കൊച്ചി: കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ തൃപ്തിയെന്ന് എം.വി നികേഷ് കുമാർ മാധ്യമങ്ങളോട് പ്രതികിരിച്ചു. നിയമപോരാട്ടം തുടരും. തുടക്കം മുതൽ തനിക്കെതിരെ വ്യക്തിഹത്യയും വർഗീയ പ്രചരണവും നടത്തിയിരുന്നു. കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല എന്നാണ് വിധിയിൽനിന്ന് മനസ്സിലാവുന്നത്. രണ്ടര വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു. താൻ ഉന്നയിച്ച കാര്യങ്ങൾ കോടതി അംഗീകരിച്ചു. വീണ്ടും മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഇടതുമുന്നണിയാണെന്നും നികേഷ് കുമാർ പറഞ്ഞു. വിഷയം കൂടുതൽ പഠിച്ച ശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെതിരായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാർ അമുസ്ലിമാണെന്നും, അതിനാൽ മുസ്ലിങ്ങൾ നികേഷിന് വോട്ട് ചെയ്യരുതെന്നും ഷാജിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ച് വിതരണം ചെയ്ത നോട്ടീസ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിയാണ് കോടതി വിധിയുണ്ടായത്.

ആറുവർഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചെലവ് ഇനത്തിൽ 50,000 രൂപ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്.ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. 2000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഴീക്കോട് കെ.എം ഷാജി ജയിച്ചത്.ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാൻ കെ.എം ഷാജി ജനങ്ങൾക്കിടയിൽ വർഗീയമായ പ്രചരണം നടത്തിയെന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനു പിന്നാലെ നികേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.