ലണ്ടൻ: എട്ടുപേരുടെ മരണത്തിനിടയാക്കിയ മോട്ടോർവേ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽകഴിയുന്ന അഞ്ചുവയസ്സുകാരിക്ക് മുന്നിൽ ഇനി ശേഷിക്കുന്നത് അനാഥത്വത്തിന്റെ നിസ്സഹായ ജീവിതം. വാഹനത്തിൽകുരുങ്ങിക്കിടന്ന കുട്ടിയെ രക്ഷാപ്രവർത്തകർ വലിച്ച് പുറെത്തെടുക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മനോ രാജന്റെ കുടുംബസുഹൃത്തുക്കളുടെ മകളാണ് ഈ പെൺകുട്ടി. അപകടത്തിൽ അവൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായി.

അപകടത്തെത്തുടർന്ന് മിനിബസിന്റെ സീറ്റിനടിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. ഇവളുടെ കരച്ചിൽകേട്ടാണ് രക്ഷാപ്രവർത്തകർ കുട്ടിയെ കണ്ടെത്തുന്നത്. ഒരുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ അവളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്രാൻസിൽ ഒരുമാസം നീണ്ട അവധിയാഘോഷിക്കുന്നതിനായാണ് മനോരാജനും സുഹൃത്തുക്കളും യാത്ര തിരിച്ചത്. നോട്ടിങ്ങാമിൽനിന്ന് ചാനൽ ടണലിലേക്കായിരുന്നു യാത്ര. അവിടെനിന്ന് ട്രെയിന്മാർഗം പാരീസിലേക്ക് പോവുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, യാത്ര അവരിൽപ്പലരുടെയും അന്ത്യയാത്രയായി മാറി.

മനോരാജന്റെ സുഹൃത്ത് വിവേകിന്റെ മകളാണ് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരി. വിവേകും ഭാര്യയും തൽക്ഷണം മരിച്ചു. കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിൽ ഉറ്റവരാരും അടുത്തില്ലാതെ വേദനയിൽ പുളയുകയാണ് ഈ പെൺകുട്ടിയിപ്പോൾ. യൂറോപ്പ് ആസ്വദിക്കാൻ അച്ഛനമ്മമാർക്കൊപ്പമെത്തിയതായികുന്നു അവൾ.

മനോരാജന്റെ അമ്മാവനും അമ്മായിയുമായ ആരച്ചെൽവനും തമിൾമണി അരുണാചലവും ദുരന്തത്തിൽ തൽക്ഷണം കൊല്ലപ്പെട്ടു. മനോരാജനും അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ആരച്ചെൽവന്റെ മകൻ ഡോ. അരുൺ ആരച്ചെൽവൻ ലണ്ടനിലേക്ക് തിരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തന്റെ വിസ നടപടികൾ വേഗത്തിലാക്കിത്തരണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനോട് അരുൺ അഭ്യർത്ഥിച്ചു.