മുൻ ഐഎസ്ആർ ഉദ്യോഗസ്ഥൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മാധവനാണ് ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിക്കുന്നത്. മാധവൻ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

നരച്ച താടിയും മുടിയുമായിട്ടാണ് നമ്പി നാരായണനുമായി സാമ്യം പുലർത്തിയാണ് മാധവന്റെ ലുക്ക്. നമ്പി നാരായണന്റെ 25 വയസു മുതൽ 75 വയസ് വരെയുള്ള ജീവിതമാണ് സിനിമയിൽ പറയുന്നത്. ചാരക്കേസും സിനിമയ്ക്ക് വിഷയമാകും. റെഡി ടു ഫയർ: ഹൗ ഇന്ത്യ ആൻഡ് ഐ സർവൈവ്ഡ് ദ ഐഎസ്ആർ സ്‌പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നതും.

കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപിംകോടതി വിധിച്ചിരിക്കുന്നു. സർക്കാർ നഷ്ടപരിഹാരം കൈമാറുകയും ചെയ്തിരുന്നു.ആനന്ദ് മഹാദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ സഹസംവിധായകനായി ചിത്രത്തിന്റെ അണിയറയിലുമുണ്ടാകും. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രം പ്രദർശനത്തിലെത്തിക്കുക.