കൊച്ചി: ജനം ചാനലിൽ ജോലിക്കാരൻ പോലുമല്ലാത്ത തന്നെ തന്നെ ആ ചാനലിൽ നിന്ന് പുരതാക്കുന്നതെങ്ങനെയെന്നു നടനും സംവിധായകനുമായ മധുപാൽ. അങ്ങനെ അവർ പുറത്താക്കാനുള്ള രീതിയിലല്ല താൻ ജനം ടിവിക്ക് വേണ്ടി പ്രോഗ്രാം ചെയ്തുകൊണ്ടിരുന്നതെന്നും അങ്ങനെ ആർക്കും പുറത്താക്കാൻ പറ്റില്ലെന്നും മധുപാൽ മറുനാടൻ മലയാളിയോടു പറഞ്ഞു.

ജനം ടിവി മേധാവിയായ രാജേഷ് പിള്ള നേരിട്ട് വിളിച്ചു ചാനലിൽ പ്രോഗ്രാം ചെയ്യണമെന്നു ക്ഷണിച്ചതു കൊണ്ടാണ് താൻ അകം പൊരുൾ എന്ന പ്രോഗ്രാം ചെയ്യാൻ ജനം ടിവിയിൽ എത്തിയത്. പക്ഷെ ആരും പ്രോഗ്രാം ഇനി ചെയ്യണ്ട എന്നും തന്നെ ഒഴിവാക്കി എന്നും ജനം ചാനലിൽ നിന്ന് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്നു മധുപാൽ പറഞ്ഞു.

രാജേഷ് പിള്ള അടക്കമുള്ള മേധാവികളിൽ ആരും തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ല. അതേസമയം, വാർത്തയിൽ പരാമർശിക്കുന്ന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നുവെന്നു മധുപാൽ വ്യക്തമാക്കി.

ഇടതുപക്ഷ അനുഭാവമുള്ള സാംസ്‌കാരിക സംഘടന തിരുവനന്തപുരത്ത് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ ചലച്ചിത്ര പ്രവർത്തകൻ കൂടിയായ മധുപാലിനെയും ക്ഷണിച്ചിരുന്നു. മധുപാൽ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. പരിപാടിക്കിടെ ഫാസിസ്റ്റു ചിന്താഗതികൾക്കെതിരെ കലമുടയ്ക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. പ്രതീകാത്മകമായി ഫാസിസത്തെ എറിഞ്ഞുടയ്ക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതിനായി തയാറാക്കിയ കലത്തിന്റെ ഒരു വശത്ത് മോദിയുടെ പടവും മറുവശത്ത് ഹിറ്റ്‌ലറുടെ പടവുമായിരുന്നു ഉണ്ടായിരുന്നത്. ഈ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ മധുപാലും കലമെറിഞ്ഞുടച്ചു.

പിറ്റേദിവസത്തെ പത്രത്തിൽ ചടങ്ങുസംബന്ധിച്ച വാർത്ത വന്നിരുന്നു. ഇതിനുശേഷം ഇതുകണ്ട് പ്രകോപിതരായ ആർഎസ്എസ് അനുഭാവികൾ ജനം ടി.വി മേധാവിയായ രാജേഷ് പിള്ളയെ വിളിച്ച് പ്രതിഷേധം അറിയിച്ചു. മധുപാലിനെ അകംപൊരുൾ പരിപാടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അതെത്തുടർന്നാണ് പരിപാടിയിൽ നിന്ന് മധുപാലിനെ ഒഴിവാക്കിയത് എന്ന വാർത്ത ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ ഇന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു മധുപാലിന്റെ പ്രതികരണം.

ഫാസിസ്റ്റ് ചിന്തകൾക്കു താൻ എതിരാണെന്നു മധുപാൽ പറഞ്ഞു. ജനം ടിവിയിൽ താൻ ചെയ്ത അകം പോരുൾ പ്രോഗ്രാം നല്ല നിലവാരം പുലർത്തിയിരുന്നതിനാൽ ചാനലിലെ മറ്റു പ്രോഗ്രാമുകളെക്കൾ മികച്ച ബ്രാൻഡിങ് ലഭിച്ചിരുന്നതായി മധുപാൽ പറയുന്നു. സമൂഹത്തിന്റെ എല്ലാ കോണിൽ നിന്നും പരിപാടിയെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ ആണ് തനിക്കു ലഭിച്ചത്. പ്രോഗ്രാമിൽ താൻ അഭിമുഖം നടത്തിയ എല്ലാവരും തന്നോട് ഇപ്പോഴും പരിപാടിയുടെ നിലവാരത്തെക്കുറിച്ചു പറയാറുണ്ടെന്നും മധുപാൽ പറഞ്ഞു. നാളെ ഞാൻ വരുന്നില്ല എന്ന് പറഞ്ഞാൽ വരുന്നില്ല എന്ന കരാർ അല്ലാതെ വേറെ ഒരു ധാരണയും പ്രോഗ്രാമുമായി സംബന്ധിച്ചു ചാനലുമായി ഇല്ലെന്നും താൻ അവിടുത്തെ സ്റ്റാഫ് അല്ലെന്നും അവതാരകൻ മാത്രമാണെന്നും മധുപാൽ പറഞ്ഞു. ചാനലിലെ ജോലിക്കാരൻ അല്ലാത്ത തന്നെ എങ്ങനെ പുറത്താക്കുമെന്നും മധുപാൽ ചോദിക്കുന്നു.

പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആയതിനാൽ ടെലിവിഷൻ പരിപാടികളിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഇക്കാര്യം മറ്റു വിഷയങ്ങളുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും മധുപാൽ പറഞ്ഞു.