കണ്ണുർ: കെ.സുധാകരൻ എംപിയെയും കണ്ണൂർ കോർപറേഷൻ മേയറെയും അതിരൂക്ഷമായി വിമർശിച്ചു കൊണ്ടു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കെപിസിസി ആ സ്ഥാനത്ത് കുടിയിരുത്തപ്പെട്ട കെ സുധാകരൻ എംപി കെപിസിസി പ്രസിഡന്റായപ്പോൾ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയെ കണ്ണടച്ചു എതിർക്കുകയാണ് ജയരാജൻ ആരോപിച്ചു. സംസ്ഥാന സർക്കാർ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുന്നത് ജനങ്ങൾക്കു വേണ്ടിയാന്ന് എന്നാൽ ഇതിനൊക്കെ കണ്ണുർ എം പി യും മേയറും തുരങ്കം വയ്ക്കുകയാണെന്ന് ജയരാജൻ പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനപദ്ധതികളെ തുരങ്കംവയ്ക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന എൽ.ഡി. എഫ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലപാതയെയും കെ.റെയിൽപദ്ധതിയെയും എതിർക്കുകയാണ് കണ്ണൂർ എംപി ചെയ്യുന്നത്. ഇവരൊക്കെ നാടിന്റെ വികസനപുരോഗതി തടസപ്പെടുത്തുകയാണ്. ഇവരൊന്നും ഒന്നും ചെയ്യില്ലെങ്കിലും എല്ലാത്തിനും തടസം നിൽക്കാൻ മുൻപന്തിയിലുണ്ട്.

എംപിയുടെ അതേ രീതിയിൽ തന്നെയാണ് കണ്ണൂർ മേയറും പ്രവർത്തിക്കുന്നത്. കണ്ണൂർ നഗരത്തിൽ ഫ്ളൈ ഓവർ വരികയെന്നത് ജനങ്ങളുടെ ആവശ്യമാണ്. കണ്ണൂരും ഒരു നഗരമല്ലേ ഈ നഗരത്തിനും വികസനം വേണ്ടേയെന്നും ജയരാജൻ ചോദിച്ചു. ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമി വരുമെന്ന് പറഞ്ഞ് ഭൂമി അക്വയർ ചെയ്തു കൊടുത്തത് സംസ്ഥാന സർക്കാരാണ്. എന്നാൽ പിന്നീട് ചിലരുടെ ഇടപെടൽ കാരണം അതവിടുന്ന് മാറ്റി. എന്നാൽ ഇതിനെ കുറിച്ചു കണ്ണൂർ എംപി ഇതുവരെ ഒരക്ഷരം ഇതുവരെമിണ്ടിയിട്ടില്ല.

ഇതുപോലെ തന്നെയാണ് കണ്ണൂർ റെയിൽവേ സ്്റ്റേഷന്റെ കാര്യവും. ഇവിടെ നിന്നും ടെക്നിക്കൽ എൻജിനിയറിങ് വിഭാഗം മാറ്റിയിട്ടും കോൺഗ്രസോ എംപിയോ പ്രതികരിച്ചിട്ടില്ല. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ തടസപ്പെടുത്തിയവരാണ് ഇവർ. എന്നാൽ ഇച്ഛാശക്തിയോടെ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. അന്ന് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ കഴിയുമോയെന്നു ബിജെപി നേതാവായ കെ.സുരേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചിരുന്നു.

അതു നടപ്പിലാക്കുകയാണെങ്കിൽ താൻ പിണറായി സർക്കാരിനെ സമ്മതിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പൈപ്പിടൽ പൂർത്തിയായി വരുമ്പോൾ സുരേന്ദ്രൻ പ്രതികരിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു. പ്രതിഷേധപരിപാടിയിൽ പി.സന്തോഷ് കുമാർ അധ്യക്ഷനായി.