മാതുവിനെ ഓർമയില്ലേ. അമരത്തിലെ അച്ചൂട്ടിയുടെ പ്രിയപ്പെട്ട മകൾ മുത്തിനെ. അമരം എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ 'മുത്ത്' ആയി മാറിയ തെലുങ്ക് നായിക മാതു. ഒരു കാലത്ത് മലയാളത്തിൽ നായികയായി തിളങ്ങി നിന്ന മാതു ഇപ്പോൾ പൂർണമായും വെള്ളിവെളിച്ചത്തിൽനിന്ന് അകന്നാണ് കഴിയുന്നത്. അമേരിക്കയിൽ മക്കളും അച്ഛനും അമ്മയ്ക്കും ഒപ്പം കഴിയുകയാണ്.

1999 ൽ അമേരിക്കയിൽ സെറ്റിൽഡ് ആയ ഡോ. ജാക്കോബിനെ വിവാഹം കഴിക്കുന്നതുവരെ മാതു സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. പ്രണയിച്ചയാളെ സ്വന്തമാക്കാൻവേണ്ടി മാതുവിന്റെ ജീവിതത്തിൽ സംഭവിച്ചത് പക്ഷേ നല്ല കാര്യങ്ങളായിരുന്നില്ല.

പതിനഞ്ചു വർഷം മുമ്പ്് ഡോ. ജേക്കബിനെ വിവാഹം ചെയ്ത മാതു അമേരിക്കയിലേക്ക് പറന്നു. എന്നാൽ, 2012ൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വിവാഹമോചനത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതാണ് വേർപിരിയാനുള്ള കാരണമെന്നാണ് നടി പറയുന്നത്. വിവാഹമോചിതയായശേഷം മാതു അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു. 12, 9 ഉം വയസ്സുള്ള മക്കൾക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോർക്കിൽ തന്നെയാണ് ഇപ്പോഴും മാതു.

തമിഴ്‌നാട്ടിൽ ജനിച്ച മാതു കന്നട സിനിമകളിൽ ബാലതാരമായിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാതുവായി മാറുകയായിരുന്നു. അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന മാതുവിന്റെ കഥാപാത്രം.

മമ്മൂട്ടി (കുട്ടേട്ടൻ, അമരം) മോഹൻലാൽ (സദയം), സുരേഷ് ഗോപി (ഏകലവ്യൻ), ജയറാം (സന്ദേശം, ആയുഷ്‌കാലം), മുകേഷ് (വാരഫലം, മലപ്പുറം ഹാജി മഹാനായ ജോജി, മാട്ടുപ്പട്ടി മച്ചാൻ) എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പമൊക്കെ മാതു വേഷമിട്ടു.

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതമാണ് മാതു. നല്ല അവസരങ്ങൾ കിട്ടുമെങ്കിൽ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുമെന്നാണ് മാതു പറയുന്നത്. അമേരിക്കയിലായതുകൊണ്ട് തല്ക്കാലം സിനിമയിൽ അഭിനയിക്കാൻ പറ്റില്ല. എങ്കിലും ഒരിക്കൽ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് മാതു പറയുന്നു.