- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ബാധ്യതയില്ല, അസുഖങ്ങളില്ല, ജീവിത പ്രാരബ്ധങ്ങളില്ല പിന്നെന്തിന് ഭർത്താവ് ആത്മഹത്യ ചെയ്യണം: സിപിഐയുടെ പന്തളം തെക്കേക്കര പഞ്ചായത്ത് അംഗം മധുസൂദനന്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ഭാര്യ മണി: മൃതദേഹം കണ്ടത് ട്രെയിനിടിച്ച് ചിന്നിച്ചിതറിയ നിലയിൽ: മരിച്ചത് മധുവാണെന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ ഫ്ളക്സ് അടിച്ചു വച്ച പാർട്ടിക്കാരുടെ നടപടിയും ദുരൂഹമെന്ന് ബന്ധുക്കൾ
പത്തനംതിട്ട: സിപിഐക്കാരനായ പഞ്ചായത്തംഗത്തിന്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ഭാര്യയും ബന്ധുക്കളും. സിപിഐ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി അവർ പ്രക്ഷോഭത്തിന് തയ്യാറെടുക്കുമ്പോൾ തങ്ങൾക്കുള്ള സംശയം അക്കമിട്ടു നിരത്തുകയും ചെയ്യുന്നു. പന്തളം തെക്കേക്കര പഞ്ചായത്ത് 12-ാം വാർഡ് അംഗം മധുസൂദനന്റെ മരണമാണ് വിവാദമായിരിക്കുന്നത്. മാർച്ച് നാലിന് കാണാതായ മധു പിറ്റേന്ന് തന്നെ ഇടപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിയമസഭയിൽ അടക്കം വിഷയം ഉന്നയിക്കപ്പെട്ടതോടെ അടൂർ ഡിവൈ.എസ്‌പി ആർ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കപ്പെട്ടു. മാർച്ച് 17 നാണ് മധുവിന്റെ മൃതദേഹം തിരിച്ചറിയുന്നത്. മധുവിനെ കാണാതായതിനും മൃതദേഹം തിരിച്ചറിഞ്ഞതിനും ശേഷം സിപിഐ നേതാക്കളും പ്രവർത്തകരും കൈക്കൊണ്ട ചില നടപടികളാണ് ഭാര്യ മണിക്കും ബന്ധുക്കൾക്കും സംശയത്തിന് ഇട നൽകിയിരിക്കുന്നത്. പട്ടികജാതി സംവരണ വാർഡിൽ നിന്നുമാണ് മധു വിജയിച്ചത്. യാതൊരു വിധ
പത്തനംതിട്ട: സിപിഐക്കാരനായ പഞ്ചായത്തംഗത്തിന്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ഭാര്യയും ബന്ധുക്കളും. സിപിഐ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി അവർ പ്രക്ഷോഭത്തിന് തയ്യാറെടുക്കുമ്പോൾ തങ്ങൾക്കുള്ള സംശയം അക്കമിട്ടു നിരത്തുകയും ചെയ്യുന്നു.
പന്തളം തെക്കേക്കര പഞ്ചായത്ത് 12-ാം വാർഡ് അംഗം മധുസൂദനന്റെ മരണമാണ് വിവാദമായിരിക്കുന്നത്. മാർച്ച് നാലിന് കാണാതായ മധു പിറ്റേന്ന് തന്നെ ഇടപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിയമസഭയിൽ അടക്കം വിഷയം ഉന്നയിക്കപ്പെട്ടതോടെ അടൂർ ഡിവൈ.എസ്‌പി ആർ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കപ്പെട്ടു.
മാർച്ച് 17 നാണ് മധുവിന്റെ മൃതദേഹം തിരിച്ചറിയുന്നത്. മധുവിനെ കാണാതായതിനും മൃതദേഹം തിരിച്ചറിഞ്ഞതിനും ശേഷം സിപിഐ നേതാക്കളും പ്രവർത്തകരും കൈക്കൊണ്ട ചില നടപടികളാണ് ഭാര്യ മണിക്കും ബന്ധുക്കൾക്കും സംശയത്തിന് ഇട നൽകിയിരിക്കുന്നത്. പട്ടികജാതി സംവരണ വാർഡിൽ നിന്നുമാണ് മധു വിജയിച്ചത്. യാതൊരു വിധ സാമ്പത്തിക ബാധ്യതയും മാനസിക പ്രയാസവും മധുവിന് ഇല്ലായിരുന്നു. മാർച്ച് നാലിന് പുറത്തേക്ക് പോയിട്ടുവരാം എന്നുപറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് മണി പറഞ്ഞു. രാത്രി വൈകിയും കാണാതിരുന്നപ്പോൾ കൊടുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അൽപ്പം കൂടി കാത്തിരിക്കാം എന്ന് പറഞ്ഞ പൊലീസ് ആദ്യം പരാതി സ്വീകരിച്ചില്ല. ആറിന് സിപിഐ ലോക്കൽ സെക്രട്ടറിയുടെ അനുവാദം ചോദിച്ച ശേഷമാണ് കൊടുമൺ പൊലീസ് തന്റെ മൊഴിയെടുക്കാൻ തയാറായതെന്ന് മണി പറയുന്നു. എന്നിട്ടും തുടരന്വേഷണം കാര്യക്ഷമമായി നടന്നില്ല.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെപ്പറ്റി വിവരമറിയാതിരുന്നതിനെ തുടർന്ന് എംഎൽഎ, സംസ്ഥാന പൊലീസ് മേധാവി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി സമർപ്പിച്ചു. എന്നാൽ യാതൊരു നീതിയും ലഭിച്ചില്ല. മാർച്ച് 17 ന് രാവിലെ 6.30 ന് സിപിഐ ലോക്കൽ സെക്രട്ടറിയാണ് മധുസൂദനന്റെ മരണത്തെപ്പറ്റി ആദ്യം വിവരം നൽകിയത്. 150 കി.മീറ്റർ അകലെ ഇടപ്പള്ളി റെയിൽവേ ട്രാക്കിന് സമീപം മധുസൂദനന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും കൈപ്പറ്റാൻ പോകണമെന്നുമായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. ലോക്കൽ സെക്രട്ടറിക്കൊപ്പം എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിൽ എത്തി അതിനു ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും മധുസൂദനന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ധൃതി പിടിച്ച് അടക്കം ചെയ്യുകയായിരുന്നു.
മധുസൂദനന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ നിരവധി കാരണങ്ങൾ ഉണ്ടെന്ന് മണി പറയുന്നു. നിലവിൽ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും മധുസൂദനന് ഉണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതയില്ല. അസുഖങ്ങളോ മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കുട്ടികൾ ഇല്ലാത്തത് ഒരു കുറവായി മധുസൂദനന് ഒരിക്കലും തോന്നിയിരുന്നില്ല. മൃതദേഹത്തിൽ ഷർട്ടും മുണ്ടും ഉണ്ടായിരുന്നെങ്കിലും അടിവസ്ത്രം ഇല്ലാതിരുന്നതാണ് സംശയം തോന്നാൻ മറ്റൊരു കാരണം. മധുസൂദനനെ കാണാതായ ദിവസം ഒരു പാർട്ടി പ്രവർത്തകനുമായി അടൂർ, പറന്തൽ എന്നിവിടങ്ങളിൽ മധുസൂദനൻ സംസാരിച്ചു നിൽക്കുന്നത് പലരും കണ്ടിരുന്നു. മൃതദേഹം കണ്ടെത്തിയശേഷം ഉടൻ ദഹിപ്പിക്കണമെന്നുള്ള ചില പാർട്ടി പ്രവർത്തകരുടെ ആവശ്യം ദൂരൂഹമാണ്.
മൃതദേഹം മധുസൂദനന്റെയാണോ എന്ന് തീർച്ചയാകാത്ത സാഹചര്യത്തിൽ ചില പാർട്ടി പ്രവർത്തകർ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതും സംശയത്തിന് ഇട നൽകുന്നു. മധുസൂദനന്റെ മരണം സംബന്ധിച്ച് മണി ഉന്നയിച്ച സംശയങ്ങൾ ഒന്നും മുഖവിലയ്ക്കെടുക്കാൻ കൊടുമൺ പൊലീസ് തയാറാകാത്തത് എന്തു കൊണ്ടാണെന്ന കാര്യം വ്യക്തമല്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതി കണക്കാക്കാതെയാണ് അടൂർ ഡിവൈഎസ്‌പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
കുടുംബപ്രശ്നമോ സാമ്പത്തിക പരാധീനതയോ ആകാം മധൂസൂദനന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആരുടെയോ സ്വാധീനത്തിന് വഴങ്ങിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ഇവർ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നാണ് മണിയും ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ആവശ്യപ്പെടുന്നത്.