ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച തുറന്നുപറച്ചിലുമായി സൂപ്പർ താരം ആർ.മാധവൻ. രാഷ്ട്രീയത്തിൽ ചേരാൻ ഉദ്ദേശമില്ലെന്നും , ഒരു രാഷ്ട്രീയക്കാരനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് മാധവൻ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ എന്റെ സേവനം സിനിമയിലാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരം കേന്ദ്ര കഥാപാത്രമാകുന്ന ത്രില്ലർ വെബ് പരമ്ബര ബ്രീത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ബ്രീത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്.

ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിൽ ചേരുന്നത് നല്ലതാണെന്നും, സാധാരണ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർ രാഷ്ടിയത്തിൽ എത്തിയാൽ അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും, അമേരിക്കയിൽ ബറാക്ക് ഒബാമ പ്രസിഡന്റായത് അതിനുള്ള ഉദാഹരണമാണെന്നും മാധവൻ പറഞ്ഞു.

മായങ്ക് ശർമ്മ സംവിധാനം ചെയ്യുന്ന വെബ് പരമ്ബര ജനുവരി 26ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് രോഗബാധിതനായ മകന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥയാണ് ബ്രീത്.

ആമസോൺ പ്രൈം ഒറിജിനൽ ഒരുക്കുന്ന ബ്രീത് നിർമ്മിക്കുന്നത് അബുൻഡന്റിയ എന്റർടൈന്മെന്റ് ആണ്. 8 എപ്പിസോഡ് പരമ്ബരകളായി ഒരേസമയം 200 രാജ്യങ്ങളിൽ ബ്രീത് റിലീസ് ചെയ്യും. മാധവൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് പരമ്ബരയാണ് ബ്രീത്.