ചെന്നൈ; അതെ ഐഎസ്ആർഒ ചാരക്കേസിൽ ദുരിതംപേറിയ നമ്പിനാരായണന്റെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുമെന്ന് പ്രഖ്യാപിച്ച് നടൻ മാധവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.നമ്പി നാരായണൻ തന്നെ രചിച്ച 'റെഡി ടു ഫയർ: ഹൗ ഇന്ത്യ ആൻഡ് ഐ സർവൈവ്ഡ് ദി ഐഎസ്ആർഒ സ്പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനി സംവിധാനം ചെയ്യുന്നത്.

ഐഎസ്ആർഒ ചാരക്കേസിൽ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി വിധിക്ക് മുൻപേ തീരുമാനിച്ചിരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മാധവനാണ് നമ്പി നാരായണനാവുന്നത്.

മാധവൻ ചിത്രത്തെക്കുറിച്ച് പറയുന്നത്. അറിഞ്ഞാൽ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ടെന്നും നമ്പി നാരായണന്റേത് അത്തരത്തിൽ ഒന്നാണെന്നും മാധവൻ പറയുന്നു. ചിത്രത്തിന്റെ ടീസർ 31ന് എത്തും.

മാധവന്റെ വാക്കുകൾ

'ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതിൽ ചിലതെല്ലാം നിങ്ങൾ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്കെ എത്തില്ല. എന്നാൽ ചില കഥകൾ കേൾക്കാതെ ഇരിക്കുകയെന്നാൽ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങൾക്ക് അറിയുകയുള്ളൂ എന്നാണ് അർഥം. നമ്പി നാരായണന്റെ കഥ അത്തരത്തിൽ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങൾ കേട്ടാൽ, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാൽ, നിശബ്ദനാവാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഞാൻ പറയുന്നു. റോക്കട്രി: ദി നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവർ അറിയട്ടെ. അറിയുമെന്ന് കരുതുന്നവർക്ക് ഇതൊരു തിരിച്ചറിവായിരിക്കും. ഒക്ടോബർ 31ന് ടീസർ എത്തും. രാവിലെ 11.33ന് '

ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണൻ മുൻപ് ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാധവൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വ്യാകുലപ്പെട്ടുവെന്നും പറഞ്ഞിരുന്നു. 'അദ്ദേഹം എന്റെ കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ടുകഴിഞ്ഞുവെന്ന് എനിക്കപ്പോൾ മനസിലായി', നമ്പി നാരായണൻ പറഞ്ഞു.

നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോൾ അതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാധവൻ ട്വീറ്റ് ചെയ്തിരുന്നു. 'ആ വിധിയെത്തി. അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി. ഇതൊരു പുതിയ തുടക്കമാണ്. തുടക്കം മാത്രം.' സുപ്രീം കോടതി വിധി വന്നതിന്റെ വാർത്തയ്‌ക്കൊപ്പം മാധവൻ ട്വിറ്ററിൽ കുറിച്ചു.

https://www.instagram.com/p/BpgVa8CjVR7/?utm_source=ig_web_copy_link