ചാരവൃത്തിയുടെ പേരിൽ ആരോപണ വിധേയനായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയിൽ തമിഴ് നടൻ മാധവൻ നായകനാകുമെന്ന് സൂചന. നേരത്തെ നടൻ മോഹൻലാലിനെ നായകനാക്കി നവാഗതനായ ആനന്ദ് മഹാദേവൻ, സിനിമ ചെയ്യാൻ പദ്ധതി ഇട്ടിരുന്നതാണ്. എന്നാൽ മോഹൻലാലിന്റെ തിരക്കേറിയ മറ്റ് ഷെഡ്യൂളുകൾ കാരണം അദ്ദേഹത്തിന് ഈ പ്രൊജക്ടുമായി സഹകരിക്കാൻ കഴിയാതെ വരികയായിരുന്നു എന്നാണ് സൂചന

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ 25 വയസ് മുതൽ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ ജീവിതമാണ് ദൃശ്യവത്കരിക്കുന്നത്. ഈ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുന്നോടിയായി നമ്പി നാരായണനെ നേരിട്ട് കാണാൻ മാധവൻ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റോക്കറ്റ് സാങ്കേതികവിദ്യയിൽ ജീനിയസായ ഒരു ശാസ്ത്രജ്ഞൻ തന്റെ കരിയറിൽ ഏറ്റവും ഉയർന്ന അവസ്ഥയിൽ നിൽക്കുമ്പോൾ വ്യാജമായി സൃഷ്ടിക്കപ്പെട്ട ചാരക്കേസിൽ അകപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിപ്പോകുന്നു. നമ്പി നാരായണനുമായി നടത്തിയ ദൈർഘ്യമേറിയ അഭിമുഖ സംഭാഷണങ്ങൾ അടിസ്ഥാനമാക്കിയാണ് ആനന്ദ് മഹാദേവൻ തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രൊഫസർ നമ്പി നാരായണൻ 1994ലാണ് ചാരക്കേസിൽ ആരോപണവിധേയനാകുന്നത്. അതിന്റെ പേരിൽ ക്രൂശിക്കപ്പെട്ട അദ്ദേഹം ഒടുവിൽ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിക്കുകയും ചെയ്തു.

മാധവൻ അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'വിക്രം വേദാ' തമിഴ്‌നാട്ടിൽ എന്ന പോലെ കേരളത്തിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു