- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിന്ദുക്കൾക്കിടയിൽ തീവ്രവാദികളെ പിന്തുണയ്ക്കുന്നവനും മുസ്ലീങ്ങൾക്കിടയിൽ ആർഎസ്എസും'; തനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതിയുമായി കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി
കരുനാഗപ്പള്ളി: ഇടതുപക്ഷ പ്രവർത്തകർ തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നെന്ന പരാതിയുമായി കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി ആർ മഹേഷ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി, ഇലക്ഷൻ കമ്മീഷണർ, റിട്ടേണിങ് ഓഫീസർ എന്നിവർക്കാണ് സി ആർ മഹേഷ് പരാതി നൽകിയത്. മുസ്ലിം സമുദായാംഗങ്ങളുടെ വീടുകളിൽ ആർഎസ്എസുകാരനായും ഹിന്ദു സമുദായംഗങ്ങൾക്കിടയിൽ മുസ്ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്നാണ് സി ആർ മഹേഷ് ആരോപിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരിൽ ചിലർ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീർത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു. അത് തന്റെ പരാജയത്തിന് പ്രധാന കാരണമായി. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവർത്തനമെന്നും അത് തടയണമെന്നും മഹേഷ് പരാതിയിൽ ആവശ്യപ്പെട്ടു.
താൻ നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ, 'സഖാക്കളെല്ലാവരും എന്നെ ആർഎസ്എസ് ആക്കി, അപ്പോൾ ഞാൻ ആർഎസ്എസ് ആണ്. അതാണ് ഞാൻ തോറ്റത്' എന്ന് പറഞ്ഞ സംഭാഷണ ശകലം അടർത്തി മാറ്റി 'ഞാൻ ആർഎസ്എസ് ആണ്. അതാണ് ഞാൻ തോറ്റത്' എന്ന തരത്തിൽ വ്യാജ വീഡിയോകൾ നിർമ്മിച്ചു ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ്. കരുനാഗപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് തനിക്ക് വേണ്ടിയാണെന്ന തരത്തിലും സിപിഎം പ്രചരണം നടത്തുകയാണ്. ഇലക്ഷനിൽ വികസനവും വ്യക്തിമൂല്യങ്ങളുമാണ് ചർച്ച ചെയ്യേണ്ടത് മറിച്ച് അപവാദങ്ങളും ദുഷ്പ്രചരണളും അല്ലെന്നും മഹേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ