ലണ്ടൻ: ഭവനരഹിതർക്കുള്ള യുകെയിലെ ആദ്യത്തെ വെൻഡിങ് മെഷീൻ നോട്ടിങ്ഹാമിൽ പ്രവർത്തനം ആരംഭിച്ചു. വീടില്ലാത്തവർക്ക് ഈ വെൻഡിങ് മെഷീനിൽ വന്ന് ഭക്ഷണവും വസ്ത്രവും സൗജന്യമായി എടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ച ഈ വെൻഡിങ് മെഷീനിൽ തിരക്കോട് തിരക്കാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമെ ടൂത്ത് ബ്രഷുകൾ, മറ്റ് സാനിറ്ററി ഉൽപന്നങ്ങൾ തുടങ്ങിയവയും ഇതിൽ നിന്നെടുക്കാൻ സാധിക്കും. പുതിയൊരു ചാരിറ്റിയായ ആക്ഷൻ ഹംഗറാണീ വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.

അധികമായി വരുന്ന ഉൽപന്നങ്ങൾ സൂപ്പർമാർക്കറ്റുകളാണ് ഇതിലേക്ക് സംഭാവനയായി നൽകുന്നത്. നല്ല പഴങ്ങൾ, സാൻഡ് വിച്ചുകൾ, സോക്‌സ്, സാനിട്ടറി ടവലുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ലഭിക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും വൾനറബിളായവർക്ക് സഹായമേകുന്നതിനാണിത് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആക്ഷൻഹംഗറിന്റെ വെബ്‌സൈറ്റ് വിശദീകരിച്ചിരിക്കുന്നത്.ഏത് സമയത്തും ഭക്ഷണവും വസ്ത്രവും ഇതിൽ നിന്നെടുക്കാം. ലോക്കൽ അഥോറിറ്റി ലഭ്യമാക്കുന്ന കീ ഉപയോഗിച്ചാണിത് ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്.

വെയ്റ്റ് റോസ്, ടെസ്‌കോ, സയിൻസ്ബറി, തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ ഇതിലേക്ക് സാധനങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. വളണ്ടിയർമാരാണ് ഇതിലേക്ക് സാധനങ്ങൾ നിറയ്ക്കുന്നത്. ദി ഫ്രിയറി, പോലുള്ള പാർട്ണർ സംഘടനകളാണ് ഇതിന്റെ കാർഡ് ഇഷ്യൂ ചെയ്യുന്നത്. ഇവർ ഭവനരഹിതർക്ക് ലഞ്ച്, കൗൺസിലിങ്, ഷവറുകൾ, മെഡിക്കൽ കെയർ തുടങ്ങിയവയും നൽകി വരുന്നു. രണ്ടാമത്തെ വെൻഡിങ് മെഷീൻ മാഞ്ചസ്റ്ററിൽ സ്ഥാപിക്കാൻ ആലോചിക്കുന്നുവെന്നാണ് ആക്ഷൻ ഹംഗർ പറയുന്നത്. തുടർന്ന് ഫെബ്രുവരിയിൽ ന്യൂയോർക്കിൽ മറ്റൊന്നും സ്ഥാപിക്കും.