തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിനെ അഴീക്കോട് സിപിഐ(എം) സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്ന വേളയിൽ മുതൽ പല തരത്തിലുള്ള ചർച്ചകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടന്നിരുന്നു. നികേഷ് കുമാറിന്റെ പിതാവ് എം വി രാഘവനെ എതിർത്ത് കൂത്തുപറമ്പിൽ രക്തസാക്ഷികളായവരെയാണ് ആദ്യം ഓർത്തത്. പിന്നീട് മാദ്ധ്യമപ്രവർത്തകൻ മത്സരിക്കുന്നതിന്റെ അനൗചിത്യവും ചിലർ ചൂണ്ടിക്കാട്ടി. ഇതിനിടെ റിപ്പോർട്ടർ ചാനലിലെ ഓഹരി തട്ടിപ്പും വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ കേസിൽ ഹൈക്കോടതിയിൽ നിന്നും കേസിൽ സ്‌റ്റേ നേടിയ ശേഷം അഴീക്കോട് സ്ഥാനാർത്ഥിയായി രംഗത്തെത്തി.

സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ഇക്കാര്യം അനൗൺ്‌സ് ചെയ്തു കൊണ്ട് നികേഷ് എന്തുകൊണ്ടാണ് താൻ മത്സരിക്കുന്നതെന്നും വ്യക്തമാക്കി. രാഷ്ട്രീയം എന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളിൽ പ്രധാനിയായിരുന്നു അച്ഛൻ എം വി രാഘവൻ. അച്ഛൻ പാർട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തിൽ മാദ്ധ്യമപ്രവർത്തനം എന്ന കർമ്മമണ്ഡലമാണ് ഞാൻ തെരഞ്ഞെടുത്തതെന്നും നികേഷ് കുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഏഷ്യാനെറ്റിലെ ചെറിയ കാലം കഴിഞ്ഞ് ഇന്ത്യാവിഷൻ, റിപ്പോർട്ടർ എന്നീ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ ചുമതലയിലിരുന്നുകൊണ്ടാണ് ഒന്നര പതിറ്റാണ്ടോളം ആ ജോലി ചെയ്തത്. മാദ്ധ്യമപ്രവർത്തനം എനിക്ക് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. മലയാളത്തിൽ ടെലിവിഷൻ വാർത്താസംസ്‌കാരം രൂപപ്പെട്ടുവന്ന കാലമായിരുന്നു ഇത്. ഈ കാലത്തുടനീളം നമ്മുടെ നാടിനെ കൂടുതൽ നീതിയുക്തമായി ഒരു സമൂഹമാക്കാനും നമ്മുടെ രാഷ്ട്രീയ മേഖലയെ കൂടുതൽ സുതാര്യമാക്കാനും നടക്കുന്ന എണ്ണമറ്റ പരിശ്രമങ്ങളുടെ ഭാഗമാകാനാണ് ഞാനും എന്റെ സഹപ്രവർത്തകരും ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലേക്ക് മാറാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും നികേഷ് ഫേസ്‌ബുക്കിൽ കുറിക്കുന്നുണ്ട്. രാഷ്ട്രീയമായി ഇതുവരെ പുലർത്തിപ്പോന്ന നിലപാടുകളുടെ തുടർച്ച തന്നെയാണ് മനസിലുള്ളത്. നമ്മുടെ രാഷ്ട്രീയം ചരിത്രപരമായ ഒരു സന്ധിയിൽ നിൽക്കുമ്പോഴാണ് ഈ തെരഞ്ഞെടുപ്പ്. സാമൂഹിക ജീവിതത്തിൽ വേർതിരിവുകളും അസഹിഷ്ണുതയും വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ബഹുസ്വരവും മതനിരപേക്ഷവുമായ നമ്മുടെ രാഷ്ട്ര മനസിനെ സങ്കുചിതവും മതാത്മകവുമാക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നു. ഇതിന് ഫലപ്രദമായി തടയിടാൻ കഴിയുക ഇടതുപക്ഷ മനസുള്ള ഒരു രാഷ്ട്രീയത്തിനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ സ്ഥാനാർത്ഥിത്വത്തിനുള്ള ഇടതുമുന്നണി പിന്തുണയുടെ വിശദീകരണം ഇതുമാത്രമാണ്.

അഴീക്കോട് എന്റെ ജന്മനാനാടാണ്. നാടുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്. ഞാൻ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. ഈ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് ഈ കുറിപ്പ്.- നികേഷ് കുമാർ വ്യക്തമാക്കി.

 

വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്...

Posted by M V Nikesh Kumar on Wednesday, March 30, 2016