മധുര: വാക്സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മധുര ജില്ലാ ഭരണകൂടം. ഒരാഴ്ചയ്ക്കു ശേഷം പുതിയ ചട്ടം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കലക്ടർ അനീഷ് ശേഖർ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. അല്ലാത്തവർക്കു പൊതു ഇടങ്ങളിൽ പ്രവേശനം വിലക്കും. ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാവും പ്രവേശനം നൽകുക. ഹോട്ടലുകൾ, മാളുകൾ, ബാറുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവാഹ ഓഡിറ്റോറിയങ്ങൾ, തീയറ്ററുകൾ, മദ്യ വിൽപ്പന ശാലകൾ തുടങ്ങിയവയിൽ എല്ലാം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.

മധുരയിൽ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത മൂന്നു ലക്ഷം പേർ ഉണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു. 71.6 ശതമാനം പേർ ആ്ദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 32.8 ശതമാനം പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്- കലക്ടർ അറിയിച്ചു.