കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയിട്ടും കൂടെയിരിക്കാൻ ആളില്ലാത്തതു കൊണ്ട് മുരുകനെന്ന അന്യസംസ്ഥാന തൊഴിലാളിക്ക് ചികിൽസ നൽകിയില്ല. ഈ വിഷയത്തിൽ ഏറെ ചർച്ചകൾ നടന്നു. മരിക്കാൻ കിടക്കുന്നവരെ സഹായിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം സമൂഹത്തിന്റേതാണെന്ന് ഏവരും പറഞ്ഞു. സഹജീവി സ്‌നേഹം ഡോക്ടർമാർക്കും വേണമെന്ന് പോലും വിമർശനം ഉയർന്നു. എന്നാൽ ആശുപത്രികളിൽ മാത്രമല്ല, മരണത്തോട് മല്ലിടുന്നവരുള്ളത്. സാഹായം വേണ്ടിടത്ത് മുഖം തിരിക്കുന്ന സമൂഹത്തിന്റെ നേർ ചിത്രത്തിന് തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ രണ്ട് മരണങ്ങൾ.

കർഷകനായ പള്ളിക്കുത്ത് എടയാടത്തൊടി 'മാധവ'ത്തിൽ മാധവൻ നായരുടെ (74) മരണം ഏറെ ചർച്ചയാവേണ്ടതാണ്. തന്റെ ബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ഉടമ കൈകാണിച്ചത് അഞ്ചു വാഹനങ്ങൾക്ക്. ഒരാളും നിർത്തിയില്ല. ഭീതിയിലായ ബൈക്ക് യാത്രികൻ പരുക്കേറ്റയാളെ വഴിയിലിട്ടു സ്ഥലംവിട്ടെങ്കിലും ദൃശ്യങ്ങൾ സമീപത്തെ ക്യാമറയിൽ കുടുങ്ങി. ഹൈവേ പൊലീസ് പിന്നീടെത്തി വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നീട് ബൈക്ക് ഓടിച്ച ചാരങ്കുളം കുമ്മാളി നസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കു പാലക്കാട്ടെ കെഎൻജി റോഡിൽ ചന്തക്കുന്നിലാണു സംഭവം. കൃഷിയിടത്തിലെ മരച്ചീനി പറിച്ച് ലോറിയിൽ കയറ്റിയശേഷം വെയ്ബ്രിജിലേക്കു നടന്നുപോവുകയായിരുന്നു മാധവൻ നായർ.

അപകടം നടന്നയുടൻ ബൈക്ക് യാത്രികൻ പത്തു മിനിറ്റോളം അതുവഴിവന്ന വാഹനങ്ങൾക്ക് കൈകാണിക്കുന്നതു സമീപത്തെ കടയുടെ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആരും നിർത്തിയില്ല. തുടർന്നു ബൈക്കുമായി നസീം സ്ഥലത്തുനിന്നു പോകുന്നതും ദൃശ്യത്തിലുണ്ട്. ബൈക്ക് ഓടിച്ചതു ചാലിയാർ നമ്പൂരിപൊട്ടിയിലെ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്നു. സ്ഥാപനത്തിലെത്തിയ നസീം അപകടവിവരം നേരത്തേ പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. പ്രിൻസിപ്പൽ ആ വിവരം പൊലീസിനു കൈമാറി. പൊലീസ് നസീമിനെ അറസ്റ്റ് ചെയ്ത് ബൈക്ക് കസ്റ്റഡിയിലെടുത്തു. കൂരിക്കാട്ട് മാധവിയാണു മാധവൻ നായരുടെ ഭാര്യ. മക്കൾ: ബിജു (ദക്ഷിണാഫ്രിക്ക), ബൈജു (പള്ളിക്കുത്ത് കേബിൾ വിഷൻ). മരുമക്കൾ: ബീന, ശാശ്വതി.

തെന്നിന്ത്യൻ സിനിമകളിലെ ആദ്യകാല മേക്കപ്മാൻ പി. പത്മനാഭൻ (പപ്പൻ85) വാടക വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയതും അശ്രദ്ധയുടെ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ മൃതദേഹം പുൽക്കാടിനിടയിൽ കിടന്നതു 18 മണിക്കൂറുകളോളമാണ്. പൊലീസ് നടപടികൾ വൈകിയതും മൃതദേഹം ദീർഘനേരം ഇവിടെ കിടക്കാൻ കാരണമായി. ശനിയാഴ്ച രാത്രി അമ്പലപ്പാറ പുളിയക്കുന്ന് റോഡിനു സമീപത്തെ വാടക വീട്ടിലേക്കുള്ള വഴിയിലെ കരിങ്കൽപടവുകളിൽ നിന്നു കാലിടറി വീണതാണെന്നാണു പ്രാഥമിക നിഗമനം. പിൽക്കാലത്തു മുഖ്യമന്ത്രിമാരായിരുന്ന എം.ജി. രാമചന്ദ്രൻ (തമിഴ്‌നാട്), എൻ.ടി. രാമറാവു (ആന്ധ്രാപ്രദേശ്) എന്നിവർ ഉൾപ്പെടെ, പ്രമുഖ സിനിമാ താരങ്ങളെ ചമയമണിയിച്ച ചരിത്രമുണ്ടു പത്മനാഭന്.

കടമ്പഴിപ്പുറം ആലങ്ങാട് പള്ളിത്തൊടിയിൽ പത്മനാഭൻ സ്ഥിര താമസം ചെന്നൈയിലായിരുന്നു. രണ്ടുമാസം മുൻപാണു തമിഴ്‌നാട്ടുകാരിയായ ഭാര്യയുമൊത്ത് അമ്പലപ്പാറയിൽ താമസിക്കാനെത്തിയത്. ഭാര്യ ചെന്നൈയിലേക്കു മടങ്ങിയതോടെ അമ്പലപ്പാറ സ്വദേശിയായ യുവാവിനെ സഹായിയായി കൂടെക്കൂട്ടി. കഴിഞ്ഞ ദിവസം യുവാവിന്റെ അച്ഛൻ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ പത്മനാഭൻ തനിച്ചായി. പതിവുപോലെ ശനിയാഴ്ച വൈകിട്ട് ഏഴരവരെ തന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു സമയം ചെലവഴിച്ചാണു വിളിപ്പാടകലെയുള്ള വാടക വീട്ടിലേക്കു മടങ്ങിയതെന്നു വീട്ടുടമ പറഞ്ഞു. ഇവിടെ നിന്നു പോകുന്ന വഴിക്കാണു മരണം സംഭവിച്ചത്. കൈയിലുണ്ടായിരുന്ന ടോർച്ച് പടവിനു മുകളിലും നിവർത്താത്ത കുട മൃതദേഹത്തിനു സമീപവും കിടന്നിരുന്നു.

വീട്ടുടമയുടെ മകൻ ഇന്നലെ രാവിലെ പത്തരയോടെ ഇതുവഴി കുളിക്കാൻ പോകുമ്പോഴാണു മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന നടപടി പൂർത്തിയാക്കി പൊലീസ് സ്ഥലത്തെത്തിയതു മൂന്നു മണിയോടെ മാത്രം. വൈകിട്ടു പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം ലക്കിടി പോളിഗാർഡനു സമീപത്തെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം പാമ്പാടി ശ്മശാനത്തിൽ സംസ്‌കരിക്കും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറോളം സിനിമകളിൽ മേക്കപ്മാനായി പ്രവർത്തിച്ചിട്ടുണ്ട്.

ചെന്നൈയിലുണ്ടായിരുന്ന വീടുകൾ ഉൾപ്പെടെ സമ്പാദ്യങ്ങളൊക്കെയും പിൽക്കാലത്തു കൈവിട്ടുപോയ അദ്ദേഹത്തിന് അവശകലാകാരന്മാർക്കുള്ള സർക്കാർ പെൻഷനായിരുന്നു ആശ്രയം. ഭാര്യ: ഗൗരി. മക്കൾ: ഇന്ദിര, രാധാകൃഷ്ണൻ (ഇരുവരും ചെന്നൈ). മരുമകൻ: കൃഷ്ണകുമാർ.