ന്യൂയോർക്ക്: യുഎസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ചെയിനായ മേസീസ് അതിന്റെ നൂറോളം ശാഖകൾ പൂട്ടുന്നു. ഒന്നര വർഷമായി കച്ചവടത്തിൽ ഇടിവു നേരിട്ടതോടെയാണ് ചുവടുമാറ്റി ഓൺ ലൈൻ ബിസിനസിൽ ശ്രദ്ധപതിപ്പിക്കാൻ ഒരുങ്ങുന്നത്. തുടർച്ചയായി രണ്ടാം പാദത്തിലും കച്ചവടത്തിൽ നാലു ശതമാനം ഇടിവാണ് മേസീസ് നേരിട്ടത്. വർഷത്തിലെ ആദ്യ മൂന്നു മാസവും 7.4 ശതമാനം ഇടിവ് കച്ചവടത്തിൽ ഉണ്ടായിരുന്നു.

ഓൺലൈൻ റീട്ടെയ്‌ലർമാർ, ഡിസ്‌ക്കൗണ്ട് സ്‌റ്റോറുകൾ എന്നിവർക്കിടയിലുള്ള മത്സരം മൂലം മേസീസ് ഏറെ നാളായി നഷ്ടത്തിൽ പ്രവർത്തിക്കുകയായിരുന്നു. യുഎസിൽ മേസീസിന് 728 സ്റ്റോറുകളാണുള്ളത്. ഡോളർ വില കുതിച്ചു കയറിയതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവു വരുകയും മോശം കാലാവസ്ഥയെ തുടർന്ന് കച്ചവടത്തിൽ ഇടിവു സംഭവിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മേസീസ് വക്താവ് വെളിപ്പെടുത്തി.

ബ്ലൂമിങ്‌ഡേൽസ് സ്റ്റോറുകളുടേയും ഉടമസ്ഥർ കൂടിയായ മേസീസ് ഇനി ഇവയ്ക്കായിരിക്കും കൂടുതൽ പ്രധാന്യം നൽകുക. കൂടാതെ ഓൺലൈൻ കച്ചവടത്തിലും ഏറെ വളർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേസീസ് അധികൃതർ.