വാഷിങ്ടൺ: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ചെയർമാൻ ബാബു സ്റ്റീഫനുമായി ഐടിവി മീഡിയ എഡിറ്റോറിയൽ ഡയറക്ടർ എം.ഡി നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി. ബാബു സ്റ്റീഫന്റെ വാഷിങ്ടണിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എം.ഡി. നാലപ്പാട്ടിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഭായി തമ്പുരാട്ടിയുമുണ്ടായിരുന്നു. ഇരുവർക്കും ഇവിടെ ഉഷ്്മളമായ സ്വീകരണമാണ് നൽകിയത്.

അമേരിക്കയിലെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് ബാബു സ്റ്റീഫൻ എം.ഡി നാലപ്പാട്ടിനോട് വിശദീകരിച്ചു. ഒപ്പം, അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങളും അദ്ദേഹം എം.ഡി നാലപ്പാട്ടുമായി ചർച്ച ചെയ്തു. മാധ്യമലോകത്തെ ഇപ്പോഴത്തെ മാറ്റങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകർ അതിന് അനുസരിച്ച് മാറേണ്ടതിനെക്കുറിച്ചും എം.ഡി. നാലപ്പാട്ട് ബാബു സ്റ്റീഫനുമായി ചർച്ച ചെയ്തു. ഒപ്പം, ഐഎപിസിക്ക് എല്ലാവിധപിന്തുണയും എം.ഡി. നാലപ്പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എം.ഡി. നാലപ്പാട്ടുമായി നടത്തിയ കൂടിക്കാഴ്ച ഐഎപിസിയെ സംബന്ധിച്ചെടുത്തോളം പ്രയോജനകരമായിരുന്നുവെന്നും അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് ഒരുപാടുകാര്യങ്ങൾ അദ്ദേഹത്തിൽനിന്നും പഠിക്കാനുണ്ടെന്നും ബാബു സ്റ്റീഫൻ പറഞ്ഞു.

പ്രശസ്ത കവയിത്രി കമലാസുരയ്യയുടെ മകനായ എം.ഡി. നാലപ്പാട്ട് പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമാണ്. മാതൃഭൂമിയുടേയും ടൈംസ് ഓഫ് ഇന്ത്യയുടേയും പത്രാധിപരായി സേവനമനുഷ്ഠിച്ചു. രാജ്യസുരക്ഷാ നയം, അന്തർദേശീയ വിഷയം എന്നിവയെക്കുറിച്ച് നിരന്തരം അദ്ദേഹം ലേഖനങ്ങൾ എഴുതുന്നു. കോളമിസ്റ്റുകൂടിയായ അദ്ദേഹം മണിപ്പാൽ സർവകലാശാലയിലെ ജിയോപൊളിറ്റിക്സ് വിഭാഗത്തിന്റെ ഡയറക്ടർ ജനറലും യുനെസ്‌കോ പീസ് ചെയർ ഭാരവാഹിയുമായിരുന്നു.

വളർന്നതും പഠിച്ചതും ബോംബെയിൽ ആയിരുന്നു. ബോംബെ സർവകലാശാലയിൽ നിന്ന് സ്വർണ്ണ മെഡലോടെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മാനേജ്മെന്റ്, പത്രപ്രവർത്തനം,അദ്ധ്യാപനം,സാമുഹിക പ്രവർത്തനം തുടങ്ങിയ ബഹുമുഖ മേഖലകളിൽ വ്യാപിരിച്ചു. ചൈന, തായ്വാൻ,ഇറാൻ, ഇസ്രയേൽ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ ബന്ധം മെച്ചപ്പെടുത്തുവാനും അദ്ദേഹം മുൻകൈ എടുത്തു.

1977 ൽ മാതൃഭൂമിയിൽ ഡയറക്ടറായി ചുമതലയേറ്റു. 1978ൽ എക്സിക്യുട്ടീവ് മാനേജർ. 1984 ൽ മാതൃഭൂമി പത്രാധിപർ. 1989 ൽ മാതൃഭൂമി വിട്ട അദ്ദേഹം അതേവർഷം ടൈംസ് ഓഫ് ഇന്ത്യയിൽ റസിഡന്റ് എഡിറ്ററായി. കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ വികസന സംഘടനയുടെ ആദ്യത്തെ ഓണററി കോഡിനേറ്റർ എന്ന നിലയിൽ സാരക്ഷതാപ്രസ്ഥാനത്തിലും എം.ഡി നാലപ്പാട്ട് മുഖ്യ പങ്ക് വഹിച്ചു. കുട്ടികൾക്കായി വിദ്യാഭ്യാസ ചലച്ചിത്ര പ്രദർശനം നടത്തുന്നതിനുള്ള കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.