രു പുരുഷനും ഒരു സ്ത്രീയിൽ മാത്രം തൃപ്തനല്ല; തിരിച്ചും. ഓരോ കിടപ്പറയിലും ഏറ്റവും കുറഞ്ഞതു നാലുപേരെങ്കിലുമുണ്ടാകുമെന്ന് സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞതു വെറുതെയുമല്ല. അതൃപ്തകാമങ്ങളുടെ ശവപ്പറമ്പാണ് ഓരോ കിടപ്പറയും കുടുംബം തന്നെയും. ഒന്നുകിൽ അന്നാകരേനിനയിലെ സ്ത്രീപുരുഷന്മാരെപ്പോലെ അവർ പരസ്പരം ദൈവത്തിനും മനുഷ്യർക്കും ഒറ്റുകൊടുക്കും. അല്ലെങ്കിൽ 'sleeping with the enemy' എന്നസിനിമയിൽ ജൂലിയാ റോബർട്‌സ് അവതരിപ്പിക്കുന്ന കഥാപാത്രത്തെപ്പോലെ, പ്രണയത്തിനും ഹത്യക്കുമിടയിലൂടെയുള്ള ഒരു പ്രാണസഞ്ചാരമാണ് ഓരോ ഇണയുടെയും ജീവിതം എന്നു തെളിയിക്കും.

മലയാളത്തിൽ 'ഉമ്മാച്ചു' എന്ന ഒറ്റസാഹിത്യരചന മാത്രമേയുള്ളൂ ഈയൊരു കാമനാസംഘർഷത്തെ ഉടലിനും ഉയിരിനും തീപിടിപ്പിക്കുന്ന ഭാവസന്ദർഭങ്ങളിലാവിഷ്‌ക്കരിക്കുന്നതായി. പിന്നെ പറയാവുന്നവ സിനിമയിൽ കെ.ജി. ജോർജിന്റെ 'മറ്റൊരാ'ളും നാടകത്തിൽ കുര്യാക്കോസിന്റെ 'കുറ്റവാളിക'ളുമാണ്.

ബംഗാളിഭാഷയിൽ ഇതല്ല അവസ്ഥ. അവിടെ രവീന്ദ്രനാഥ് ടാഗോർ മുതൽ ബുദ്ധദേവബോസ് വരെയുള്ള എഴുത്തുകാരും സത്യജിത്ത് റായി മുതൽ ഋതുപർണഘോഷ് വരെയുള്ള ചലച്ചിത്രപ്രവർത്തകരും തങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടികൾ മിക്കതിലും അവതരിപ്പിച്ചിട്ടുള്ളത് ഈയൊരു പ്രമേയമാണ്. ഓർക്കുക, 'അന്ന' മുതൽ 'ചാരുലത' വരെയും 'sleeping with the enemy' മുതൽ 'മറ്റൊരാൾ' വരെയുമുള്ള ഓരോ രചനയിലും സ്ത്രീയാണ്, അവളുടെ കാമനാജീവിതമാണ് ആഖ്യാനത്തിന്റെ ഭാവകേന്ദ്രം.

ഇന്ത്യൻ സിനിമയിലെയെന്നല്ല, കലാചരിത്രത്തിലെ തന്നെയും ഏറ്റവും വികാരതീവ്രമായ വിവാഹബാഹ്യപ്രണയം 'ചാരുലത'യിലാണുള്ളത്. രവീന്ദ്രനാഥ ടാഗോറിന്റെ 'നഷ്ടനീഡി'ന് സത്യജിത്ത്‌റായ് നൽകിയ ചലച്ചിത്രാനുകല്പനം. ഇന്ത്യൻ അന്നാകരേനിന. ഈ സിനിമയിൽ ചാരുലതയായഭിനയിച്ച മാധവി മുഖർജി, ഈ സിനിമ കാണുന്നവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോവില്ല. അത്രമേൽ ഭാവബന്ധുരവും പ്രാണസങ്കുലവുമാണ് കഥാപാത്രത്തിലേക്കുള്ള അവരുടെ പരകായപ്രവേശവും ആത്മസാക്ഷാത്കാരവും. ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സിൽ ഇത്രമേൽ ഹൃദ്യമായി ഇടംപിടിച്ച മറ്റൊരു സ്ത്രീകഥാപാത്രമുണ്ടാവില്ല. ചാരുലതയുടെ പ്രണയസംഘർഷങ്ങൾക്ക് ടാഗോർ പകർന്ന പ്രാണൻ മാത്രമല്ല ഇതിനാധാരം. സൗമിത്രാ ചാറ്റർജി, ശൈലേൻ മുഖർജി എന്നിവരുടെ അഭിനയപിന്തുണ, സത്യജിത്ത്‌റായിയുടെ സംഗീതം എന്നിവ ഇതിനെ സഹായിച്ച രണ്ടു ഘടകങ്ങളാണ്. പക്ഷെ അവയിലെല്ലാമുപരി റായിയുടെ ദൃശ്യഭാവനയും സുബ്രതാമിത്രയുടെ ഛായാഗ്രഹണവും മാധവി മുഖർജിയുടെ അഭിനയമികവുമാണ് ചാരുലതയെന്ന സൗന്ദര്യശില്പത്തിനു രൂപം കൊടുത്തത്. കാൻഫെസ്റ്റിവൽ നിരസിച്ച ഈ ചിത്രം പക്ഷെ ബർഗ്മാനും ഗൊദാർദിനും ഡേവീസ് ലീനിനുമൊക്കെ പ്രിയപ്പെട്ടതായി.

ചാരുലത(യെ) അനശ്വരമാക്കിയ നടനപ്രതിഭയെക്കുറിച്ചുള്ള ഒരാദരഗ്രന്ഥമാണ് രാധിക സി. നായർ എഴുതിയ 'മാധവി മുഖർജി: ബംഗാളിസിനിമയുടെ സുവർണരേഖ'. ഇരുപത്തിരണ്ടാം കേരളരാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായെത്തിയ വേളയിൽ മാധവി മുഖർജിക്കു മലയാള ചലച്ചിത്രലോകം സമ്മാനിച്ച ഉപഹാരമാണ് ഈ ചെറുപുസ്തകം.

അഞ്ചധ്യായങ്ങളുണ്ട് 'സുവർണരേഖ'യിൽ. ബംഗാൾ നവോത്ഥാനം സ്ത്രീക്കു സൃഷ്ടിച്ചുനൽകിയ ദൃശ്യതയും കർതൃത്വവും ലൈംഗിക-സർഗാത്മക സ്വാതന്ത്ര്യങ്ങളുമാണ് ഒന്നാമധ്യായത്തിലെ ചർച്ചാവിഷയം. മാധവി മുഖർജിയുടെ ക്ലാസിക്കായി മാറിയ ചാരുലതയെക്കുറിച്ചാണ് രണ്ടാമധ്യായം. സത്യജിത്‌റായിയുടെതന്നെ മറ്റു രണ്ടു സിനിമകളിലെ മാധവിയെക്കുറിച്ചാണ് മൂന്നാമധ്യായം. മറ്റു സംവിധായകരുടെ സിനിമകളിലഭിനയിച്ച മാധവിയെക്കുറിച്ച് നാലാമധ്യായം. മാധവി മുഖർജിയുടെ ഒരു ലഘുജീവിതചിത്രം അഞ്ചാമധ്യായം. അനുബന്ധമായി, അവരഭിനയിച്ച അറുപത്തഞ്ചു ചിത്രങ്ങളുടെ പട്ടികയും.

ബംഗാൾ നവോത്ഥാനത്തിൽ സ്ത്രീക്കു കൈവന്ന സാംസ്‌കാരിക പദവിയെ രണ്ടു ഘടകങ്ങളിലായി വിശദീകരിക്കുന്ന ഒന്നാമധ്യായം ഈ പുസ്തകത്തിന്റെ ചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ കാവ്യഭൂമികയാണ്. 1800-1950 കാലമാണ് ഒന്നാം ഘട്ടം. സ്ത്രീക്ക് നവോത്ഥാനത്തിന്റെ നാൾവഴികളിൽ കൈവന്ന സ്വത്വപദവികളുടെയും സാമൂഹ്യപ്രതിനിധാനങ്ങളുടെയും സാഹിതീയ, കലാകർതൃത്വങ്ങളുടെയും വിശകലനം, പൊതുഇടങ്ങളിലേക്കുള്ള സ്ത്രീയുടെ കടന്നുവരവ് സാധ്യമാക്കിയ സന്ദർഭങ്ങളും അവ സൃഷ്ടിച്ച മാറ്റങ്ങളും, സ്ത്രീയുടെ ആത്മാവിഷ്‌ക്കാരവും പങ്കാളിത്തവും വിദ്യാഭ്യാസം, തൊഴിൽ, എഴുത്ത്, വായന, കലാപ്രവർത്തനം തുടങ്ങിയ മണ്ഡലങ്ങളിൽ സാധ്യമായ രീതികൾ എന്നിവയൊക്കെ വിശകലനം ചെയ്തുകൊണ്ട് രാജാറാം മോഹന്റോയ് മുതൽ ബങ്കിംചന്ദ്രചാറ്റർജിയും ടാഗോറും വരെയുള്ളവർ നിർവഹിച്ച നേതൃപരമായ ദൗത്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു, രാധിക.

രണ്ടാംഘട്ടം 1950കൾ തൊട്ടുള്ളതാണ്. ഇവിടെ സിനിമയെ മാത്രം കേന്ദ്രീകരിച്ച് ബംഗാളിസ്ത്രീയുടെ സവിശേഷമായ ചില കൊളോണിയൽ-ആധുനിക പ്രതിനിധാനങ്ങളെ സത്യജിത്‌റായി തൊട്ടുള്ള ചലച്ചിത്രപ്രതിഭകളെ മുൻനിർത്തി വിവരിച്ചുകൊണ്ട് മാധവി മുഖർജിയുടെ ക്ലാസിക്കായ 'ചാരുലത'യിലേക്കു കടക്കുന്നു, രാധിക.

'1942 ഫെബ്രുവരി 10ന് ബംഗ്ലാദേശിൽ ജനിച്ച മാധവി (ആദ്യപേര് മാധുരി എന്നായിരുന്നു)യുടെ അച്ഛൻ ശൈേലന്ദ്ര മുഖോപാധ്യായും അമ്മയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോൾ അമ്മ മാധവിയുമൊത്ത് ബംഗ്ലാദേശിൽ നിന്നും കൽക്കത്തയിലെത്തി. സാമ്പത്തികബാധ്യത അത്ര വലുതായിരുന്നതിനാൽ കൊച്ചുമാധവിക്കും തൊഴിലെടുക്കേണ്ടി വന്നു. സൗന്ദര്യവും അഭിനയശേഷിയുമായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. കൊച്ചുമാധവി എട്ടാംവയസ്സിൽ ദുയിബെലായി, കൻകൻതലാ റെയിൽവേസ്റ്റേഷൻ എന്നീ ചിത്രങ്ങളിൽ 1950ൽ ബാലതാരമായി അഭിനയിച്ചു. തുടർന്ന് 1956ൽ ടോൺസിൽ എന്ന ചിത്രത്തിലും 1960ൽ 18-ാമത്തെ വയസ്സിൽ ബൈഷ്‌ണേയ് ശ്രാബെൺ എന്ന ബംഗാളിചിത്രത്തിലും അഭിനയിച്ചു. മധ്യവയസ്‌കനെ വിവാഹം കഴിക്കുന്ന പതിനാറുകാരിയുടെ കഥ പറഞ്ഞ ആ ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ പ്രൊഡ്യൂസർ ബിജോയ്ചാറ്റർജിയാണ് മാധുരിയുടെ പേര് മാധവി എന്നാക്കി മാറ്റിയത്. മൃണാൾ സെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

ബംഗാളിലെ മുൻനിരസംവിധായകരുടെ ചിത്രത്തിലെ അഭിനയത്തിനൊപ്പം ബംഗാൾ നാടകവേദിയെയും മാധവി തന്റെ അഭിനയത്തികവ് കൊണ്ട് കീഴടക്കി. ശിശിർഭാധുരി, അഹീന്ദ്രാചൗധരി, നിർമലേന്ദുലാഹിരി, ഛബ്ബിവിശ്വാസ് തുടങ്ങി ബംഗാളി നാടകവേദിയുടെ അമരക്കാർക്കൊപ്പമെല്ലാം മാധവി അഭിനയിച്ചു. ആ അരങ്ങുജീവിതത്തിന്റെ കരുത്താണ് മാധവിയിലെ അഭിനയപ്രതിഭയ്ക്ക് ചെത്തവും ചൂരും നൽകിയത്'.

രണ്ടാമധ്യായം 'ചാരുലത'യുടെ ഭാവജീവിതമാണ്. നിസംശയം പറയാം, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്രണയാവിഷ്‌ക്കാരമാണ് 'ചാരുലത' (1964). സ്ത്രീത്വത്തിന്റെയും കാമനകളുടെയും ആത്മസംഘർഷങ്ങളുടെ അതുല്യമായ ദൃശ്യാനുഭവം. അഭിനയമികവിന്റെ സമാനതകളില്ലാത്ത മാതൃക. മാധവി മുഖർജിയാണ് 'ചാരുലത'യെന്ന ചലച്ചിത്രം പ്രേക്ഷകമനസ്സുകളിൽ അവശേഷിപ്പിക്കുന്ന 'ഏകതാരം'. എഴുത്തുകാരിയും വായനക്കാരിയും ഗായികയും കലാകാരിയും സ്വപ്നം കാണുന്നവളുമൊക്കെയാകുന്നു, ചാരുലത. 1880കളിലെ ബംഗാളി മധ്യവർഗ കുലസ്ത്രീയുടെ ക്ലാസിക് പ്രരൂപം. രാധിക എഴുതുന്നു:

'മാധവി മുഖർജി എന്നാൽ 'ചാരുലത' എന്നാണ് മിക്ക ചലച്ചിത്രപ്രേമികളും ആദ്യമോർക്കുക. അത്രമേലാണ് ആ കഥാപാത്രവും അഭിനേത്രിയും സമരസപ്പെട്ടത്. നോട്ടത്തിലും രൂപത്തിലും ഭാവത്തിലും തികഞ്ഞ അന്തസ്സുപുലർത്തുന്ന കുലീനയായ ഒരു ബംഗാളി വധുവായിരുന്നു അക്ഷരാർത്ഥത്തിൽ മാധവി മുഖർജിയുടെ ചാരുലത. ഒപ്പമഭിനയിച്ച സൗമിത്ര ചാറ്റർജി, ശൈലേൻ മുഖർജി എന്നിവരെ നിഷ്പ്രഭമാക്കുന്ന ചലനങ്ങളും അഭിനയശൈലിയും സൗന്ദര്യവുമായിരുന്നു മാധവിയുടേത്. ഓപെറഗ്ലാസ്സുമായി ഒരു ജനാലയിൽനിന്നു മറ്റൊരു ജനാലയിലേക്ക് ഓടിനടന്ന് നിരത്തിന്റെ കൗതുകക്കാഴ്ചകളിലേക്ക് കൺപായിക്കുമ്പോൾ ആ കണ്ണുകളിലുണ്ടാകുന്ന കുസൃതി മാധവി മുഖർജിയുടെ അഭിനയസവിശേഷതയായിരുന്നു. കുസൃതി, വെറുപ്പ്, ഭയം, പ്രണയം, ആലസ്യം, പരിഹാസം, പുച്ഛം, ദേഷ്യം, വിരഹം എന്നീ വികാരങ്ങളെല്ലാം തന്നെ മുഖചലനങ്ങളിലൂടെ പ്രത്യേകിച്ചും കണ്ണുകളുടെ സവിശേഷമായ ഉപയോഗത്തിലൂടെ മാധവി മുഖർജി പ്രേക്ഷകനെ അനുഭവിപ്പിച്ചു. ചാരുലത അഥവാ ഏകാകിയായ ഭാര്യ എന്നതായിരുന്നു ചലച്ചിത്രത്തിന്റെ പേരെങ്കിലും ആ ചിത്രത്തിലുടനീളമുള്ള തന്റെ സവിശേഷമായ സാന്നിധ്യംകൊണ്ട് മാധവി മുഖർജി 'ചാരുലത' എന്ന പേരിനെ മാത്രം പ്രേക്ഷകമനസ്സിൽ ഉറപ്പിച്ചുനിർത്തി. മാധവി മുഖർജി എന്ന പേരു പരാമർശിക്കുമ്പോഴൊക്കെ സത്യജിത്‌റായിയുടെ ചലച്ചിത്രങ്ങളിലെ നായിക എന്ന രീതിയിലായിരുന്നു ആളുകൾ ആ പേരു പറഞ്ഞിരുന്നത്. ബംഗാളിലെ മറ്റനേകം മഹാസംവിധായകർക്കൊപ്പം - മൃണാൾസെൻ, ഋത്വിക് ഘട്ടക്, മനുസെൻ, പൂർണേന്ദുപത്രി, തരുൺമജുംദാർ, തപൻസിൻഹ, ഉത്പലേന്ദു ചക്രവർത്തി, ഋതുപർണഘോഷ് - അഭിനയിച്ചിട്ടുണ്ടെങ്കിലും റായിയുടെ നായികയായാണ് മാധവി മുഖർജി അറിയപ്പെടുന്നത്. സത്യജിത്‌റായിയോട് തനിക്ക് മാനസികമായി ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മാധവി തന്നെ പിൽക്കാലത്ത് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. 'അമി മാധവി' (ഞാൻ മാധവി) എന്ന പേരിൽ എഴുതിയ ആത്മകഥാപുസ്തകത്തിലായിരുന്നു മാധവി മുഖർജിയുടെ ആ വെളിപ്പെടുത്തൽ'.

മൂന്നാമധ്യായം ചാരുലതയ്ക്കു പുറമെയുള്ള മാധവിയുടെ റായ്ചിത്രങ്ങളെക്കുറിച്ചാണ്. 1963ൽ പുറത്തുവന്ന 'മഹാനഗർ', 1965ൽ പുറത്തുവന്ന 'കാപുരുഷ്' എന്നിവയിൽ മാധവി അഭിനയിച്ചു. ഇവയും ദാമ്പത്യത്തിലും പ്രണയത്തിലും സ്ത്രീയനുഭവിക്കുന്ന സംഘർഷങ്ങളുടെ സന്ദേഹപാഠങ്ങളായിരുന്നു. റായ്, മാധവിക്കു നൽകിയ മൂന്നു കഥാപാത്രങ്ങളും വ്യവസ്ഥിതിയോടു കലഹിക്കുന്ന, സ്വന്തം പ്രജ്ഞയിൽ വിശ്വസിക്കുന്ന, പുതിയ കാലത്തിന്റെ പല ഘടകങ്ങളെയും സ്വാംശീകരിക്കുന്ന, സ്ത്രീത്വത്തിന്റെ ആത്മവ്യഥകൾ ലാവണ്യവൽക്കരിക്കുന്നവരാണ്. രാധിക പറയുന്നു:

'തന്റെയുള്ളിലെ തന്നെ, തന്റെ സ്വത്വത്തെ കണ്ടെത്തുന്ന നായികയായി മാധവി മുഖർജിയുടെ വേഷപ്പകർച്ച അസാധാരണമായ അഭിനയത്തികവാണ്. ആത്മനിഷേധത്തിനും ആത്മാഭിമാനത്തിനും ഇടയിൽ ഉള്ള സ്ത്രീത്വത്തിന്റെ പൂർണസാക്ഷാത്കാരമായിരുന്നു മാധവി മുഖർജിയുടെ കഥാപാത്രം. തന്നിലെ തന്നെ, തന്റെ അവകാശങ്ങളെ, മാറുന്ന സമൂഹത്തിൽ തന്റെ സ്ഥാനത്തെ അടയാളപ്പെടുത്തുന്ന സ്ത്രീമുഖമായി മാധവി മുഖർജിയുടെ മുഖം പകരം വയ്ക്കപ്പെടുകയായിരുന്നു റായിയുടെ കഥാപാത്രങ്ങളിലൂടെ'.

ആത്യന്തികമായി റായ്-മാധവി കൂട്ടുകെട്ട് സൃഷ്ടിച്ചത് ബംഗാളി സിനിമയിലെയെന്നല്ല ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും അസാധാരണരായ സ്ത്രീപാഠങ്ങളാണ്.

' 'മഹാനഗറി'ൽ തൊഴിൽ എന്നത് ഒരു അവശ്യമായിരുന്ന സമയത്ത് സ്വന്തം സുഹൃത്തിന് തൊഴിലിടത്തു നേരിടേണ്ടിവന്ന വിവേചനത്തെ എതിർത്തു സംസാരിച്ചുകൊണ്ട് അതിനെതിരെയുള്ള പ്രതിഷേധമായി ജോലി രാജിവയ്ക്കുന്ന ആരതിയെന്ന ധീരകഥാപാത്രമായിരുന്നു മാധവിയെങ്കിൽ രണ്ടാമത്തെ ചിത്രമായ 'ചാരുലത'യിൽ ഭർതൃമതിയായിരിക്കേ സാഹിത്യത്തോടും സംസ്‌കാരത്തോടും പാരമ്പര്യത്തോടുമുള്ള പ്രണയത്താൽ മറ്റൊരു യുവാവിനെ പ്രേമിക്കുന്ന, ആ പ്രേമം തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന നായികയായിരുന്നു മാധവിയുടെ ചാരുലതയെന്ന കേന്ദ്രകഥാപാത്രം. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അത്തരമൊരു തുറന്നുപറച്ചിൽ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന നടുക്കവും അതിന്റെ അനുരണനങ്ങളും ഭീകരമായിരുന്നു. കുലവധുസങ്കല്പത്തെയാണ് അതിലൂടെ റായ് അട്ടിമറിച്ചത്. മാത്രമല്ല പ്രണയം എന്നത് വിവാഹത്തോടെ അവസാനിക്കുന്ന ഒന്നല്ലെന്നും റായ് തെളിയിച്ചു. 'കാപുരുഷി'ലെ കരുണയാകട്ടെ മറ്റൊരു സ്ത്രീയുണർച്ചയെയാണ് അവതരിപ്പിക്കുന്നത്. മൂന്നു കഥാപാത്രങ്ങളും മാധവി മുഖർജിയിൽ ഭദ്രമായിരുന്നു. വർഷങ്ങൾക്കു ശേഷവും റായ് സംവിധാനം ചെയ്ത ചലച്ചിത്രത്തിലെ നായികാസങ്കല്പത്തെക്കുറിച്ചുള്ള ചർച്ച മാധവി മുഖർജി അവതരിപ്പിച്ച ഈ മൂന്നു കഥാപാത്രങ്ങളിൽ ചുറ്റിക്കറങ്ങുന്നുവെങ്കിൽ അതിനുള്ള ക്രെഡിറ്റ് നാം നൽകേണ്ടത് അത് അണിയിച്ചൊരുക്കിയ സംവിധായകപ്രതിഭയ്ക്കു മാത്രമായിട്ടല്ല. കഥാപാത്രമായി ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുകയും അഭിനയിക്കുകയും ചെയ്ത മാധവി മുഖർജിക്കുമാണ്'.

ചാരുലതയുൾപ്പെടെയുള്ള റായ്ചിത്രങ്ങളാണ് മാധവി മുഖർജിയെ ചരിത്രത്തിൽ പ്രതിഷ്ഠിച്ചതെങ്കിലും റായിചിത്രങ്ങൾക്കു മുൻപും പിൻപുമായി മറ്റനവധി സംവിധായകരുടെ ചിത്രങ്ങളിൽ നായികയായിരുന്നു അവർ. മാധവിക്കു ദേശീയപുരസ്‌കാരം ലഭിക്കുന്നതുപോലും അഞ്ജന ഭൗമിക്, ബസന്ത്ചൗധരി എന്നിവർ ചേർന്നു സംവിധാനം ചെയ്ത 'ദിബ്രത്രീർകാവ്യ'(1973)യിലെ അഭിനയത്തിനാണ്. ഋത്വിക് ഘട്ടക്കിന്റെ 'സുവർണരേഖ'യിലും മൃണാൾസെന്നിന്റെ 'ബൈഷ്‌ണേയ് ശ്രാവണി'ലും പൂർണേന്ദു പത്രിയുടെ 'സ്ത്രീർപത്ര'യിലും ഋതുപർണഘോഷിന്റെ 'ഉത്സബി'ലും തരുൺ മജുംദാറിന്റെ 'ഗണദേവത'യിലും മാധവിയുടെ ഉജ്ജ്വലമായ ഭാവസാന്നിധ്യമുണ്ടായി.

പതിനേഴു ചിത്രങ്ങളിൽ സൗമിത്ര ചാറ്റർജിയായിരുന്നു മാധവിയുടെ നായകൻ. പതിനഞ്ചു ചിത്രങ്ങളിൽ ശുഭേന്ദുചതോപാധ്യായയും.

അതുല്യമായ ഭാവപ്രകടനത്തിനു മാത്രമല്ല, അസാമാന്യമായ അഭിനയവ്യക്തിത്വത്തിനും ഉടമയായിരുന്നു, മാധവി മുഖർജി.

' 'എക്‌സ്ട്രാഓർഡിനറിലി ഓർഡിനറി' എന്നാണ് മൃണാൾസെൻ മാധവിയെ വിശേഷിപ്പക്കുന്നത്. മാധവി അതുതന്നെയായിരുന്നു. അസാധാരണമാംവിധം സാധാരണം. ആ സാധാരണത്വമാണ് ബംഗാളിചലച്ചിത്രലോകം വിട്ട് ഹിന്ദിയിലേക്ക് ചേക്കേറാൻ മാധവിക്കു വിലങ്ങുതടിയായത്. 'മേരാ നാം ജോക്കർ' എന്ന സൂപ്പർഹിറ്റായ രാജ്കപൂർ ചലച്ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം ഒരു മടിയും കൂടാതെയാണ് മാധവി തട്ടിയെറിഞ്ഞത്. 'എന്റെ ഒരു 'യെസ്' കേൾക്കാൻ ആറുമാസം അദ്ദേഹം കാത്തിരുന്നു. ഞാൻ 'നോ' പറഞ്ഞതിനു കാരണം എനിക്കൊരു താമസസ്ഥലവും, കിടക്കാനൊരു മെത്തയും ജീവൻ നിലനിർത്താനുള്ള ഭക്ഷണവും ഇവിടെ ഉണ്ട് എന്ന ഉറപ്പിലാണ്' '.

ആറുപതിറ്റാണ്ടിലധികം നീണ്ട ചലച്ചിത്രജീവിതത്തിൽ അറുപത്തഞ്ചു സിനിമകൾ. അതിൽ പലതും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സ്ത്രീത്വാവിഷ്‌ക്കാരങ്ങൾ. 'ചാരുലത'യാകട്ടെ, സമാനതകളില്ലാത്ത കാല്പനിക ക്ലാസിക്കും. മാധവി മുഖർജിയുടെ ഭാവജീവിതം ഹ്രസ്വമായാണെങ്കിലും രാഷ്ട്രീയ സൂക്ഷ്മവും സൗന്ദര്യതീഷ്ണവുമായി ഒപ്പിയെടുക്കുകയാണ് രാധിക സി. നായർ.

പുസ്തകത്തിൽനിന്ന്:-

'മൃണാൾസെന്നിന്റെ ചലച്ചിത്രത്തിൽ അഭിനയിച്ചതാണ് മാധവി മുഖർജിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ്. ഒരുനാൾ മാധവിയെത്തേടി സാക്ഷാൽ സത്യജിത്‌റായിയുടെ സന്ദേശമെത്തുന്നു. റായിക്ക് മാധവിയെ നേരിൽക്കണ്ടു സംസാരിക്കണം. 1963 ൽ റായിയുടെ ചലച്ചിത്രത്തിൽ ഒരുവേഷമെങ്കിലും ലഭിക്കുക എന്നത് സൗഭാഗ്യമായിക്കരുതിയ മാധവിയെത്തേടിയെത്തിയത് നായികാപ്രധാനമായ കഥയും നായികാപ്രാധാന്യമുള്ള വേഷവുമായിരുന്നു. വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞ ആ ആദ്യകൂടിക്കാഴ്ചയ്ക്കുശേഷം റായ്, മാധവിക്ക് 'മഹാനഗറി'ന്റെ തിരക്കഥ വായിക്കാൻ കൊടുത്തു. മഹാനഗറിലെ ആരതിയെ മാധവി അവിസ്മരണീയമാക്കി. റായിയുടെ കരവിരുതിൽ മാധവിക്ക് അണിയറ ഒരുങ്ങാൻ തുടങ്ങുകയായി അതോടെ. രബീന്ദ്രനാഥ ടാഗോറിന്റെ നഷ്ടനീഡ് എന്ന കഥയെ മുൻനിർത്തിയുള്ള ചാരുലതയിൽ പിന്നീട് മാധവി ചാരുലതയായി. 'മഹാനഗറിൽ റായിയുമൊത്ത് ജോലി ചെയ്യുമ്പോഴാണ് രബീന്ദ്രനാഥ ടാഗോറിന്റെ നോവെല്ല നഷ്ടനീഡ് അഡാപ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് റായ് പറഞ്ഞത്. ഞാനാകണം ചാരുലതയെന്നും, ഞാൻ അക്ഷരാർത്ഥത്തിൽ അതിശയിച്ചു. ബംഗാളി അഭിനേത്രിക്ക് ടാഗോറിന്റെ മുഖ്യകഥാപാത്രമായി അഭിനയിക്കാൻ കഴിയുക എന്നത് ഒരു വലിയ ബഹുമതിയായിരുന്നു. റായ് എന്തെങ്കിലും അത്ഭുതം ചെയ്യുമെന്നെനിക്കറിയാമായിരുന്നു' എന്നാണ് ഒരു അഭിമുഖത്തിൽ മാധവി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ചാരുലതയാകാൻ മാധവിക്ക് എന്തെങ്കിലും തയ്യാറെടുപ്പുകൾ അധികമായി വേണ്ടിവന്നിരുന്നോ? മുഖാമുഖത്തിൽ മാധവി അതും പറയുന്നു. 'സിനിമ സംവിധാനം ചെയ്തു തുടങ്ങുന്നതിന് മുമ്പ് തന്നെ തന്റെ കഥാപാത്രങ്ങളെക്കുറിച്ച് ദീർഘവീക്ഷണം ചെയ്യാൻ റായിക്കു കഴിഞ്ഞിരുന്നു. കഥാപാത്രങ്ങൾക്കിണങ്ങുംവിധമുള്ള അഭിനേതാക്കളെ തെരഞ്ഞെടുക്കുമായിരുന്നു അദ്ദേഹം. ചാരുലതയ്ക്ക് ഞാൻ തീർത്തും അനുയോജ്യയാണെന്ന് എനിക്കറിയാമായിരുന്നു; അതിനർത്ഥം യുദ്ധം പാതി ജയിച്ചെന്നാണ്. അക്കാലത്ത് ചില കാര്യങ്ങൾ എനിക്കു പഠിക്കേണ്ടതുണ്ടായിരുന്നു. എംബ്രോയിഡറി പോലും. റായ് ഒരു ടീച്ചറെ എനിക്കു തന്നു'. അതായിരുന്നു മഹാസംവിധായകനായ റായിയും മാധവിയും. ഏറ്റവും സൂക്ഷ്മമായ അംശങ്ങളിൽപ്പോലുമുള്ള ശ്രദ്ധ. ആ ചിത്രത്തിലെ തന്റെ രൂപഭാവത്തെക്കുറിച്ചുണ്ടായിരുന്നു മാധവിക്ക് ഏറെപ്പറയാൻ. തികച്ചും പരമ്പരാഗതരീതിയിൽ സാരി ധരിച്ചാണ് മാധവി ആ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. അങ്ങേയറ്റം ലളിതവും പരമ്പരാഗതരീതിയിലുമായുള്ള മാധവി കാഴ്ചയിൽ ചാരുലതയായി. മെയ്‌ക്കപ്പ് കുറവായിരുന്നു. ക്യാമറാമാൻ സുബ്രതാമിത്രയുടെയും സത്യജിത്‌റായിയുടെയും നിരീക്ഷണം കൃത്യമായിരുന്നു. ആ കുറഞ്ഞ മെയ്‌ക്കപ്പിൽ പരമ്പരാഗത ഉടുത്തുകെട്ടിൽ മാധവി ഒരു കുലീനവധുവായി. ചാരുലതയുടെ തുടക്കസീനുകളിൽ മാധവി ഉപയോഗിച്ച ഓപെറാഗ്ലാസുകളെക്കുറിച്ച് മാധവി പറയുന്നതിങ്ങനെയാണ്. 'അതുണ്ടാക്കിയത് ബൻസിചന്ദ്രഗുപ്തയാണ്. ചാരുലതയും അവളുടെ ഭർത്താവും തമ്മിലുള്ള അകലം സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു രൂപകം' ആണ് ആ ഗ്ലാസെന്നാണ് റായി മാധവിയോട് പറഞ്ഞത്. വസ്തുക്കൾ തന്നിലേക്കടുപ്പിക്കാനാണ് അവളത് ഉപയോഗിക്കുന്നത്. ഒരു സാധാരണ ഉച്ചയിലെ കാഴ്ചകളിലേക്ക് ചാരുലതയോടൊപ്പം ക്യാമറ ചലിക്കുന്നതിന്റെ ചാരുതയൊന്നും ഷൂട്ടിങ് സമയത്ത് മാധവിക്ക് മനസ്സിലായിരുന്നില്ല. എത്രയോ വിദേശമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആ ചിത്രത്തിനൊപ്പം പക്ഷേ മാധവി വിദേശത്തേക്കൊന്നും പോയില്ല. ബർലിൻ മേളയിൽ പോകാൻ മാധവിക്ക് ഒരവസരം ഉണ്ടായതാണ്. പക്ഷേ മാധവി പോയാൽ ഒപ്പമഭിനയിച്ച നടൻ ശൈലേൻ മുഖർജിക്ക് പോകാനാകില്ല. അതിനാൽ മാധവി പിന്മാറി. ലോകസിനിമയിലെ ചില പ്രധാനപ്പെട്ട സിനിമകൾക്കൊപ്പം ചാരുലതയിൽ ഓപെറഗ്ലാസുമായി നിൽക്കുന്ന ചാരുലതയെന്ന മാധവിയെ ഏതോ ഒരു വിദേശമേളയിൽ കണ്ടപ്പോൾ താൻ അഭിമാനത്താൽ വിജൃംഭിതനായിപ്പോയതിനെപ്പറ്റി ചലച്ചിത്രകാരൻ ഋതുപർണഘോഷ് സംസാരിച്ചിരുന്നുവെന്നും ഒരഭിമുഖത്തിൽ മാധവി പറയുന്നു'.

മാധവി മുഖർജി: ബംഗാളിസിനിമയുടെ സുവർണരേഖ
രാധിക സി. നായർ
കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി
2017, വില: 50 രൂപ.