിഐയെയും കേന്ദ്ര അന്വേഷണ ഏജസികളെയും രൂക്ഷമായി അപഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ. 'സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണ്. യജമാനനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവർക്ക് മുന്നിൽ കുരയ്ക്കുകയുമാണ് ചെയ്യുന്നത്. '-കണ്ണൂർ സിറ്റിയിൽ കേന്ദ്ര ഏജൻസികൾക്കെതിരായ എൽഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംവി ജയരാജൻ.
സർക്കാരിന്റെ വികസനപദ്ധതികളെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രമം. കിഫ്ബിയുടെ പണം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തിൽ സ്കൂൾ നിർമ്മിച്ചത്. എന്നിട്ടാണ് രമേശ് ചെന്നിത്തല കിഫ്ബി അഴിമതിയാണെന്ന് പറയുന്നതെന്നും ജയരാജൻ പറഞ്ഞു.
സ്വർണക്കടത്ത് അന്വേഷിക്കാൻ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജൻസികളുടെ ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കുകയെന്നതാണെന്നു എ.വിജയരാഘവൻ പറഞ്ഞു. സിബിഐ, ഇഡി ഉൾപ്പെടെ സംസ്ഥാനത്ത് അന്വേഷണം നടത്തുന്ന ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനമാണ് എൽഡിഎഫ് പ്രതിഷേധത്തിൽ ഉയർന്നത്. സർക്കാരിന്റെ വികസനപദ്ധതികളെ തകർക്കാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമമെന്നും യുഡിഎഫും ഇതിനു ഒത്താശ ചെയ്യുകയാണെന്നും എ.വിജയരാഘവൻ ആരോപിച്ചു. ഇഡിക്കും സിബിഐക്കുമെതിരെ രൂക്ഷ വിമർശനമാണ് എം വിജയരാജന്റെ ഭാഗത്തുനിന്നുണ്ടായത്.
സംസ്ഥാനസർക്കാരിനെ പുകമറയ്ക്കുള്ളിൽ നിർത്താനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമർശിച്ചു. സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ലൈഫ് പദ്ധതിയുണ്ടാക്കിയതെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. മലപ്പുറത്ത് എം വി ശ്രേയാംസ് കുമാറും തിരുവല്ലയിൽ മാത്യു ടി.തോമസും പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ