തൃശ്ശൂർ: ചെറുതാണെങ്കിലും മാടമ്പിനെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ആറാംതമ്പുരാനിലേത്.അതിലെ കഥാപാത്രം പറയുന്നത് പോലെ ശരീരത്തിന് കുറുകെ അല്ല മനസ്സിനു കുറെയാണ് പൂണൂൽ ധരിക്കേണ്ടതെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്റെത്.കേരളത്തിലെ ഏറ്റവും പ്രശസ്തമായ നമ്പൂതിരി തറവാട്ടിൽ ജനിച്ച് ഇടതുപക്ഷ സഹയാത്രികനായി വളർന്ന് അവസാനനാളുകളിൽ ബിജെപിയിലേക്കെത്തുകയും തമാരചിഹ്നത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്താണ് 8 പതിറ്റാണ്ടുകൾ നീണ്ട ജീവിതത്തിനൊടുവിൽ അദ്ദേഹം വിടവാങ്ങുന്നത്.

മാടമ്പ് ശങ്കരൻ നമ്പൂതിരിയെ ഒരുപക്ഷെ അത്രപെട്ടെന്ന് മലയാളിക്ക് മനസിലായെന്ന് വരില്ല കാരണം അതിലേറെ പ്രശസ്തമായിരുന്നു തന്റെ തൂലികാ നാമമായി അദ്ദേഹം ഉപയോഗിച്ച മാടമ്പ് കുഞ്ഞിക്കുട്ടൻ എന്ന പേര്.1941 ജൂൺ 23ന് കിരാലൂരിലെ പ്രശസ്തമായ മാടമ്പ് മനയിൽ 1941 ൽ കിരാലൂർ മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റെയും മകനായാണ് ജനനം.വീട്ടിലെ വിളിപ്പേരായിരുന്നു കുഞ്ഞുക്കുട്ടൻ എന്നത്.ആ പേരിനോടുള്ള പ്രിയം കൊണ്ട് ആദ്യം അത് തൂലികാ നാമമായും പിന്നീട് ഔദ്യോഗി പേരായും ഉപയോഗിച്ചു.

പരമ്പരാഗതമായ സംസ്‌കൃതപഠനത്തിനു ശേഷമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 16 വയസ്സിനു മുൻപ് നാലുവർഷം അമ്പലങ്ങളിൽ ശാന്തിക്കാരനായി. ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം വേറിട്ട ചില വിദ്യകൾ കൂടി സ്വായത്തമാക്കണമന്ന ആഗ്രഹത്തിൽ നിന്നാണ് സംസ്‌കൃതം, ഹസ്തായുർവേദം (ആന ചികിത്സ ) തുടങ്ങിയ ശാസ്ത്രങ്ങൾ ഇദ്ദേഹം പഠിക്കുന്നത്. ആനചികിത്സയിൽ പൂമുള്ളി ആറാം തമ്പുരാൻ ആണ് ഗുരു.സാഹിത്യത്തിൽ കോവിലന്റെയും തന്ത്ര വിദ്യയിൽ പരമ ഭാട്ടാരക അനംഗാനന്ദ തീർത്ഥ പാദശ്രീ ഗുരുവിന്റെയും ശിഷ്യനാണ് മാടമ്പ്.

കുട്ടിക്കാലം തൊട്ടെ ക്ഷേത്രങ്ങളിൽ ശാന്തിക്കായി പോയിരുന്ന മാടമ്പ് റേഡിയോ റിപ്പയറിങ്, സ്‌പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയൽ കോളജും നടത്തിയിരുന്നു.ആകാശവാണിയും കുറച്ചുനാൾ ജോലിനോക്കി.കൊടുങ്ങല്ലൂരിൽ സംസ്‌കൃത അദ്ധ്യാപകൻ ആയും ട്യൂട്ടോറിയൽ കോളജിൽ അദ്ധ്യാപകനായുമൊക്കെ പല വേഷങ്ങൾ മാടമ്പ് യഥാർത്ഥ ജീവിതത്തിലും പകർന്നാടി.

ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായിരിക്കെ വിദ്യാർത്ഥികൾക്കുവേണ്ടി നാടകങ്ങൾ എഴുതിയാണ് സാഹിത്യജീവിതത്തിന്റെ തുടക്കം. 1970 ൽ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവൽ. തൊട്ടുപിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവൽ വിവാദമുണ്ടാക്കി.മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, മാരാരാശ്രീ, എന്തരോ മഹാനുഭാവുലു, പോത്ത്, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയവയാണ് നോവലുകൾ.മാടംപിന്റെ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേർ ചിത്രങ്ങളായിരുന്നു.

സംവിധായകൻ ജയരാജുമായുള്ള പരിചയമാണ് സിനിമാ എഴുത്തിലേക്ക് മാടമ്പിന് വഴിതുറക്കുന്നത്.ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട ദേശാടനത്തിനാണ് മാടമ്പ് ആദ്യമായി തിരക്കഥയൊരുക്കുന്നത്.തുടർന്ന് 2000ൽ ജയരാജിന്റെ തന്നെ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം മാടമ്പിനെത്തേടിയെത്തി. മകൾക്ക്, സഫലം, ഗൗരീശങ്കരം എന്നീ ചിത്രങ്ങളുടെ തിരക്കഥയും മാടമ്പിന്റെതായിരുന്നു. കഥകളെപ്പോലെ തന്നെ ജനപ്രിയങ്ങളായിരുന്നു മാടമ്പിന്റെ തിരക്കഥകളും.ഇതിനുപുറമെ ഭ്രഷ്ട്, അശ്വത്ഥാമാ, കരുണം, ഗൗരീശങ്കരം, പരിണയം, മകൾക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്.

അശ്വത്ഥമാവ്, പൈതൃകം, ആനച്ചന്തം, വടക്കുംനാഥൻ, കരുണം ആറാംതമ്പുരാൻ, പരിണയം തുടങ്ങി പത്തോളം ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. ദേശീയ പുരസ്‌കാരത്തിന് പുറമെ കരള സാഹിത്യ അക്കാദമി പുരസ്‌കാരം മഹാപ്രസ്ഥാനം 1982) എന്നിവയും കുഞ്ഞുക്കുട്ടനെ തേടിയെത്തി.

ഇടത് സഹയാത്രികനായിരുന്ന മാടമ്പ് അടുത്ത കാലത്താണ് ബിജെപി പക്ഷത്തേക്ക് നീങ്ങിയത്. 2001ൽ ബിജെപി. സ്ഥാനാർത്ഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇടത് സഹയാത്രികനായിരുന്ന മാടമ്പ് ബിജെപി പക്ഷത്തേക്ക് നീങ്ങിയതും സ്ഥാനാർത്ഥിയായതും വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. താമരചിഹ്നത്തിൽ തന്നെയാണ് അന്ന് മത്സരിച്ചതും.

ഭാര്യ: പരേതയായ സാവിത്രി അന്തർജനം. മക്കൾ: ഹസീന, ജസീന.