തിരുവനന്തപുരം: ബാർകോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത് മുതൽ കേരളത്തിലെ ചാനലുകൾക്ക് ചാകരയാണ്. മാസങ്ങളായി നീണ്ടു നിൽക്കുന്ന ബാർകോഴ വിവാദത്തിൽ സുപ്രധാന ഘട്ടത്തിലേക്ക് കടന്നുവെന്ന നിലയിരുത്തലുകളിലാണ് മലയാളം വാർത്താ ചാനലുകൾ. സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളെ ആഘോഷമാക്കുന്ന വിധത്തിലാണ് ചാനലുകൾ സജ്ജീകരണങ്ങൾ ഒരുക്കി തയ്യാറെടുത്തിരിക്കുന്നത്. ഇതിന് തുടക്കമിട്ടതാകട്ടെ എം വി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോർട്ടർ ചാനലും.

ബജറ്റിന് മുന്നോടിയായി ഏതാനും ദിവസങ്ങളായി തലസ്ഥാനത്ത് തങ്ങുന്ന നികേഷ് കുമാർ അരയും തലയും മുറുക്കി രംഗത്തെത്തിയതോടെയാണ് ചാനൽ രംഗം ശരിക്കും കൊഴുത്തത്. ബാർ മുതലാളിമാരുടെ പക്കൽ നിന്നും കോഴ വാങ്ങിയ മൂന്ന് മന്ത്രിമാരുടെ പേര് കൂടി റിപ്പോർട്ടർ ചാനൽ ബ്രേക്ക് ചെയ്തിരുന്നു. എന്നാൽ ചാനലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുക്കാൻ മറ്റ് ചാനലുകൾ വൈമനസ്യം കാണിക്കുകയാണ് ഉണ്ടായത്. കൊച്ചിയിലെ സ്റ്റുഡിയോയിൽ ഇരുന്ന് എല്ലാം നിയന്ത്രിക്കുന്ന പതിവ് ശൈലി വെടിഞ്ഞാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. വാർത്തയുടെ പ്രാധാന്യം അനുസരിച്ച് രണ്ട് ദിവസമായി ചാനലിന്റെ പ്രധാന ചർച്ചാ പരിപാടിയായ എഡിറ്റേഴ്‌സ് അവർ നിയമസഭാ കവാടത്തിന് മുന്നിലേക്ക് മാറ്റിയിരുന്നു. ഇതോടെ ടാം റേറ്റിംഗിൽ കുതിച്ചുചാട്ടം നടത്തിയ റിപ്പോർട്ടർ ചാനൽ പ്രേക്ഷകരെ ആകർഷിക്കാൻ കൂടുതൽ തന്ത്രങ്ങളുമായി രംഗത്തെത്തി.

ചാനലിന്റെ എഡിറ്ററും ദൃശ്യമാദ്ധ്യമരംഗത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ നികേഷ് കുമാർ ആവേശത്തോടെ ബജറ്റ് ചർച്ച കൊഴുപ്പിക്കാൻ എത്തിയതോടെ മറ്റു ചാനലുകളും നികേഷിന്റെ മാതൃക പിന്തുടർന്ന് രംഗത്തെത്തി. രണ്ട് ദിവസം മുമ്പ് റിപ്പോർട്ടർ തുടങ്ങിയ ശൈലി പിന്തുടർന്ന് വിനുവിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റ് ന്യൂസും വാർത്ത ചർച്ച നിയമസഭയ്ക്ക് മുമ്പിലേക്കെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് ഏഷ്യാനെറ്റ് ശൈലിമാറ്റി രംഗത്തെത്തിയത്. പിന്നാലെ അവതാരകർ എത്തിയില്ലെങ്കിലും മുതിർന്ന മാദ്ധ്യമപ്രവർത്തകരെ നിയമസഭയ്ക്ക് മുന്നിലെത്തിച്ച് കൈരളി പീപ്പിൾ ടിവിയും മനോരമ ന്യൂസും രംഗത്തെത്തി.

അതേസമയം ചർച്ചകൾ നയിക്കുന്ന വാർത്താ അവതാരകന്റെ റോളിനൊപ്പം തിരുവനന്തപുരത്തെ റിപ്പോർട്ടറുടെ റോളും കൂടി ഏറ്റെടുത്ത് നികേഷ് കുമാർ രംഗത്തെത്തിയതോടെ മറ്റു ചാനലുകളേക്കാൾ ഒരുപടി മുന്നിലായി റിപ്പോർട്ടർ. വൈകുന്നേരത്തോടെ നിയമസഭയ്ക്ക് പുറത്തും അകത്തു പ്രതിഷേധം കനത്തതോടെയാണ് നികേഷ് ചാനൽ മൈക്ക് കൈയിലെടുത്തത്. തലസ്ഥാനത്തെ സ്ഥിതിഗതി സ്‌ഫോടനാത്മാകമാണ് എന്ന വിധത്തിൽ കൂട്ടിയും കുറുക്കിയും നികേഷ് സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. ദേശീയ ചാനലുകളിൽ രാജ്ദ്വീപ് സർദേശായിയും ബർക്കാ ദത്തുമൊക്കെ ചെയ്യുന്ന ശൈലി പിന്തുടർന്നുകൊണ്ട് തന്നെയായിരുന്നു നികേഷ് കുമാറും ചാനൽ മൈക്ക് കൈയിലെടുത്തത്.

ഇതിന് ശേഷം പതിവുപോലെ വാർത്താ അവതാരകൻ റോളിലേക്ക് മാറി ചർച്ചകൾ നയിച്ചു. വി എസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളും മുഖ്യമന്ത്രിയും കെ എം മാണിയും അടക്കമുള്ള ഭരണപക്ഷവും നിയമസഭയിൽ തുടരുന്ന വേളയിൽ സഭയ്ക്ക് പുറത്ത് അതിന്റെ സ്പന്ദനങ്ങളറിയാൻ കാത്തിരിക്കയാണ് ചാനലുകൾ. ഫലത്തിൽ കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും സംഘർഭരിതമായ അന്തരീക്ഷത്തിൽ ബജറ്റ് അവതരിപ്പിക്കാൻ കെ എം മാണി ഒരുങ്ങുമ്പോൾ ലൈവ് ചർച്ചകളും സംവാദങ്ങളുമായി ഉറക്കിളച്ച് കാത്തിരിക്കയാണ് മലയാളം വാർത്താ ചാനലുകളും മ്ാധ്യമപ്രവർത്തകരും.